എങ്ങനെയാണ് ജനുവരി ഒന്ന് വർഷാരംഭമായത്? പുതുവർഷത്തിന് മുമ്പ് കുറച്ച് ചരിത്രമറിയാം....
text_fields2025 അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ 2026 ജനുവരി ഒന്ന്... പുതുവർഷത്തിലേക്ക് നാം പ്രവേശിക്കും. എങ്ങനെയാണ് ജനുവരി ഒന്ന് വർഷാരംഭമായത്‍? അതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. ആദ്യകാല റോമൻ കലണ്ടറുകൾ ജനുവരിയെ പ്രത്യേക മാസമായി പരിഗണിച്ചിരുന്നില്ല. പണ്ട് പല രാജ്യങ്ങളിലും മാർച്ച് ആയിരുന്നു വർഷാരംഭം.
മാർച്ചിൽ തുടങ്ങി ഡിസംബറിൽ അവസാനിക്കുന്ന 10 മാസങ്ങളാണ് പുരാതന റോമൻ കലണ്ടറിലുണ്ടായിരുന്നത്. ജനുവരി, ഫെബ്രുവരി എന്നിവ അതിൽ ഉൾപ്പെട്ടിരുന്നില്ല. ഭരണപരമായ കാര്യങ്ങൾക്കും ഉത്സവങ്ങളുടെ നടത്തിപ്പിനായുമാണ് പ്രധാനാമായും അന്ന് കലണ്ടർ ഉപയോഗിച്ചിരുന്നത്. ഡിസംബറിനു ശേഷം വരുന്ന കടുത്ത ശൈത്യകാലത്ത് ഇത്തരം കാര്യങ്ങളൊന്നും നടക്കാത്തതിനാൽ ഡിസംബർ കഴിഞ്ഞുള്ള 50 ദിവസങ്ങൾ അവധിക്കാലമായി കണക്കാക്കി കലണ്ടറിൽ നിന്നും ഒഴിവാക്കിയിരുന്നു.
റോമൻ രാജാവായ നുമ പോംപിലിയസാണ് തന്‍റെ ഭരണകാലത്ത് (ക്രി.മു. 715–673) റോമൻ കലണ്ടർ പരിഷ്കരിച്ചത് അങ്ങനെ ജനുവരി ആദ്യ മാസമായി. എല്ലാ തുടക്കങ്ങളുടെയും റോമൻ ദേവനായ ജാനസിന്‍റെ പേരിലാണ് ജനുവരി അറിയപ്പെടുന്നത് എന്നതിനാലാണ് അദ്ദേഹം ജനുവരിയെ ആദ്യ മാസമാക്കി അത്തരമൊരു പരിഷ്കരണം നടത്തിയത്. യുദ്ധദേവനായ മാർസുമായി ബന്ധപ്പെട്ട പേരാണ് മാർച്ച്. യുദ്ധത്തേക്കാൾ ഭരണത്തിന് പ്രാധാന്യം നൽകിയാണ് ജനുവരിയെ നുമ പോംപിലിയസ് വർഷത്തിലെ ആദ്യമാസമാക്കിയത്.
ബി.സി. 153-ൽ റോമൻ ഉദ്യോഗസ്ഥർ സിവിക് ഇയറിന്‍റെ ആരംഭം ജനുവരി ഒന്നിലേക്ക് മാറ്റി. പിന്നീട് ജൂലിയസ് സീസർ ബി.സി. 46ൽ ഈ സംവിധാനം വീണ്ടും പുനഃക്രമീകരിച്ചു. അദ്ദേഹത്തിന്റെ ജൂലിയൻ കലണ്ടർ മാസങ്ങളും അധിവർഷങ്ങളും ക്രമീകരിച്ചു. എന്നാൽ ജനുവരി ഒന്ന് അതേപടി നിലനിർത്തി. റോമൻ ഭരണം വ്യാപിച്ചതോടെ, സമയം കണക്കാക്കുന്നതിനുള്ള ഈ രീതിയും വളർന്നു.
എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ റോമിന്റെ പതനത്തിനുശേഷം മതപരമായ അർത്ഥം പ്രതിഫലിപ്പിക്കുന്നതിനായി ക്രിസ്ത്യൻ രാജ്യങ്ങൾ കലണ്ടറുകൾ പുനർരൂപകൽപ്പന ചെയ്തതായി ബ്രിട്ടാണിക്ക റിപ്പോർട്ട് ചെയ്യുന്നു. മാർച്ച് 25 (പ്രഖ്യാപന തിരുനാൾ), ഡിസംബർ 25 (ക്രിസ്മസ്) എന്നിവ സാധാരണ പുതുവത്സര ദിനങ്ങളായി മാറി. അധിവർഷങ്ങളെക്കുറിച്ചുള്ള തെറ്റായ കണക്കുകൂട്ടൽ കാരണം ജൂലിയൻ കലണ്ടറിന് കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്ന് പിന്നീട് വ്യക്തമായി. ഈസ്റ്റർ തീയതി നിർണയിക്കുന്നതിലും ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചു.
അങ്ങനെ, 1582ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ഒരു പരിഷ്കരിച്ച കലണ്ടർ അവതരിപ്പിച്ചു. ഗ്രിഗോറിയൻ കലണ്ടർ ജനുവരി ഒന്ന് പുതുവർഷത്തിന്റെ തുടക്കമായി പുനഃസ്ഥാപിച്ചു. പുതിയ കലണ്ടർ ഉടനടി സ്വീകരിച്ച രാജ്യങ്ങളിൽ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവ ഉൾപ്പെട്ടിരുന്നെങ്കിലും പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ് രാജ്യങ്ങൾ അത് സ്വീകരിക്കാൻ ആദ്യം തയാറായില്ല.
ബ്രിട്ടനും അതിന്‍റെ കോളനികളും 1752 വരെ ഗ്രിഗോറിയൻ കലണ്ടർ പിന്തുടരാൻ തുടങ്ങിയിരുന്നില്ല. അവർ മാർച്ച് 25നാണ് പുതുവത്സര ദിനം ആഘോഷിച്ചിരുന്നത്. കാലക്രമേണ അക്രൈസ്തവ രാജ്യങ്ങളും ഗ്രിഗോറിയൻ കലണ്ടർ ഉപയോഗിക്കാൻ തുടങ്ങി. ഗ്രിഗോറിയൻ കലണ്ടർ പിന്തുടരുന്ന പല രാജ്യങ്ങൾക്കും മറ്റ് പരമ്പരാഗതമോ മതപരമോ ആയ കലണ്ടറുകൾ ഉണ്ട്. ചില രാജ്യങ്ങൾ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

