വാഷിങ്ടൺ: കോവിഡിന്‍റെ ഒമിക്രോൺ വകഭേദം യു.എസിൽ അതിവേഗത്തിൽ പടരുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്‍റ് ജോ ബൈഡൻ. മഞ്ഞുകാലത്ത് രോഗബാധയും മരണവുമാണ് വാക്സിൻ സ്വീകരിക്കാത്തവരെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രണ്ട് ഡോസ് വാക്സിനും ബൂസ്റ്ററും സ്വീകരിച്ചാൽ രോഗം ഗുരുതരമാകുന്ന സാഹചര്യമുണ്ടാവില്ല. വാക്സിൻ സ്വീകരിച്ചതിന് ശേഷവും ഒമിക്രോണിനെ ഭയപ്പെടുന്നുവെങ്കിൽ എത്രയും പെട്ടെന്ന് ബൂസ്റ്റർ സ്വീകരിക്കുകയാണ് വേണ്ടത്. നമുക്കൊന്നിച്ച് കോവിഡിനെ നേരിടാമെന്നും ബൈഡൻ ട്വിറ്ററിൽ കുറിച്ചു.
യു.എസിലെ 36 സ്റ്റേറ്റുകളിലും കോവിഡിന്‍റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലോറിഡ, മയാമി പോലുള്ള സ്റ്റേറ്റുകളിൽ കോവിഡ് ബാധവർധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി എടുക്കുകയാണെങ്കിൽ യു.എസിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 40 ശതമാനം വർധനയുണ്ടായിട്ടുണ്ട്. മരണനിരക്ക് 18 ശതമാനം വർധിച്ചു.