'പുനർജനിക്കും'; പുതിയ ദലൈലാമ ആര്? ആഘോഷങ്ങള്‍ക്ക് തുടക്കം
text_fieldsധരംശാല: ടിബറ്റന്‍ ബുദ്ധമത നേതാവ് ദലൈലാമയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കാന്‍ ധരംശാല ഒരുങ്ങുന്നു. മക്ലിയോഡ്ഗഞ്ചില്‍ മൂന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കമായി. ആത്മീയ നേതാവ് ദലൈലാമയുടെ വിഡിയോ സന്ദേശത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തന്റെ 90-ാം ജന്മദിനാഘോഷത്തില്‍ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്നാണ് ദലൈലാമ അറിയിച്ചിരിക്കുന്നത്. ജൂലൈ ആറിനാണ് ദലൈലാമയുടെ ജന്മദിനം.
നൂറ്റാണ്ടുകൾ പഴക്കമുള്ള ടിബറ്റൻ ബുദ്ധമത സ്ഥാപനം തന്റെ മരണശേഷവും തുടരുമെന്നും ദലൈലാമയുടെ ഭാവി പുനർജന്മം അംഗീകരിക്കാനുള്ള അധികാരം ഇന്ത്യയിലെ ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമാണെന്നും ദലൈലാമ പ്രഖ്യാപിച്ചു. ജന്മദിനത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ആഘോഷങ്ങളിൽ സംസാരിക്കവേ മുൻകാല ബുദ്ധമത പാരമ്പര്യങ്ങൾക്കനുസൃതമായി അടുത്ത ദലൈലാമയെ കണ്ടെത്തി അംഗീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.
15-ാം ദലൈലാമയെ കാത്ത് ലോകത്തിന്റെ പല കോണുകളില്‍നിന്ന് നിരവധി പേരാണ് ധരംശാലയിലെത്തുന്നത്. പുതിയ ദലൈലാമയെ നിശ്ചയിക്കാനും അവരോധിക്കാനും ഒരു നടപടിക്രമം ആവശ്യമാണെന്നും അതേക്കുറിച്ചായിരിക്കും ചര്‍ച്ചകളെന്നും ദലൈലാമ വ്യക്തമാക്കി. ദലൈലാമയുടെ പിന്‍ഗാമി ആരെന്നറിയാന്‍ ചൈനയും കാത്തിരിക്കുകയാണ്. പുതിയ ലാമയെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് ടിബറ്റ് കയ്യടക്കിയ ചൈനയുടെ നിലപാട്. അത് അംഗീകരിക്കില്ലെന്ന് ദലൈലാമ വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് പിന്‍ഗാമികളുണ്ടാകില്ലെന്ന് മുമ്പ് ദലൈലാമ പ്രഖ്യാപിച്ചിരുന്നു. പിന്നീട് പ്രഖ്യാപനം മാറ്റുകയായിരുന്നു.
1935ല്‍ ടിബറ്റിലെ ലാമോ ധൊന്‍ദപ് ഗ്രാമത്തില്‍ ജനിച്ച ദലൈലാമ ടിബറ്റന്‍ ബുദ്ധിസത്തിന്റെ പരമോന്നത നേതാവും ടിബറ്റിന്റെ അധികാരിയുമാണ്. എങ്കിലും 2011ല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രവാസസര്‍ക്കാറിന് ഭരണച്ചുമതല കൈമാറി അദ്ദേഹം കീഴ്വഴക്കം ലംഘിച്ചിരുന്നു. 1989ല്‍ സമാധാനത്തിനുള്ള നൊബേലിന് അര്‍ഹനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

