മെഡ്‍ലീൻ ഗസ്സയുടെ തീരമണയുമോ?
text_fieldsമെഡ്‍ലീൻ ഒരു പ്രതീകമാകുന്നു
ലോകത്തിലെ ഏറ്റവും വലിയ ‘തുറന്ന ജയിലായ’ ഗസ്സയിലേക്കുള്ള സഹായ വിതരണമെല്ലാം മൂന്നു മാസത്തിലധികമായി ഇസ്രായേൽ തടഞ്ഞുവെച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടയിലും, നാമമാത്ര ഭക്ഷണവും മരുന്നുകളും മാത്രമാണ് ഇപ്പോൾ അവിടേക്ക് എത്തുന്നത്.
600 ദിവസം പിന്നിട്ട സൈനികാധിനിവേശത്തിന്റെ തുടർച്ചയിലാണിപ്പോൾ പട്ടിണിയും ഒരു യുദ്ധമുറയായി ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. ഗസ്സയിൽ പട്ടിണിയും ആരോഗ്യ അടിയന്തരാവസ്ഥയും റിപ്പോർട്ട് ചെയ്തിട്ട് ആഴ്ചകൾ പിന്നിട്ടു. ഈ പശ്ചാത്തലത്തിലാണ് ഒരു ഡസൻ ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തിൽ ‘മെഡ്‍ലീൻ’ ഗസ്സ തീരം ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരിക്കുന്നത്.
എല്ലാംകൊണ്ടും മെഡ്‍ലീൻ ഒരു പ്രതീകമാണ്. ഗസ്സയിലെ ആദ്യത്തെ വനിത മത്സ്യബന്ധന തൊഴിലാളിയുടെ പേരാണ് മെഡ്‍ലീൻ. 2009ൽ മെഡ്‍ലീന്റെ പിതാവിന് ഇസ്രായേൽ ആക്രണത്തിൽ പരിക്കേറ്റതോടെയാണ് അവർ ഈ തൊഴിൽരംഗത്തേക്ക് വന്നത്. ഒരു ചെറുകപ്പലാണ് മെഡ്‍ലീൻ. ഗസ്സയിലേക്കുള്ള സഹായ വസ്തുക്കളുമായി മെഡിറ്ററേനിയൻ ദ്വീപിൽ ഇറ്റലിയുടെ ഭാഗമായ സിസിലിയിൽനിന്ന് ജൂൺ ഒന്നിനാണ് കപ്പൽ യാത്ര തിരിച്ചത്. 1200ൽ അധികം മൈൽ താണ്ടി കപ്പൽ ജൂൺ ഏഴിന് ഗസ്സയിലെത്താം.
പക്ഷേ, ഗസ്സ തീരത്തോടടുക്കുമ്പോൾ കപ്പൽ ഇസ്രായേൽ നാവിക സേന തടയും. 2007 മുതൽ ഇതാണ് സ്ഥിതി. അതിനാൽ, ഇസ്രായേലിന്റെ കടൽ ഉപരോധത്തെ ഭേദിക്കുക എന്നതുകുടി ഈ യാത്രയുടെ ലക്ഷ്യമാണ്. ഇപ്പോൾതന്നെ, ഇസ്രായേൽ ഡ്രോണുകൾ കപ്പലിനെ പിന്തുടർന്ന് നിരീക്ഷിക്കുന്നതായി വാർത്തയുണ്ട്. കപ്പൽ വഴിയിൽ തടയുമെന്ന് ഇതിനകം ഇസ്രായേൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതൊരു ഐക്യദാർഢ്യ യാത്രകൂടിയാണ്. ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടികൾ ലോകത്തിന് മുന്നിൽ തുറന്നുകാണിക്കുക എന്നതും യാത്രയുടെ ലക്ഷ്യമാണ്. ഫ്രീ ഗസ്സ മൂവ്മെന്റിന്റെ ഗസ്സ ഫ്രീഡം ഫ്ലോട്ടിലയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്.
ഗ്രേറ്റ തുംബർഗും റിമ ഹസനും
ഗ്രേറ്റ തുംബർഗ്, റിമ ഹസൻ
മെഡ്‍ലീൻ കപ്പലിൽ 12 ആക്ടിവിസ്റ്റുകളാണുള്ളത്. പ്രമുഖ പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുംബർഗ്, ഫ്രാൻസിൽനിന്നുള്ള യൂറോപ്യൻ യുനിയൻ പാർലമെന്റംഗം റിമ ഹസൻ എന്നീ വനിതകളാണ് യാത്ര സംഘത്തെ നയിക്കുന്നത്. ലിയൻ കണ്ണിങ്ഹാം എന്ന ചലച്ചിത്ര നടനും യാത്രയുടെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

