സംസ്കാരചടങ്ങിനിടെ ശവപ്പെട്ടിയിൽ 'മുട്ടി വിളിച്ച' 76കാരി ഒരാഴ്ച കഴിഞ്ഞ് അന്തരിച്ചു
text_fieldsക്വിറ്റോ: ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ശവപ്പെട്ടിയിലടച്ച് അഞ്ചുമണിക്കൂർ കഴിഞ്ഞ് ജീവനോടെ എഴുന്നേറ്റ എക്വഡോർ സ്വദേശി ബെല്ല മൊൺടോയ മരിച്ചു. ഒരാഴ്ച കഴിഞ്ഞ് പക്ഷാഘാതം വന്നാണ് 76 കാരിയായ ബെല്ല മരിച്ചത്. സ്ട്രോക്ക് വന്ന തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴായിരുന്നു മരണം. ഇത്തവണ ബെല്ല ശരിക്കും മരിച്ചതായി എക്വഡോർ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ജൂൺ ഒമ്പതിനാണ് ബെല്ല ആദ്യം മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മകൻ ബബാഹോയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതമുണ്ടായി. രണ്ടുമണിക്കൂർ കഴിഞ്ഞ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മരണസർട്ടിഫിക്കറ്റും നൽകി. തുടർന്ന് മൃതദേഹം ശവപ്പെട്ടിയിലാക്കി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.
ശവപ്പെട്ടിയുടെ മൂടിയിൽ തുടർച്ചയായുള്ള മുട്ടുകേട്ട് ആളുകൾ അമ്പരന്നു പോയി. പെട്ടി തുറന്നുനോക്കിയപ്പോൾ മരിച്ചെന്നു വിധിയെഴുതിയ ബെല്ല ശവപ്പെട്ടിയിൽ എഴുന്നേറ്റിരിക്കുന്നു. ഏതാണ്ട് അഞ്ചുമണിക്കൂർ ബെല്ല ശവപ്പെട്ടിയിൽ കിടന്നിട്ടുണ്ടാകും.
തുടർന്ന് അവരെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി. ബെല്ലയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർക്കെതിരെ പരാതി നൽകിയിരിക്കുകയാണ് ബന്ധുക്കൾ. ഉയിർത്തെഴുന്നേൽപ് എന്നായിരുന്നു ബെല്ലയുടെ തിരിച്ചുവരവിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. ജൂൺ 16നാണ് ബെല്ല അന്തരിച്ചത്. തുടർന്ന് മൃതദേഹം ഒരാഴ്ച മുമ്പ് അടക്കാൻ തീരുമാനിച്ച അതേ സെമിത്തേരിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

