ക്ലാസ് മുറി സ്ഫോടനം; അഫ്ഗാൻ വനിതകൾ പ്രതിഷേധിച്ചു, കൂടുതൽ സുരക്ഷ വേണമെന്ന് ആവശ്യം
text_fieldsകാബൂൾ: അഫ്‌ഗാനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം വനിതകൾ. 20 ഓളം സ്ത്രീകളാണ് ശനിയാഴ്ച ദഷ്തി ബാർച്ചി പ്രദേശത്ത് ഒത്തുകൂടിയത്. "ഹസാര വംശഹത്യ അവസാനിപ്പിക്കൂ" എന്നെഴുതിയ ബാനറുകളേന്തിയായിരുന്നു പ്രതിഷേധം. സുരക്ഷ ഉറപ്പാക്കി എന്ന് വാദിക്കുന്നവർക്ക് എന്തുകൊണ്ടാണ് വിദ്യാർഥിനികളെ ലക്ഷ്യമിട്ട് വന്ന അക്രമിയെ തടയാൻ കഴിയാത്തത് എന്ന് പ്രതിഷേധക്കാരിൽ ഒരാളായ ഫാത്തിമ മുഹമ്മദി ചോദിച്ചു. 45 മിനിറ്റോളം നീണ്ട പ്രതിഷേധം താലിബാൻ സുരക്ഷാസേന ഇടപെട്ട് അവസാനിപ്പിച്ചു.
വെള്ളിയാഴ്ചയാണ് കാബൂളിലെ ദശ്തെ ബർച്ചി പ്രദേശത്തുള്ള കാജ് എജ്യൂക്കേഷൻ സെന്ററിൽ ചാവേറാക്രമണം ഉണ്ടായത്. സംഭവത്തിൽ 19 വിദ്യാർഥികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സർവകലാശാല പ്രവേശന പരീക്ഷയ്ക്കായി പരിശീലിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളായിരുന്നു കെട്ടിടത്തിലുണ്ടായിരുന്നത്. അക്രമത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
അഫ്ഗാനിസ്താനിലെ ന്യൂനപക്ഷമായ ഷിയാ സമുദായത്തിൽപ്പെട്ട ഹസാര വീഭാഗക്കാർ തങ്ങി പാർക്കുന്ന പ്രദേശമാണ് ദശ്തെ ബർച്ചി. ദശ്തെ ബർച്ചിയിലും മറ്റ് ഷിയാ പ്രദേശങ്ങളിലുമുള്ള സ്കൂളുകൾക്കും ആശുപത്രികൾക്കും പള്ളികൾക്കും നേരെ ഐ.എസ് നേരത്തെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. 2020ൽ ദശ്തെ ബർച്ചിയിലെ ആശുപത്രിയിൽ ഐ.എസ് നടത്തിയ ആക്രമണത്തിൽ അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെടെ 24 പേർ മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

