
223 കോടി നൽകി ടിക്കറ്റെടുത്തയാൾ പോകില്ല; ബെസോസിനൊപ്പം ബഹിരാകാശത്തേക്ക് ഭാഗ്യംലഭിച്ച് 18കാരൻ
text_fieldsവാഷിങ്ടൺ: വിനോദസഞ്ചാരം ഭൂമിക്കുമപ്പുറത്ത് ബഹിരാകാശത്തേക്ക് പറന്നുകയറിയ പുതിയ കാലത്ത് അതിസമ്പന്നർക്കൊപ്പം യാത്രക്ക് ടിക്കറ്റെടുക്കാൻ ലേലത്തിൽ പങ്കെടുക്കുന്നവരുടെ ബഹളമാണ് എങ്ങും. റിച്ചാർഡ് ബ്രാൻസണ് പിറകെ ബഹിരാകാശത്തേക്ക് കുതിക്കുന്ന ശതകോടീശ്വരൻ ജെഫ് ബിസോസിനൊപ്പം യാത്ര ചെയ്യാൻ മൂന്നു കോടി ഡോളർ നൽകിയാണ് ഇനിയും പേരുവെളിപ്പെടുത്താത്ത ഒരാൾ ടിക്കറ്റെടുത്തിരുന്നത്. എന്നാൽ, അദ്ദേഹം പോകുന്നില്ലെന്നും പകരം 18 കാരനായ ഒലിവർ ഡെയ്മാൻ എന്ന 18 കാരനാണ് പുറപ്പെടുന്നതെന്നുമാണ് പുതിയ റിപ്പോർട്ട്. സമയ പ്രശ്നമാണത്രെ പിൻമാറ്റത്തിന് കാരണം. സ്വകാര്യവിമാനം പറത്താനുള്ള ലൈസൻസ് ഇതിനകം സ്വന്തമാക്കിയ ഡെയ്മാൻ യൂറോപിലെ മുൻനിര കമ്പനിയായ സോമർസെറ്റ് കാപിറ്റൽ പാർട്ണേഴ്സ് സി.ഇ.ഒ ആയ ജോയസ് ഡെയ്മെന്റെ മകനാണ്. ഒലിവറിന്‍റെ യാത്രക്ക് ടിക്കറ്റിനത്തിൽ എത്ര നൽകിയെന്ന് പക്ഷേ, റിപ്പോർട്ട് പറയുന്നില്ല.
ട്വിറ്ററിൽ ഒലിവർ തന്നെയാണ് തന്‍റെ യാത്രയെ കുറിച്ച് പോസ്റ്റിട്ട് ലോകത്തെ അറിയിച്ചത്. ബിസോസിന്‍റെ ബ്ലൂ ഒറിജിനിനു കീഴിൽ ന്യൂ ഷെപ്പേഡ് പേടകത്തിലേറിയാകും ജൂലൈ 20ന് ബഹിരാകാശ യാത്ര. ജെഫ് ബിസോസ്, സഹോദരൻ മാർക് ബിസോസ്, 82കാരിയായ അമേരിക്കൻ വൈമാനിക വാലി ഫങ്ക്, 18കാരൻ ഒലിവർ എന്നിവരാണ് യാത്രയിലുണ്ടാകുക. ഏറ്റവും പ്രായം കൂടിയ, കുറഞ്ഞ യാത്രക്കാർ ഒന്നിച്ച് പുറപ്പെടുന്ന ബഹിരാകാശ യാത്ര കൂടിയാകും ഇത്.
ഭൂമിയിൽനിന്ന് 100 കിലോമീറ്റർ മുകളിൽ വരെയാകും ഇവ സഞ്ചരിക്കുക. 10 മിനിറ്റ് യാത്രയിൽ മൂന്നോ നാലോ മിനിറ്റ് ബഹിരാകാശത്ത് ചെലവഴിക്കും. 1969ൽ മനുഷ്യരെയുമായി അപ്പോളോ ചന്ദ്രനിൽ ഇറങ്ങിയതിന്‍റെ വാർഷികദിനത്തിലാകും യാത്ര.
ബിസോസിനൊപ്പം പുറപ്പെടാൻ 159 രാജ്യങ്ങളിൽനിന്ന് 7,600 പേരാണ് ലേലത്തിൽ പങ്കെടുത്തിരുന്നത്. ഇതിലെ യഥാർഥ വിജയി പിന്നീട് മറ്റൊരു യാത്രയുടെ ഭാഗമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
