ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത്; ഇന്ത്യയുടെ സ്ഥാനം എത്രയെന്നറിയാം...
text_fieldsലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടു അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ്. പട്ടികയിൽ യു.എസ് ഒന്നാം സ്ഥാനത്തും ചൈന രണ്ടാംസ്ഥാനത്തും ഇടം പിടിച്ചു. പത്താം സ്ഥാനത്ത് ഇസ്രായേലാണ്. എന്നാൽ ആദ്യ പത്തിൽ ഇന്ത്യക്ക് സ്ഥാനം ഉറപ്പിക്കാനായില്ല. പട്ടികയിൽ 12ാം സ്ഥാനത്താണ് ഇന്ത്യ.
നേതൃത്വം, സാമ്പത്തിക സ്വാധീനം, രാഷ്ട്രീയ ശക്തി, അന്താരാഷ്ട്ര സഖ്യങ്ങൾ, സൈനിക ശക്തി എന്നിങ്ങനെ അഞ്ച് നിർണായക ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. രാജ്യത്തിൻ്റെ നേതൃത്വം എത്രത്തോളം ഫലപ്രദമാണെന്നും അവർക്ക് ലോകതലത്തിലെ തീരുമാനങ്ങളെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുമെന്നത് റാങ്കിങ്ങിലെ പ്രധാന ഘടകമാണ്. രാഷ്ട്രത്തിൻ്റെ സാമ്പത്തിക ശക്തി ആഗോളതലത്തിൽ എത്ര വലിയ സ്വാധീനം ചെലുത്തുന്നു എന്നുതും പട്ടികതയാറാക്കാൻ കണക്കിലെടുത്തിട്ടുണ്ട്.
ഇന്ത്യയുടെ ആഗോള നിലവാരം ഉയരുന്നുണ്ടെങ്കിലും, നിലവിലെ അന്താരാഷ്ട്ര സ്വാധീനം, രാഷ്ട്രീയ വെല്ലുവിളികൾ, പ്രാദേശിക സംഘർഷങ്ങൾ എന്നിവ പട്ടികയിലെ സ്ഥാന താഴ്ചയിലേക്ക് നയിക്കാൻ കാരണമായിയെന്ന് കണക്കാക്കുന്നു.
യു.എസ്, ചൈന, റഷ്യ, യു.കെ, ജർമനി, ദക്ഷിണകൊറിയ, ഫ്രാൻസ്, ജപ്പാൻ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവയാണ് ലോകത്തിലെ ശക്തമായ രാജ്യങ്ങളിലെ ആദ്യ പത്ത് സ്ഥാനക്കാർ. 30.34 ട്രില്യൺ ഡോളറിൻ്റെ ജി.ഡി.പിയുമായാണ് യു.എസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ചൈനയുടെ ജി.ഡി.പി 19.53 ട്രില്യൺ ഡോളറാണ്.
ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും അജയ്യമായ സൈനിക ശക്തിയും വിദേശ സഖ്യങ്ങളുടെ ഏറ്റവും വലിയ ശൃംഖലയുമുള്ള രാജ്യമായി യു.എസ് പരിഗണിക്കപ്പെടുന്നു. 141.9 കോടി ജനസംഖ്യയുള്ള ചൈന്നക്ക് വലിയ സാമ്പത്തിക ശക്തിയും സൈനിക ശക്തിയും ഉണ്ട്. ആഗോളതലത്തിൽ സാമ്പത്തികമായി കൂടുതൽ ആധിപത്യം പുലർത്തുന്നാനും കഴിയുന്നു.
റഷ്യയുടെ സൈനിക ശക്തി അതിനെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ രാജ്യമാക്കി മാറ്റുന്നു. ആഗോള സുരക്ഷാ കാര്യങ്ങളിലും, ആഗോള അധികാര രാഷ്ട്രീയത്തിൽ ജിയോപൊളിറ്റിക്കൽ സംഭവങ്ങളിലും റഷ്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. യൂറോപ്പിൻ്റെ സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും യു.കെയും ജർമനിയും ലോകശക്തികളാണ്.
ദക്ഷിണകൊറിയ, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് ശക്തമായ പ്രാദേശിക സ്വാധീനമുണ്ട്, കൂടാതെ അന്താരാഷ്ട്ര വ്യാപാരം, വിദേശനയം, സുരക്ഷ എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്നു. 1.14 ട്രില്യൺ ഡോളർ ജി.ഡി.പിയുമായി സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണ്. മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ സഖ്യങ്ങളും സൈനിക സാന്നിധ്യവും ലോക ഭൗമരാഷ്ട്രീയത്തിൽ സൗദിയുടെ സ്ഥാനം ഉറപ്പ് നൽകുന്നു. 550.91 ബില്യൺ ഡോളറിൻ്റെ സമ്പദ്‌വ്യവസ്ഥയുള്ള ഇസ്രായേൽ സൈനിക ശക്തി, സാങ്കേതിക ഗവേഷണ മുന്നേറ്റങ്ങൾ എന്നിവ കണക്കാക്കി പത്താം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

