‘വർഷങ്ങളോളം വംശഹത്യ എന്ന പദം ഉപയോഗിക്കാൻ ഞാൻ വിസമ്മതിച്ചു, ഇപ്പോൾ തകർന്ന ഹൃദയത്തോടെ അതു പറയുന്നു’; ഗസ്സയിലെ കാഴ്ചയിൽ ഇസ്രായേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാൻ
text_fieldsറോം: ആദ്യമായി ഗസ്സയിലെ ഇസ്രായേൽ അതിക്രമത്തെ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ച് പ്രമുഖ ഇസ്രായേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാൻ. ഇറ്റാലിയൻ ദിനപത്രമായ ‘ലാ റിപ്പബ്ലിക്ക’യുമായുള്ള അഭിമുഖത്തിൽ ‘അതിശക്തമായ വേദനയോടെയും തകർന്ന ഹൃദയത്താലും’ ആ പദം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ തകർന്ന പ്രദേശത്ത് ഭക്ഷണത്തിന്റെ അപര്യാപ്തത മൂലം വ്യാപകമായ പട്ടിണിയെക്കുറിച്ചുള്ള ആഗോള ആശങ്കയും രോഷവും ഉയരുന്നതിനിടയിലാണ് ഗ്രോസ്മാന്റെ അഭിപ്രായം.
‘വർഷങ്ങളോളം വംശഹത്യ എന്ന ആ പദം ഉപയോഗിക്കാൻ ഞാൻ വിസമ്മതിച്ചു. എന്നാലിപ്പോൾ, ഞാൻ കണ്ട ചിത്രങ്ങൾക്ക് ശേഷവും അവിടെ ഉണ്ടായിരുന്ന ആളുകളുമായി സംസാരിച്ചതിനു ശേഷവും എനിക്ക് അത് ഉപയോഗിക്കാതിരിക്കാൻ കഴിയില്ല.’-പുരസ്കാര ജേതാവു കൂടിയായ എഴുത്തുകാരൻ പത്രത്തോട് പറഞ്ഞു.
‘ഈ വാക്ക് ഒരു ഹിമപാതമാണ്. ഒരിക്കൽ പുറത്തു വന്നാൽ അത് ഒരു ഹിമപാതം പോലെ വലുതാകും. ഇസ്രായേലിനെ പരാമർശിച്ച് ‘വംശഹത്യ’ എന്ന വാക്ക് പ്രയോഗിക്കുന്നപക്ഷം ജൂത ജനതയുമായി അത്തരമൊരു താരതമ്യം നടത്തുന്നത് നമുക്ക് വളരെ മോശമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നമ്മൾ കാണുന്ന എല്ലാ അതിക്രമങ്ങൾക്കും ഇസ്രായേലിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ല’ എന്നും ഹമാസിനെക്കൂടി പരാമർശിച്ചുകൊണ്ട് ഗ്രോസ്മാൻ അഭിപ്രായപ്പെട്ടു.
ഹോളോകോസ്റ്റ് നേരിട്ട ജനതയോടുള്ള അനുതാപം അടങ്ങുന്ന ധാർമിക പ്രതിബദ്ധത, ജൂതന്മാരോട് മാത്രമല്ല എല്ലാ മനുഷ്യരോടും ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലികൾക്കും ഫലസ്തീനികൾക്കും ‘അധികാരത്തിന്റെ പ്രലോഭനത്തെ ചെറുക്കാൻ’ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. 1967ലെ ആറു ദിന യുദ്ധത്തിലെ വിജയത്തെത്തുടർന്ന്, ഇസ്രായേൽ സൈനികമായി വളരെ ശക്തരായെന്നും പ്രലോഭനത്തിന്റെ ഫലമായി നമുക്ക് ഇഷ്ടമുള്ളത് ചെയ്യാൻ കഴിയും എന്ന ആശയത്തിൽ വീണുവെന്നും ഗ്രോസ്മാൻ പറഞ്ഞു. ‘അധിനിവേശം നമ്മെ ദുഷിപ്പിച്ചു. 1967ലെ ഫലസ്തീൻ പ്രദേശങ്ങളിലേക്കുള്ള അധിനിവേശത്തോടെയാണ് ഇസ്രായേലിന്റെ ശാപം ആരംഭിച്ചതെന്ന് എനിക്ക് പൂർണ ബോധ്യമുണ്ടെന്നും’ അദ്ദേഹം തുടർന്നു.
ഡസൻ കണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രോസ്മാന്റെ കൃതികൾ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കൃതികൾക്ക് 2018ൽ ഇസ്രായേലിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ ‘ഇസ്രായേൽ സാഹിത്യ സമ്മാന’വും അദ്ദേഹം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

