Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅതിക്രമത്തിന് നൊബേൽ...

അതിക്രമത്തിന് നൊബേൽ നൽകരുത്; സമാധാന നൊബേൽ ജേതാവ് മച്ചാഡോക്ക് പുരസ്കാരത്തുക കൈമാറുന്നതി​നെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ

text_fields
bookmark_border
അതിക്രമത്തിന് നൊബേൽ നൽകരുത്; സമാധാന നൊബേൽ ജേതാവ് മച്ചാഡോക്ക് പുരസ്കാരത്തുക കൈമാറുന്നതി​നെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ
cancel
camera_alt

ജൂലിയൻ അസാൻജെ

ഡെൻമാർക്ക്: വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോക്ക് നൊബേൽ പുരസ്കാരത്തുക കൈമാറുന്നതിനെതിരെ നിയമനടപടിയുമായി വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജെ. 2025ൽ സമാധാനത്തിനുള്ള നൊബേൽ നേടിയ മരിയ കൊറിന മച്ചാഡോക്ക് ​പുരസ്കാരത്തുകയായ ഒരു ദശലക്ഷം ഡോളർ കൈമാറാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അസാൻജെയുടെ നീക്കം.

വെനിസ്വേലക്കെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈനീക നടപടികളെ പരസ്യമായി പിന്തുണക്കുന്നയാളാണ് മച്ചാഡോയെന്നും ഇത് പുരസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കെതിരാണെന്നുമാണ് അസാൻജെയുടെ വാദം. മച്ചാഡോക്ക് പുരസ്കാരത്തുക കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് നൊ​ബേൽ ഫൗണ്ടേഷനെതിരെ അസാൻജെ നിയമനടപടി സ്വീകരിച്ചതായി വിക്കിലീക്സ് എക്സിലെ കുറിപ്പിൽ സ്ഥിരീകരിച്ചു.

പുരസ്കാര സ്ഥാപകനായ ആൽഫ്രഡ് നൊബേലിന്റെ വിൽപ്പത്രം ഉദ്ധരിച്ചാണ് അസാൻജെയുടെ പരാതി. സൈനീക സംഘർഷങ്ങൾ കുറക്കുകയും സമാധാന ചർച്ചകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്ത് രാജ്യങ്ങൾക്കിടയിൽ പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനായി മനുഷ്യരാശിക്ക് വലിയ സംഭാവനകൾ നൽകിയ ആളുകൾക്കാണ് പുരസ്കാരം നൽകേണ്ടതെന്ന് വിൽപ്പത്രത്തിൽ പറയുന്നു.

മച്ചാഡോയുടെ അടുത്തിടെ ടെലിവിഷൻ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അയോഗ്യയാക്കണമെന്ന അസാൻജെയുടെ വാദം. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വെനിസ്വേലക്കെതിരെ ഉപരോധം ഉയർത്തുന്നതും എണ്ണ ടാങ്കറുകൾ പിടിച്ചെടുക്കുന്നതുമടക്കം ട്രംപിന്റെ നടപടികളെ മച്ചാഡോ പ്രകീർത്തിച്ചിരുന്നു.

‘ഞാൻ പ്രസിഡന്റ് ട്രംപിന്റെ നീക്കത്തെ പൂർണമായി പിന്താങ്ങുന്നു. വെനിസ്വേലൻ ജനത അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സർക്കാറിനോടും എക്കാലവും നന്ദിയുള്ളവരായിരിക്കും. ഈ മേഖലയിൽ സ്വാതന്ത്രം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹം ഒരു ചാമ്പ്യനാണ്,’ എന്നായിരുന്നു അഭിമുഖത്തിനിടെ മച്ചാഡോയുടെ വാക്കുകൾ.

വെനിസ്വേ​ലക്ക് മേൽ സമ്മർദ്ദം കടുപ്പിക്കാൻ ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം അടുത്തിടെ നടപടികൾ ശക്തമാക്കിയിരുന്നു. സാമ്പത്തിക ഉപരോധത്തിനും എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്നതിനും പുറമെ, ലഹരി കടത്തുന്ന എന്നാരോപിച്ച് നിരവധി ബോട്ടുകളാണ് ബോംബിട്ട് തകർത്തത്. നിരവധി പേർക്ക് ജീവൻ നഷ്ടമായ സൈനീക നടപടികളിൽ യു.എസ് സൈന്യം ഗുരുതര മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയതായടക്കം ആരോപണങ്ങൾ ഉയർന്നിരുന്നു.

ട്രംപ് ഭരണകൂടത്തെയും സൈനീക നടപടികളെയും ശക്തമായി പിന്തുണക്കുന്നയാളാണ് മച്ചാഡോയെന്ന് അസാ​ൻജെ പരാതിയിൽ പറയുന്നു. അന്താരാഷ്ട്ര ചട്ടങ്ങൾ കാറ്റിൽ പറത്തി കടലിൽ മെക്സിക്കൻ യാനങ്ങൾക്ക്​ നേരെ യു.എസ് നടത്തിയ ബോംബാക്രമണങ്ങടക്കം ചൂണ്ടിക്കാട്ടി മച്ചാഡോ പുരസ്കാരത്തിന് അർഹയല്ലെന്നും തുക കൈമാറരുതെന്നുമാണ് അസാൻജെയുടെ ആവശ്യം.

‘ആൽഫ്രഡ് നൊബേലിന്റെ സമാധാന എൻഡോവ്മെന്റ് യുദ്ധം പ്രോത്സാഹിപ്പിക്കുന്നതിന് ചെലവഴിക്കാനാവില്ല. വെനിസ്വേലക്കെതിരെ സൈനീക നടപടി സ്വീകരിക്കുന്ന ട്രംപ് ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുകയാണ് മച്ചാഡോ ചെയ്യുന്നത്,’ അസാൻജെ പരാതിയിൽ പറയുന്നു.

മച്ചാഡോക്ക് തുക കൈമാറുന്നത് പുരസ്കാരത്തിന്റെ സദുദ്ദേശപരമായ ലക്ഷ്യത്തിന് അപ്പുറം സംഘർഷവും മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ​പ്രോത്സാഹിപ്പിക്കുന്നതിന് സമാനമാണെന്നും മുന്നറിയിപ്പ് നൽകുന്നതാണ് അസാൻജെയുടെ പരാതി. ഈ സാഹചര്യത്തിൽ തുക കൈമാറുന്നത് ‘യുദ്ധക്കുറ്റങ്ങ​​ളെ സഹായിക്കുകയോ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ആരെയും’ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പ്രോസിക്യൂട്ട് ചെയ്യാമെന്ന് അനുശാസിക്കുന്ന സ്വീഡന്റെ റോം ഉടമ്പടികളുടെ നഗ്നമായ ലംഘനമാണ്. മച്ചാഡോ യു.എസ് സൈനിക നടപടികളെ പിന്തുണക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് പുരസ്കാരത്തുക കൈമാറുന്നത് നിയമം ലംഘിച്ചുള്ള കൊലപാതകങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും സഹായം നൽകലാവുമെന്നും പരാതി പങ്കുവെച്ചുകൊണ്ട് വിക്കിലീക്സ് വ്യക്തമാക്കി.

വെനിസ്വേലക്കെതിരെ ട്രംപ് ഭരണകൂടം നടപടികൾ ശക്തമാക്കുന്നതിനിടെയാണ് നിയമനടപടിയുമായി അസാൻജെ രംഗത്തെത്തുന്നത്. ​വെനിസ്വേലയിൽ നിന്ന് അ​കത്തേക്കും പുറത്തേക്കുമുള്ള എണ്ണ ടാങ്കറുകളുടെ നീക്കം പൂർണമായി തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

‘ദക്ഷിണ അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ സൈനീക സന്നാഹമാണ് വെനിസ്വേലയെ വലയം ചെയ്തിരിക്കുന്നത്,’ ട്രംപ് ട്രൂത്ത് സോഷ്യൽ എഴുതി. ‘ഇത് ഇനിയും വലുതാവുകയേയുള്ളൂ, അവർ മുമ്പ് കണ്ടിട്ടില്ലാത്ത അത്രയും ഭയാനകമാവും അത്,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nobel Peace PrizeNobel PrizeMaría Corina Machado
News Summary - WikiLeaks Julian Assange Sues Nobel Panel Over Peace Prize To Machado
Next Story