ലോക സർവമതസമ്മേളനത്തിന് സാദിഖലി തങ്ങൾ വത്തിക്കാനിൽ
text_fieldsവത്തിക്കാൻ സിറ്റി: 15 രാജ്യങ്ങളിൽനിന്നുള്ള വിവിധ മത പ്രതിനിധികൾ പങ്കെടുക്കുന്ന ലോക സർവമതസമ്മേളനത്തിനും ലോക മതപാർലമെന്റിനും ഇന്ന് വത്തിക്കാനിൽ തുടക്കമാകും. 100 വർഷം മുമ്പ് ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിലാണ് ത്രിദിന സമ്മേശനം നടക്കുന്നത്.
പരിപാടിക്ക് ഇന്ന് വൈകീട്ട് ഏഴുമണിക്ക് സ്നേഹ സംഗമത്തോടെ തുടക്കമാകും. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചുമതലകൾ നിർവഹിക്കുന്നത്.
നാളെ ഫ്രാൻസിസ് മാർപാപ്പ ആശീർവാദ പ്രഭാഷണം നിർവഹിക്കും. ചടങ്ങിൽ വിവിധ മതപ്രതിനിധികൾ സംബന്ധിക്കും. ഒന്നിന് ചേരുന്ന ലോക മതപാർലമെന്റിൽ ഇറ്റലിയിലെ ജനപ്രതിനിധികൾ പങ്കെടുക്കും. സമ്മേളനത്തിൽ പങ്കെടുക്കാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വത്തിക്കാനിലെത്തി.
ലോക ശ്രദ്ധയാകർഷിക്കുന്ന സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്ന സാദിഖലി ശിഹാബ് തങ്ങൾക്ക് മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആശംസകൾ നേർന്നു. ‘ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കാനായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വത്തിക്കാനിലെത്തി. ഫ്രാൻസിസ് മാർപ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്. ലോക ക്രിസ്തീയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വെളിച്ചമായ ഫ്രാൻസിസ് മാർപ്പാപ്പ പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി ആയിട്ടാണ് സാദിഖലി തങ്ങളെ ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ലോക ശ്രദ്ധയാകർഷിക്കുന്ന സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്ന പ്രിയപ്പെട്ട തങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു’ -കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.