യുദ്ധം തീരുമോ? ഇറാൻ മറുപടി നൽകി; ട്രംപിന്റെ മുന്നറിയിപ്പിനിടെ സമാധാന നീക്കവുമായി ഇറാൻ
text_fieldsവാഷിങ്ടൺ/തെഹ്‌റാൻ: ലോകം ഉറ്റുനോക്കുന്ന അമേരിക്ക-ഇറാൻ യുദ്ധത്തിന് വിരാമമിടാനുള്ള നിർണായക നീക്കവുമായി ഇറാൻ. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തങ്ങളുടെ ഔദ്യോഗിക മറുപടി പാകിസ്താൻ മധ്യസ്ഥർ മുഖേന ഇറാൻ അമേരിക്കക്ക് കൈമാറി. ഇതോടെ ഏപ്രിൽ ആദ്യവാരം പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ സ്ഥിരമാക്കണമോ അതോ അതിശക്തമായ ബോംബാക്രമണത്തിലേക്ക് തിരിച്ചുപോകണമോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ തീരുമാനമെടുക്കും. ഇറാന്റെ മറുപടി വിലയിരുത്താൻ തിങ്കളാഴ്ച വൈറ്റ് ഹൗസിലെ 'സിറ്റുവേഷൻ റൂമിൽ' ഉന്നതതല യോഗം ചേരാനിരിക്കെ പശ്ചിമേഷ്യയിൽ ആകാംക്ഷയേറുകയാണ്.
യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ശത്രുത അവസാനിപ്പിച്ച് യുദ്ധത്തിന് ഉടനടി സ്ഥിരമായ അന്ത്യം കുറിക്കുക, പേർഷ്യൻ ഉൾക്കടലിലും ഹുർമുസ് കടലിടുക്കിലും കപ്പലുകളുടെ സുരക്ഷ പുനഃസ്ഥാപിക്കുക എന്നിവയാണിവ. ആണവ പ്രശ്നങ്ങളും ഉപരോധങ്ങളും സംബന്ധിച്ച ചർച്ചകൾ പിന്നീട് നടത്താമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ, ഇറാന്റെ ആണവ പദ്ധതികൾ പൂർണമായും മരവിപ്പിക്കണമെന്ന 14 ഇന നിബന്ധനകളിൽ ഉറച്ചുനിൽക്കുന്ന അമേരിക്ക ഈ നിർദേശങ്ങൾ അംഗീകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഇറാന്റെ മറുപടി ലഭിച്ചതിന് പിന്നാലെയും കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ഇറാന്റെ ആണവ ശേഖരം സ്പേസ് ഫോഴ്സ് വഴി അമേരിക്ക നേരിട്ട് നിരീക്ഷിക്കുകയാണെന്നും ആരെങ്കിലും അവിടേക്ക് അടുക്കാൻ ശ്രമിച്ചാൽ അവരെ തകർക്കുമെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകി. ആണവ സമ്പുഷ്ടീകരണം 12 വർഷത്തേക്ക് നിർത്തിവെക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ ഇതിനോടകം തള്ളിക്കഴിഞ്ഞു.
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും മേഖലയിൽ ആക്രമണങ്ങൾക്ക് കുറവില്ല എന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഖത്തർ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതും യു.എ.ഇ ലക്ഷ്യമിട്ടെത്തിയ രണ്ട് ഇറാൻ ഡ്രോണുകളെ പ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചിട്ടതും പുതിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28 മുതൽ ഇതുവരെ 2,200ലധികം ഡ്രോണുകളും 500ലധികം മിസൈലുകളുമാണ് തങ്ങൾ തടഞ്ഞതെന്ന് യു.എ.ഇ വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കാൻ അമേരിക്കയുമായും ഇറാനുമായും നിരന്തരം ചർച്ച നടത്തുകയാണെന്ന് പാകിസ്താൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

