യു.എസിൽ രണ്ട് ഇസ്രായേലി എംബസി ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു
text_fieldsകൊല്ലപ്പെട്ട സാറ മിൽഗ്രിം,
യാരോൺ ലിസ്ചിൻസ്കി
വാഷിങ്ടൺ ഡി.സി: യു.എസിലെ ഇസ്രായേൽ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്നു. യു.എസ് സമയം ബുധനാഴ്ച രാത്രിയാണ് സംഭവം. വാഷിങ്ടൺ ഡി.സിയിലെ കാപിറ്റൽ ജൂത മ്യൂസിയത്തിന് സമീപത്തുവെച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നിൽ രണ്ടുപേരാണെന്നാണ് നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാൾ പിടിയിലായതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂത സമൂഹത്തിന് നേരെയുള്ള അതിക്രമങ്ങൾ പരിധിവിടുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ പറഞ്ഞു. അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ യു.എസ് കടുത്ത നടപടിയെടുക്കുമെന്ന് ഉറപ്പാണ്. ലോകത്തെവിടെയുമുള്ള സ്വന്തം പൗരന്മാരെയും പ്രതിനിധികളെയും സംരക്ഷിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധരാണെന്നും ഡാനി ഡാനോൺ പറഞ്ഞു.
അമേരിക്കയിലെ ജൂത കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പുറത്ത് വെടിവെപ്പുണ്ടായതെന്ന് സംഘാടകർ പറഞ്ഞു. എഫ്.ബി.ഐയുടെ വാഷിങ്ടൺ ഡി.സി ഓഫിസിന് സമീപത്താണ് അക്രമമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

