'മോദി എന്തുകൊണ്ട് തത്സമയ വാർത്താസമ്മേളനങ്ങൾ ഒഴിവാക്കി മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിൽ മാത്രം പങ്കെടുക്കുന്നു?'; വൈറലായി ആസ്ട്രേലിയൻ റിപ്പോർട്ടറുടെ ചോദ്യം
text_fieldsനരേന്ദ്ര മോദി ആസ്‌ട്രേലിയയിലെ മെൽബൺ വിമാനത്താവളത്തിൽ
മെൽബൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങളിലെ മാധ്യമങ്ങളോടുള്ള സമീപനം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് തിരികൊളുത്തുന്നു. ആസ്ട്രേലിയൻ സന്ദർശനത്തിനിടെ സെവൻ ന്യൂസ് റിപ്പോർട്ടർ ബ്ലേക്ക് ജോൺസൺ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. "നരേന്ദ്ര മോദി പൊതുവെ തത്സമയ വാർത്താസമ്മേളനങ്ങൾ ഒഴിവാക്കാറുണ്ട്, പകരം മുൻകൂട്ടി നിശ്ചയിച്ച പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കാറുള്ളത്," എന്നായിരുന്നു റിപ്പോർട്ടറുടെ വാക്കുകൾ. പ്രധാനമന്ത്രിയുടെ മെൽബൺ സന്ദർശനത്തിനിടെ അദ്ദേഹം നടന്നുപോകുന്ന ദൃശ്യങ്ങൾക്കൊപ്പം പരാമർശം വലിയ തോതിൽ പ്രചരിക്കുകയാണ്.
2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി ഇതുവരെ ഒരു സോളോ വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും വിദേശ നേതാക്കൾക്കൊപ്പമുള്ള സംയുക്ത പരിപാടികളിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്യാറുണ്ടെങ്കിലും, തയ്യാറാക്കാത്ത ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ അദ്ദേഹം വിമുഖത കാണിക്കുന്നുവെന്നാണ് മാധ്യമപ്രവർത്തകർ കുറ്റപ്പെടുത്തുന്നത്.
നേരത്തെ നോർവേ സന്ദർശനത്തിനിടെയും സമാനമായ സംഭവം അരങ്ങേറിയിരുന്നു. "ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് എന്തുകൊണ്ട് താങ്കൾ മറുപടി നൽകുന്നില്ല?" എന്ന് നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്‌സെൻ ചോദിച്ചിരുന്നു. അന്ന് പ്രധാനമന്ത്രി മറുപടി നൽകാതെ നടന്നുപോയ ദൃശ്യങ്ങളും വലിയ വിവാദമായിരുന്നു. അന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് വിശേഷിപ്പിച്ച് പ്രതിരോധം തീർത്തെങ്കിലും, പ്രതിപക്ഷം ഇത് ആയുധമാക്കുകയായിരുന്നു.
എന്നാൽ, പ്രധാനമന്ത്രിയുടെ ആശയവിനിമയ ശൈലിയിൽ തെറ്റില്ലെന്നാണ് ബി.ജെ.പി വാദം. പരമ്പരാഗത വാർത്താസമ്മേളനങ്ങൾ ഇന്ന് ഏക ആശയവിനിമയ മാർഗ്ഗമല്ലെന്ന് ബി.ജെ.പി എംപി തേജസ്വി സൂര്യ ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് റാലികൾ, പൊതുയോഗങ്ങൾ, ‘മൻ കി ബാത്ത്’ പരിപാടി, സാമൂഹ്യമാധ്യമങ്ങൾ എന്നിവയിലൂടെ ജനങ്ങളുമായി നേരിട്ട് സംസാരിക്കുന്ന പ്രധാനമന്ത്രി എല്ലാ പ്രധാന വിഷയങ്ങളിലും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഡിജിറ്റൽ യുഗത്തിൽ പഴയകാല വാർത്താസമ്മേളനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായും അദ്ദേഹം വാദിച്ചു.
എങ്കിലും, ഓസ്ട്രേലിയൻ റിപ്പോർട്ടറുടെ പുതിയ പരാമർശം മോദിയുടെ മാധ്യമ സമീപനത്തെക്കുറിച്ചുള്ള രാഷ്ട്രീയ തർക്കങ്ങൾ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ തലവൻ ഇത്തരം ചോദ്യങ്ങളെ നേരിടാൻ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുമ്പോൾ, വിവാദങ്ങൾ വരും ദിവസങ്ങളിലും കൂടുതൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

