അതിർത്തിയിൽ പ്രകോപനവുമായി ചൈന, ഡ്രോണുകൾ അടക്കം നിരത്തി സൈനികാഭ്യാസം; നീക്കം സമാധാന ശ്രമങ്ങൾക്കിടെ
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും പ്രകോപനം. സമാധാന ശ്രമങ്ങൾക്കിടെ ഡ്രോണുകൾ അടക്കം നിരത്തി ചൈന സൈനികാഭ്യാസം നടത്തി. യഥാർഥ നിയന്ത്രണ രേഖക്ക് സമീപം യുദ്ധ പരിശീലനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചൈനീസ് ആർമിയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി കമാൻഡിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സൈനിക അഭ്യാസം നടന്നത്. ഇന്ത്യയും ചൈനയും സമാധാനം നിലനിർത്താൻ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ചൈനയുടെ ഈ നടപടി. ഡ്രോണുകളും അത്യന്താധുനിക വാഹനങ്ങളും ഉൾപ്പെടെയുള്ള നൂതന സൈനിക സാങ്കേതികവിദ്യ ഇതിനായി ഉപയോഗിച്ചു.
2024 ഒക്ടോബർ 21ന് ഇന്ത്യയും ചൈനയും തമ്മിൽ തങ്ങളുടെ സൈന്യത്തെ പിൻവലിക്കാനും യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിങ് പുനരാരംഭിക്കാനും ധാരണയിലെത്തിയിരുന്നു. 2020ൽ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയിരുന്നു. ഡെപ്‌സാങ്, ഡെംചോക്ക് തുടങ്ങിയ മേഖലകളിൽ പട്രോളിങ് പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു.
ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് ധാരണയിലെത്തിയത്. എന്നാൽ ചൈന നടത്തുന്ന തുടർച്ചയായ സൈനികാഭ്യാസങ്ങൾ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

