Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സൈന്യത്തിന്റെ പെൺകരുത്ത്: യു.എൻ ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം മേജർ അഭിലാഷ ബരാകിന്

text_fields
bookmark_border
ഇന്ത്യൻ സൈന്യത്തിന്റെ പെൺകരുത്ത്: യു.എൻ ജെൻഡർ അഡ്വക്കേറ്റ് പുരസ്കാരം മേജർ അഭിലാഷ ബരാകിന്
cancel

ഐക്യരാഷ്ട്രസഭയുടെ 2025-ലെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡിന് ഇന്ത്യൻ ആർമി ഓഫീസർ മേജർ അഭിലാഷ ബരാക് അർഹയായി.ലെബനനിലെ യു.എൻ സമാധാന ദൗത്യത്തിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. മേയ് 29-ന് യു.എൻ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യു.എൻ സമാധാനപാലക ദിന ചടങ്ങിൽ വെച്ച് ഈ പുരസ്കാരം ഔദ്യോഗികമായി സമ്മാനിക്കും.

നിലവിൽ ലെബനനിലെ യു.എൻ ഇടക്കാല സമാധാന ദൗത്യത്തിൽ ഇന്ത്യൻ ബറ്റാലിയനിലെ ഫീമെയിൽ എൻഗേജ്മെന്റ് ടീം കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് മേജർ അഭിലാഷ.യുദ്ധവും സംഘർഷങ്ങളും കലുഷിതമാക്കിയ പ്രദേശങ്ങളിലെ പ്രാദേശിക സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും അവരുടെ ശാക്തീകരണത്തിനുമായി നിരവധി പദ്ധതികൾ മേജർ അഭിലാഷയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കപ്പെട്ടിരുന്നു.

പ്രാദേശിക സ്ത്രീകളുമായി ആശയവിനിമയം നടത്തുക, അവരുടെ പ്രശ്നങ്ങൾ മനസിലാക്കുക, വനിതാ സുരക്ഷയും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ മേഖലകളിൽ അവർ നിർണായക പങ്കുവഹിച്ചു. സമാധാന സേനാംഗങ്ങൾക്ക് ലിംഗസമത്വ അവബോധ പരിശീലനവും അവർ നൽകിയിരുന്നു.

ഹരിയാന സ്വദേശിയായ മേജർ അഭിലാഷ ബരാക് ഇന്ത്യൻ സായുധ സേനയിൽ ഇതിനകം തന്നെ ചരിത്രം സൃഷ്ടിച്ച വ്യക്തിത്വമാണ്. 2022 മേയ് മാസത്തിൽ ഇന്ത്യൻ ആർമി ഏവിയേഷൻ കോർപ്സിന്റെ ആദ്യത്തെ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റായി ചുമതലയേറ്റ് രാജ്യത്തിന്റെ ചരിത്രത്തിൽ ഇടം നേടിയിരുന്നു. അച്ഛൻ കേണൽ ഓം പ്രകാശിന്റെ വഴി പിന്തുടർന്നാണ് അഭിലാഷ സൈന്യത്തിൽ എത്തിയത്.

ഈ പുരസ്കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ സമാധാനപാലകയാണ് അഭിലാഷ ബരാക്. സമാധാന ദൗത്യങ്ങളിൽ ലിംഗസമത്വം ഉറപ്പാക്കുന്നതിനായി 2016-ലാണ് യു.എൻ ഈ അവാർഡ് ഏർപ്പെടുത്തിയത്. മേജർ സുമൻ ഗവാനി (2019- സൗത്ത് സുഡാൻ ദൗത്യം), മേജർ രാധിക സെൻ (2023 - കോംഗോ ദൗത്യം) എന്നിവരാണ് മുമ്പ് ഈ പുരസ്കാരം ലഭിച്ച ഇന്ത്യൻ സൈനികർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Women Power of the Indian Army: Major Abhilasha Barak wins UN Gender Advocate Award"
Next Story