യുക്രെയ്ൻ അധിനിവേശം: ന്യായങ്ങൾ പലത്
text_fieldsയൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യത്തിനുമേൽ അധിനിവേശം നടത്താൻ റഷ്യയെ പ്രേരിപ്പിച്ച ഘടകങ്ങൾ പലതാണ്. അമേരിക്ക ഉൾപ്പെടെ 30 പാശ്ചാത്ത്യ രാജ്യങ്ങളുടെ സൈനിക സഖ്യമായ നാറ്റോയിൽ അംഗത്വത്തിന് കഴിഞ്ഞ വർഷം ജനുവരിയിൽ യുക്രെയ്ൻ ആവശ്യപ്പെടുന്നതോടെയാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം.
റഷ്യക്കെതിരെ നാലര പതിറ്റാണ്ടുകാലം ശീതയുദ്ധം നയിച്ച നാറ്റോ സേന വീണ്ടും അയൽപക്കത്ത് നിലയുറപ്പിക്കുന്നതിനെ ഭയക്കുന്ന പുടിൻ എതിർപ്പുമായി എത്തി. നാറ്റോയെ അടുപ്പിക്കരുതെന്നും അംഗത്വമെടുത്താൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്നുമായിരുന്നു പുടിന്റെ മുന്നറിയിപ്പ്.
ഭീഷണിക്ക് വഴങ്ങാൻ കൂട്ടാക്കാതെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി നടപടികളുമായി മുന്നോട്ടുപോയി. നേരത്തേ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന കൂടുതൽ രാജ്യങ്ങൾ ഇതിനകം നാറ്റോയിൽ ചേർന്നതായിരുന്നു സെലൻസ്കിയുടെ ബലം. എന്നാൽ, നാലര കോടി ജനസംഖ്യയുള്ള, പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യങ്ങളിലൊന്നായ യുക്രെയ്ൻ അങ്ങനെ കൂടുമാറുന്നത് അംഗീകരിക്കാൻ ക്രെംലിനായില്ല. ഇതോടെയാണ് യുക്രെയ്ൻ അതിർത്തികളിൽ സൈനിക സാന്നിധ്യം റഷ്യ കൂട്ടുന്നത്. സൈനികരെ മാത്രമല്ല, ആയുധങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ച് ഭീതി കൂട്ടി. രണ്ടു ലക്ഷത്തോളം റഷ്യൻ സൈനികരാണ് അതിർത്തികളിൽ നിലയുറപ്പിച്ചത്. കരിങ്കടൽ കേന്ദ്രീകരിച്ച് വൻ കപ്പൽപ്പടയും സജ്ജം. എന്നും റഷ്യയെ പിന്തുണച്ച അയൽരാജ്യമായ ബെലറൂസിലും ക്രിമിയയിലും സൈനികർ നിലയുറപ്പിച്ചതോടെ ആക്രമണം ഏതുനിമിഷവുമെന്നതായിരുന്നു സ്ഥിതി.
പടിഞ്ഞാറോട്ടു ചാഞ്ഞ് ഭരണകൂടം
പഴയ സോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന യുക്രെയ്നിൽ റഷ്യൻ ഭാഷയും സംസ്കാരവും ആഴത്തിൽ വേരുള്ളവയാണ്. അതുകൊണ്ടുതന്നെ റഷ്യയോടു ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്നവരും ഏറെ. ഭരണകൂടങ്ങളും ഏറെക്കാലം റഷ്യൻ താൽപര്യം സംരക്ഷിച്ചവർ. 2014ൽ അന്നത്തെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ച് പുറത്താകുന്നതോടെയാണ് ഇതിനു മാറ്റം വരുന്നത്. അതേവർഷം ക്രിമിയയെ റഷ്യയുടെ ഭാഗമാക്കുക കൂടി ചെയ്തതോടെ പിന്നീട് ഭരണതലത്തിൽ റഷ്യക്ക് കാര്യമായ പിന്തുണ ലഭിച്ചില്ല. എന്നല്ല, ജനങ്ങളും കടുത്ത റഷ്യൻ വിരുദ്ധരായി.
ഡോൺബാസ് മേഖലയിലെ ഡോ ണെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകൾ ഒഴിച്ചാൽ റഷ്യയുടെ ഏതുനീക്കവും ശത്രുതയോടെ കാണുന്നവരാണ് ഏറെപ്പേരും. ജനം മാറുന്നതിനെക്കാൾ ഭരണകൂട നിലപാട് മാറ്റത്തെയാണ് പുടിൻ ഭയക്കുന്നത്. അതുകൊണ്ടുതന്നെ, പാശ്ചാത്യ രാജ്യങ്ങളുടെ പാവ ഭരണകൂടങ്ങളാണ് യുക്രെയ്നിലെന്ന് ആരോപണവും പുടിൻ ഉന്നയിക്കുന്നു.
പുതിയ ആക്രമണത്തിനു പിന്നിൽ ഇതും പ്രധാന വിഷയമാണ്. കടുത്ത ഉപരോധങ്ങളാണ് അമേരിക്കയും യൂറോപ്പും പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അവയൊന്നും റഷ്യയെ കാര്യമായി അലട്ടുന്നവയല്ലെന്നതാണ് കൗതുകം. എണ്ണ, പ്രകൃതി വാതക കയറ്റുമതി മാത്രമാണ് യൂറോപ്പുമായി കാര്യമായി റഷ്യക്കുള്ളത്. എത് ഉപരോധത്തിലും അവ സുരക്ഷിതമായി കയറ്റി അയക്കപ്പെടുകയെന്നത് റഷ്യയുടെ മാത്രമല്ല, യൂറോപ്പിന്റെയും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഉപരോധത്തെക്കാൾ റഷ്യയെ ഭീഷണിയിലാക്കുന്നത് യുക്രെയ്ന്റെ പുതിയ ചുവടുമാറ്റവും നാറ്റോ സാന്നിധ്യവുംതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

