ട്രംപിനും മസ്കിനും തിരിച്ചടി; സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ഇരുവരും പിന്തുണച്ച സ്ഥാനാർഥിക്ക് തോൽവി
text_fieldsവാഷിങ്ടൺ: യു.എസ് സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനും തിരിച്ചടി. ഇരുവരും പിന്തുണച്ച സ്ഥാനാർഥിയെ തോൽപിച്ച് ലിബറൽ സ്ഥാനാർഥി സൂസൻ ക്രോഫോഡ് വിസ്കോൺസിൻ സുപ്രീംകോടതി തെരഞ്ഞെടുപ്പിൽ വിജയിച്ചു. ഡാനെയിൽ നിന്നുള്ള ജഡ്ജിയായ ക്രോഫോഡ് ഗർഭഛിദ്രം, മനുഷ്യാവകാശങ്ങൾ, വോട്ടർ ഐ.ഡി നിയമങ്ങൾ എന്നിവയിലൂടെയുള്ള നിയമപോരാട്ടങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. തെരഞ്ഞെടുപ്പ് ട്രംപിന്റേയും മസ്കിന്റേയും നയങ്ങളുടെ വിലയിരുത്തലാവുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
വൗകെഷയിൽ നിന്നുള്ള ജഡ്ജിയായ ബ്രാഡ് ഷിമെല്ലിനെയാണ് ക്രോഫോഡ് പരാജയപ്പെടുത്തിയത്. ഷിമെല്ല റിപബ്ലിക്കൻ അറ്റോണി ജനറലും വൗകേഷയിൽ കൺസെർവേറ്റീവ് ജഡ്ജിയുമായിരുന്നു. ഇലോൺ മസ്ക് വൻ തുകയാണ് ഷിമെല്ലിന്റെ വിജയത്തിനായി മുടക്കിയത്. അമേരിക്കൻ ജുഡീഷ്യൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം മുടക്കിയ തെരഞ്ഞെടുപ്പുകളിലൊന്നാണ് കടന്നുപോകുന്നത്.
ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തെ വിസ്കോൺസിൻ പ്രതിരോധിച്ചുവെന്നായിരുന്നു വിജയത്തിന് പിന്നാലെയുള്ള സൂസൻ ക്രോഫോഡിന്റെ പ്രതികരണം. നമ്മുടെ കോടതികൾ വിൽക്കാനുള്ളതല്ലെന്നും നീതിക്ക് വിലയുണ്ടെന്നുമാണ് വിസ്കോൺസിൻ വിളിച്ച് പറയുന്നതെന്നും സൂസൻ ക്രോഫോഡ് പ്രതികരിച്ചു.
10 ശതമാനം വോട്ടുകൾക്കാണ് ക്രോഫോഡിന്റെ വിജയം. വിജയത്തോടെ ലിബറുകൾക്ക് സ്റ്റേറ്റ് സുപ്രീംകോടതിയിൽ 4-3ന്റെ പ്രത്യയശാസ്ത്ര ഭൂരിപക്ഷമായി. ഗർഭഛിദ്രമടക്കമുള്ള നിർണായകമായ പല കേസുകളും പരിഗണിക്കാനിരിക്കെ ഈ ഭൂരിപക്ഷം ഗുണകരമാവുമെന്നാണ് പ്രതീക്ഷ. ഏകദേശം 80 മില്യൺ ഡോളറാണ് തെരഞ്ഞെടുപ്പിനായി ചെലവിട്ടത്. ഇതോടെ 2023ലെ 53 മില്യൺ ഡോളറിന്റെ റെക്കോഡ് പഴങ്കഥയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

