ഏഷ്യയിലെ ആ ‘സൂപ്പർ കൂൾ’ നഗരമേത്? ലോകത്തെ മികച്ച 50 നഗരങ്ങളുടെ പട്ടിക പുറത്ത്
text_fieldsബാങ്കോക്ക്: അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട 2026-ലെ ലോകത്തെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ ആഗോള പട്ടികയിൽ തായ്‌ലൻഡിലെ ചരിത്ര നഗരമായ ചിയാങ് മായിയും ഇടംപിടിച്ചു. ആഗോളതലത്തിൽ 24,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ലോകറാങ്കിങ്ങിൽ 32-ാം സ്ഥാനത്തുള്ള ചിയാങ് മായി, ഏഷ്യയിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ഇടംപിടിച്ചിരിക്കുന്നത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള നിർമിതികളും ആധുനിക കോഫി ലാബുകളും കലാ സാംസ്‌കാരിക കേന്ദ്രങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ചിയാങ് മായിയുടെ തനിമയാണ് നഗരത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. തനത് വടക്കൻ തായ് വിഭവങ്ങൾ മുതൽ അന്താരാഷ്ട്ര രുചികൾ വരെ ലഭ്യമാകുന്ന മികച്ച ഭക്ഷണശാലകളും, ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ, വന്യജീവി സംരക്ഷണം തുടങ്ങിയ സാഹസിക വിനോദസഞ്ചാര സാധ്യതകളും നഗരത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.
ചിയാങ് മായിയിലെ 76 ശതമാനം ആളുകളും നഗരത്തോട് തങ്ങൾക്ക് വലിയ ആത്മബന്ധമുണ്ടെന്നാണ് സർവേയിൽ രേഖപ്പെടുത്തിയത്. സൗഹൃദപരവും ശാന്തവുമായ അന്തരീക്ഷമാണ് നഗരത്തിന്റേതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. യുനെസ്കോയുടെ ലോക പൈതൃക പദവിക്കായുള്ള ശ്രമങ്ങളും പുതിയ സാംസ്കാരിക പദ്ധതികളും ചിയാങ് മായിക്ക് ഈ വർഷം കൂടുതൽ തിളക്കം നൽകുന്നുണ്ട്. അതേസമയം, തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കും ആഗോള പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടിയിട്ടുണ്ട്. ഏഷ്യയിൽ രണ്ടാം സ്ഥാനത്താണ് ബാങ്കോക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

