ലോകവ്യാപകമായി വാക്സിൻ ലഭ്യമാക്കാൻ 2021 പകുതി വരെ കാത്തിരിക്കണം -ലോകാരോഗ്യ സംഘടന
text_fieldsജനീവ: ആഗോള വ്യാപകമായി കോവിഡ് വാക്സിൻ ലഭ്യമാക്കാൻ 2021 പകുതി വരെയെങ്കിലും കാത്തിരിക്കേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. സുരക്ഷിതമാണെന്ന് തെളിയിക്കാത്ത കോവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കണ്ടെത്തിയ വാക്സിനുകൾ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും തെളിയിച്ചാൽ മാത്രമേ അംഗീകാരം നൽകാൻ സാധിക്കൂ. വാക്സിൻ മൂന്നാംഘട്ട പരീക്ഷണം പലയിടത്തും നടത്തുകയാണെന്നും ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യു.എസിൽ ആഴ്ചകൾക്കകം വാക്സിൻ പുറത്തിറക്കുമെന്ന വാർത്തകൾക്കിടെയാണ് ലോകാരോഗ്യ സംഘടന നിലപാട് വ്യക്തമാക്കിയത്. കോവിഡ് പരീക്ഷണഘട്ടം പൂർത്തിയാക്കിയതായി റഷ്യയും അറിയിച്ചിട്ടുണ്ട്.
വാക്സിൻ പരീക്ഷണത്തിന്‍റെ മൂന്നാംഘട്ടം ദൈർഘ്യമേറിയതാണ്. എത്രത്തോളം സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും ഈ ഘട്ടത്തിലാണ് തിരിച്ചറിയാനാകുകയെന്നും അവർ പറഞ്ഞു. ധാരാളം ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. വാക്സിൻ പ്രവർത്തിക്കുന്നുണ്ടോയെന്നത് നമുക്കറിയില്ല. ഈ ഘട്ടത്തിൽ ഫലപ്രാപ്തിയുടെയും സുരക്ഷയുടെയും കൃത്യമായ അളവിനെ കുറിച്ച് വ്യക്തമായ വിവരം ഞങ്ങൾക്ക് ഇല്ല -അവർ പറഞ്ഞു.
മനുഷ്യരിൽ പരീക്ഷണം നടത്തി രണ്ട് മാസം തികയുന്നതിന് മുമ്പ് തന്നെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് റഷ്യ അനുമതി നൽകിയിരുന്നു. ഇത് വ്യാപക വിമർശനവും ഏറ്റുവാങ്ങി. ആഴ്ചകൾക്കകം യു.എസിലും വാക്സിന് അനുമതി നൽകുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

