ന്യൂയോർക് നശിപ്പിക്കാൻ ഈ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ അനുവദിക്കില്ല -സൊഹ്‌റാൻ മംദാനിക്കെതിരെ ട്രംപ്
text_fieldsന്യൂയോർക്: ഇന്ത്യൻ വംശജനായ മേയർ സ്ഥാനാർഥി സൊഹ്‌റാൻ മംദാനിയെ ‘കമ്മ്യൂണിസ്റ്റ് ഭ്രാന്തനെ’ന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ, മംദാനിയെ ന്യൂയോർക്ക് നഗരത്തെ ‘നശിപ്പിക്കാൻ’ അനുവദിക്കില്ലെന്നും എല്ലാ കാര്യങ്ങളും തന്‍റെ നിയന്ത്രണത്തിലാണെന്നും ട്രംപ് പറഞ്ഞു. ന്യൂയോർക് നഗരത്തെ താൻ രക്ഷിക്കുമെന്നും വീണ്ടും ‘ഹോട്ട്’ ആൻഡ് ‘ഗ്രേറ്റ്’ ആക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ 33കാരനായ സുഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്വോമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മത്സരത്തിൽ അട്ടിമറിച്ചത്. ഇതോടെയാണ് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള ന്യൂയോർക് നഗരത്തിൽ ആദ്യമായി മുസ്‍ലിം മേയർ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്. ഇതോടെ മംദാനിക്കുനേരെ കടുത്ത ആക്രമണമാണ് ട്രംപ് നടത്തുന്നത്. ഇടതുപക്ഷക്കാരനും ഫലസ്തീന്‍ അനുകൂല നിലപാടുള്ളയാളുമായ സുഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികർക്കും കനത്ത തിരിച്ചടിയാണ്.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സുഹ്‌റാൻ. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. 1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കാംപ്ലയിൽ ജനിച്ച മംദാനി ന്യൂയോർക് സിറ്റിയിലാണ് വളർന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി മുതിർന്ന സെനറ്റർ ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
ഇസ്രായേൽ-സയണിസ്റ്റ് അനുകൂലിയായ ന്യൂയോർക് മുൻ ഗവർണർ ആൻഡ്ര്യൂ ക്വോമോക്ക് പ്രൈമറിയിൽ അപ്രതീക്ഷിത തോൽവിയാണ് പിണഞ്ഞത്. 93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 43.5 ശതമാനം വോട്ടോടെയാണ് 33കാരനായ സുഹ്‌റാൻ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചത്. അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളെടുക്കും.
പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതിയിരുന്ന ആൻഡ്ര്യൂ ക്വോമോ ആഴ്ചകൾ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സക്കും ഇറാനും മേലുള്ള ഇസ്രായേൽ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു. തോൽവി അംഗീകരിച്ച ക്വോമോ, മംദാനിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

