‘എപ്സ്റ്റീൻ’ കൊടുങ്കാറ്റിൽ ഉലഞ്ഞ് ലോക രാഷ്ട്രീയം; ഇന്ത്യയും
text_fieldsഅനിൽ അംബാനി, മന്ത്രി ഹർദീപ് സിങ് പുരി
30 ലക്ഷത്തിലധികം പേജുള്ള രേഖകൾ അടങ്ങുന്ന എപ്സ്റ്റീൻ ഫയലുകൾ കഴിഞ്ഞ ദിവസമാണ് യു.എസ് അധികൃതർ പുറത്തുവിട്ടത്. രേഖകൾ പുറത്തുവിടാമെന്ന്, ട്രംപ് ഭരണകൂടം പാസാക്കിയ നിയമം അനുസരിച്ചാണ് ഈ വൻ ശേഖരം ലോകമറിഞ്ഞത്.
പുതിയ വെളിപ്പെടുത്തലുകൾ
എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുറത്തുവിട്ട രേഖകളിൽ കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങൾ മുതൽ യു.കെ, ആസ്ട്രേലിയ, നോർവേ, ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നതരുമായി പല ഇടപാടുകളും നടത്തിയെന്ന വിവരങ്ങൾ വരെ പുറത്തുവന്നു.
ഇന്ത്യൻ കണക്ഷൻ
റിലയൻസ് സഹോദരൻമാരിലൊരാളായ അനിൽ അംബാനിയുമായി എപ്സ്റ്റീൻ നടത്തിയ സംഭാഷണങ്ങളും പുറത്തുവിട്ടിട്ടുണ്ട്. 2008 ൽ ലൈംഗിക കുറ്റങ്ങൾ തെളിയിക്കപ്പെട്ട ശേഷമാണ് ഈ ആശയവിനിമയങ്ങൾ നടന്നിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള യു.എസ് അംബാസഡർമാരുമായുള്ള കാര്യങ്ങൾ, യു.എസ് ഉദ്യോഗസ്ഥരുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചർച്ച തുടങ്ങിയവയുമായി ബന്ധപ്പെട്ട ഇ-മെയിലുകളാണിവ. മോദിയുമായി അടുത്ത ബന്ധമുള്ള അനിൽ അംബാനിയുടെ പേര് എപ്സ്റ്റീൻ ടേപ്പിൽ വന്നിരിക്കുന്നത് ഇന്നിപ്പോൾ ദേശീയതലത്തിൽ വലിയ വിവാദമായിരികകുകയാണ്.
കൂടാതെ, 2017ൽ ട്രംപ് ആദ്യമായി യു.എസ് പ്രസിഡന്റായി അധികാരമേറ്റപ്പോൾ അനിൽ അംബാനി എപ്സ്റ്റീന് അയച്ച ഒരു മെയിലും ഇന്ത്യൻ ഉന്നത ഭരണനേതൃത്വത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. ട്രംപിന്റെ മരുമകൻ ജറാദ് കുഷ്നർ അടക്കമുള്ള അടുത്ത വൃത്തങ്ങളുമായി ബന്ധപ്പെടാൻ ‘നേതൃത്വം’ സഹായം ചോദിക്കുന്നുവെന്നാണ് അനിലിന്റെ മെയിലിൽ പറയുന്നത്. ട്രംപ്-മോദി കൂടിക്കാഴ്ചക്ക് അനിൽ എപ്സ്റ്റീനോട് അനുമതി ചോദിക്കുന്ന മെയിലും ഇതിലുണ്ട്. ഇതിനു പുറമെ, മോദിയുടെ ഇസ്രായേൽ സന്ദർശനക്കാര്യവും അതിൽ എപ്സ്റ്റീന്റെ സഹായവും ചോദിക്കുന്നതും രേഖകളിൽ പറയുന്നു. ഈ തീയതികളിൽ പ്രകാരം തന്നെയാണ് മോദിയുടെ യു.എസ്, ഇസ്രായേൽ സന്ദർശനങ്ങളെന്നതും ശ്രദ്ധേയമാണ്.
സന്ദർശനാനന്തരം എപ്സ്റ്റീൻ അനിലിന് അയച്ച മെയിലിൽ, ‘ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇസ്രായേലിൽ യു.എസ് പ്രസിഡന്റിന് അനുകൂലമായി ആടുകയും പാടുകയും ചെയ്തു’വെന്നും എഴുതിയിട്ടുണ്ട്. അനിൽ അംബാനിയുടെ ഉടമസ്ഥതയിൽ പൊടുന്നനെ സ്ഥാപിക്കപ്പെട്ട പ്രതിരോധ നിർമാണ കമ്പനി പിന്നീട് ഇസ്രായേലുമായി ചേർന്ന് ശതകോടികളുടെ ആയുധ നിർമാണ പങ്കാളിത്തം ഉണ്ടായതും ഇതോടൊപ്പം ഓർക്കാവുന്നതാണ് എന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. അനിലുമായി ഇതിലുമേറെ ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ മോദിയുടെ പേര് പരാമർശിക്കപ്പെട്ടതും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.
ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും
കേന്ദ്ര കാബിനറ്റ് മന്ത്രി ഹർദീപ് സിങ് പുരിയും എപ്സ്റ്റീൻ ഫയലിൽ ഉൾപ്പെട്ടതിന്റെ ഞെട്ടലിൽ ബി.ജെ.പി. ഇന്ത്യൻ വിദേശകാര്യ വകുപ്പിൽനിന്ന് വിരമിച്ച് 2014ൽ ബി.ജെ.പിയിൽ ചേർന്ന പുരിയുടെ പേരും ഫയലിൽ ഉൾപ്പെട്ടിട്ടുണ്ട്. ലിങ്ക്ഡ് ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാന്റെ ഇന്ത്യ സന്ദർശനത്തിന് ഒത്താശകൾ ചെയ്തുകൊടുക്കണമെന്ന ആവശ്യങ്ങളായിരുന്നു ആ കത്തിൽ. 2015ൽ രണ്ടു തവണ എപ്സ്റ്റീന്റെ മൻഹാട്ടൻ വസതിയിൽ പുരി സന്ദർശിച്ച വിവരങ്ങളുമുണ്ട്. അതേസമയം, സന്ദർശനങ്ങൾ തീർത്തും ബിസിനസ് പരമായിരുന്നുവെന്നാണ് പുരി പ്രതികരിച്ചത്. എപ്സ്റ്റിൻ രേഖകളിലെ മോദി പരാമർശം കേന്ദ്ര സർക്കാറും വൃത്തങ്ങൾ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഒരു കുറ്റവാളിയുടെ ഉഹാപോഹങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഈ ഗുരുതര വെളിപ്പെടുത്തലുകളിൽ മോദിതന്നെ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

