36 മണിക്കൂറിനുള്ളിൽ ഇന്ത്യ ആക്രമിക്കുമെന്ന് വിവരം ലഭിച്ചുവെന്ന് പാക് മന്ത്രി; തിരിച്ചടിക്കുമെന്നും പ്രഖ്യാപനം
text_fieldsബംഗളൂരു: 36 മണിക്കൂറിനുള്ളിൽ ഇന്ത്യ ആക്രമിക്കുമെന്ന വിവരം ലഭിച്ചുവെന്ന് പാകിസ്താൻ ഇൻഫർമേഷൻ മന്ത്രി അത്തൗള തരാർ. വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം ലഭിച്ചുവെന്നാണ് മന്ത്രിയുടെ പ്രസ്താവന. അടുത്ത 36 മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടാവുമെന്ന മുന്നറിയിപ്പാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകും. മേഖലയിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇന്ത്യയാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണ്. അത് മൂലമുണ്ടാകുന്ന പ്രശ്നത്തിന്റെ വേദന ഞങ്ങൾക്ക് അറിയാം. അതിനെ നിരവധി തവണ ഞങ്ങൾ തള്ളിപ്പറഞ്ഞിട്ടുണ്ട്. ലോകത്തെവിടെ ഭീകരവാദമുണ്ടായാലും അതിനെ തള്ളിപ്പറയുന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പഹൽഗാം ഭീകരാക്രമണത്തിൽ നടത്താൻ തയാറാണ്. സാഹചര്യത്തിന്റെ ഗൗരവം അന്താരാഷ്ട്ര സമൂഹം മനസിലാക്കണമെന്നും ഇന്ത്യ ആക്രമിച്ചതിനെ തുടർന്നുണ്ടാവുന്ന പ്രത്യാഘാതങ്ങൾക്ക് അവർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ പാകിസ്താനുമായുള്ള സിന്ധുനദീജല കരാർ റദ്ദാക്കുകയും പാക് പൗരൻമാരുടെ വിസ ഇല്ലാതാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

