ഊർജ്ജ പ്രതിസന്ധി ആഗോളക്രമം മാറുമോ? സ്വയംപര്യാപ്തത തേടി ലോകം
text_fieldsന‍്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് ഉടലെടുത്ത ആഗോള ഊർജ്ജ പ്രതിസന്ധി കേവലം ഒരു ഇന്ധനക്ഷാമം എന്നതിലുപരി പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഫോസിൽ ഇന്ധനങ്ങളിലുള്ള അമിത ആശ്രിതത്വം അവസാനിപ്പിക്കാൻ രാജ്യങ്ങൾ നിർബന്ധിതരാകുന്ന കാഴ്ചയാണിന്ന്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഏഷ്യയിലേക്കും യൂറോപ്പിലേക്കുമുള്ള ഇന്ധന നീക്കം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. വരും വാരങ്ങളിൽ ലോകത്തെ പെട്രോൾ, ഗ്യാസ് ശേഖരം വൻതോതിൽ ഇടിയുമെന്നും ക്രൂഡ് ഓയിൽ വില ബാരലിന് 200 ഡോളറിലേക്ക് കുതിക്കുമെന്നുമാണ് ആശങ്ക.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജനജീവിതം ദുസ്സഹമായി. ശ്രീലങ്കയും മ്യാൻമറും ഇന്ധന റേഷൻ ഏർപ്പെടുത്തിയപ്പോൾ വൈദ്യുതി ലാഭിക്കാനായി ഫിലിപ്പീൻസ് പ്രവൃത്തിദിനങ്ങൾ നാലായി ചുരുക്കി. ബംഗ്ലാദേശിൽ വിദ്യാലയങ്ങൾ അടച്ചിടുകയും ഇന്ത്യയിൽ പാചകവാതക ക്ഷാമം മൂലം കുടുംബങ്ങൾ വീണ്ടും വിറകടുപ്പുകളിലേക്ക് മടങ്ങുകയും ചെയ്തു. വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കപ്പെടുന്നു. 1970കളിലെ എണ്ണ പ്രതിസന്ധിയെക്കാളും ഭീകരമായ അവസ്ഥയാണിതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി മേധാവി ഫാത്തി ബിറോൾ മുന്നറിയിപ്പ് നൽകി. ഖത്തറിലെ ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ആഗോള വിപണിയുടെ 20 ശതമാനത്തെയാണ് നിശ്ചലമാക്കിയത്.
എന്നാൽ, ഈ പ്രതിസന്ധി ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ ചുവടുമാറ്റത്തെ അതിവേഗത്തിലാക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ ഇൻഡക്ഷൻ കുക്കറുകൾക്കും പാകിസ്താനിൽ ഇലക്ട്രിക് റിക്ഷകൾക്കും ഡിമാൻഡ് വർധിച്ചപ്പോൾ, ജർമ്മനിയിൽ സോളാർ പാനലുകൾക്കും ബ്രിട്ടനിൽ ഹീറ്റ് പമ്പുകൾക്കും റെക്കോർഡ് വിൽപനയാണ് നടക്കുന്നത്. സോളാർ വൈദ്യുതി ഉൽപ്പാദനം 30 ശതമാനത്തിലേക്ക് ഉയർത്തി പ്രതിസന്ധിയെ അതിജീവിച്ച പാകിസ്താന്റെ മാതൃക പല രാജ്യങ്ങൾക്കും വഴികാട്ടിയാവുന്നു. ചൈന ഇതിനോടകം തന്നെ ഗതാഗത-വ്യവസായ മേഖലകളെ വൈദ്യുതിവൽക്കരിച്ച് എണ്ണ ഉപഭോഗം കുറച്ചിട്ടുണ്ട്.
ഫോസിൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾ അമേരിക്കൻ ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നുണ്ടെങ്കിലും ഭാവിയിലെ ഊർജ്ജ ആഘാതങ്ങളെ പ്രതിരോധിക്കാൻ വൈദ്യുതിവൽക്കരണവും ആഭ്യന്തരമായി ഹരിത സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴിയെന്ന് ഈ പ്രതിസന്ധി ലോകത്തെ പഠിപ്പിക്കുന്നു. ഇന്ധന സ്വയംപര്യാപ്തതയിലൂടെ മാത്രമേ രാജ്യങ്ങൾക്ക് ഇനി നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവിലേക്കാണ് ഈ യുദ്ധകാലം ലോകത്തെ എത്തിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

