ഏകാധിപത്യത്തിന് പതനം കുറിച്ചിട്ട് ഒരു വർഷം; കൊടികളേന്തിയും പടക്കം പൊട്ടിച്ചും സിറിയയിൽ ആഘോഷം
text_fieldsദമസ്കസ്: അരനൂറ്റാണ്ടിലേറെക്കാലം സിറിയ ഭരിച്ച അസദ് കുടുംബത്തിന്റെ ഏകാധിപത്യ ഭരണത്തിന് വിരാമമിട്ടിട്ട് ഒരു കൊല്ലം പൂർത്തിയായ സിറിയയിൽ വൻ ആഘോഷപരിപാടികൾ അരങ്ങേറി. തെരുവുകളിൽ പതാക പറത്തിയും പടക്കം പൊട്ടിച്ചും ബശ്ശാറിന്റെ പതനത്തെ സിറിയൻ ജനത ആഘോഷിച്ചു. പതിനൊന്ന് ദിവസം നീണ്ട് നിന്ന ആക്രമണത്തിലൂടെയാണ് ബശ്ശാറുൽ അസദിൽ നിന്നും സിറിയയെ മോചിപ്പിച്ചത്. ബശ്ശാറിനെ പുറത്താക്കുന്നതിൽ പങ്കുവഹിച്ചവർക്ക് സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറാ നന്ദി അറിയിച്ചു.
വാർഷികദിനത്തോടനുബന്ധിച്ച് പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച സൈനിക പരേഡുകൾ ഡമാസ്കസിലും ഹമാ, ഹോംസ്, ദൈർ അസ് സോർ എന്നിവയുൾപ്പെടെ നിരവധി പ്രവിശ്യകളിൽ നടന്നു. പതിനാല് വർഷം നീണ്ട് നിന്ന ആഭ്യന്തരയുദ്ധത്തിന്റെ അനന്തരഫലങ്ങളിൽ നിന്ന് രാജ്യം കരകയറുമ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് സിറിയൻ ജനത.
ദമസ്കസിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് അശ്ശറാ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സിറിയയെ സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ച് രാജ്യത്തെ മഹത്വത്തിലേക്ക് പുനസ്ഥാപിച്ചതിന്റെ ഒരു വർഷമാണ് നമ്മൾ ഇന്ന് ആഘോഷിക്കുന്നത്. ഇനി നിങ്ങളുടെ തലകൾ താഴരുത്. സിറിയൻ ജനത തല ഉയർത്തിപ്പിടിച്ച് നിൽക്കണം. അഞ്ച് പതിറ്റാണ്ടിലേറെയായി നമ്മുടെ മാതൃരാജ്യം നഷ്ടപ്പെട്ടിട്ട്. ഏകാധിപത്യത്തിൽ മുഴുകിയ സംഘം രാജ്യത്തിന്റെ നാഗരികതയും ചരിത്രവും പാരമ്പര്യങ്ങളും നമ്മളിൽ നിന്നും കവർന്നെടുക്കാൻ ശ്രമിച്ചുവെന്ന് അശ്ശറാ പറഞ്ഞു.
വാർഷികാഘോഷത്തിന്റെ ഭാഗമായി സൈനിക യൂണിഫോം ധരിച്ച അശ്ശറാ ഉമയ്യദ് പള്ളിയിൽ പ്രഭാത പ്രാർത്ഥന നടത്തി. എത്ര വലിയവരായാലും ശരി എത്ര ശക്തരായാലും ശരി ആരും നമ്മുടെ വഴിയിൽ തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൈവഹിതമുണ്ടെങ്കിൽ എല്ലാ വെല്ലുവിളികളെയും നമ്മൾ നേരിടും. അടിച്ചമർത്തപ്പെട്ടവരെ പിന്തുണക്കുകയും ജനങ്ങൾക്കിടയിൽ നീതി സ്ഥാപിക്കുകയും ചെയ്യുന്ന ഒരു സിറിയ നമ്മൾ പുനർനിർമിക്കുമെന്നും അശ്ശറാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

