ആരാകും അടുത്ത മാർപാപ്പ; പോപ്പിനെ തെരഞ്ഞെടുക്കുന്നത് ഇങ്ങനെ...
text_fieldsഎന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ച മഹാഇടയൻ നിത്യതയിലേക്ക് മടങ്ങിയിരിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. രോഗങ്ങളോട് മല്ലിട്ട് ദീർഘകാലമായി ആശുപത്രി വാസത്തിലായിരുന്നു അദ്ദേഹം. സുഖം പ്രാപിച്ചതിനു ശേഷവും ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.
12 വർഷമാണ് ഹൊർഹെ മാരിയോ ബർഗോളിയെന്ന ഫ്രാൻസിസ് മാർപാപ്പ കത്തോലിക്ക സഭ അധ്യക്ഷ(പോപ്) പദവിയിലിരുന്നത്.
ഫ്രാൻസിസ് മാർപാപ്പക്ക് പകരം വെക്കാനാകില്ലെങ്കിലും ആരാകും അടുത്ത മാർപാപ്പയെന്ന ചർച്ചയിലാണ് ലോകം. പിൻഗാമി ആരെന്ന കാര്യത്തിൽ വത്തിക്കാൻ ഒരു സൂചനയും നൽകിയിട്ടില്ല.കർദിനാളുകൾ വോട്ട് ചെയ്താണ് പോപ്പിനെ തെരഞ്ഞെടുക്കുക. ലോകത്തുടനീളം ഏതാണ്ട് 240 ലേറെ കർദിനാളുമാരുണ്ട്. നിലവിലെ പോപ് മരിക്കുകയോ രാജിവെക്കുകയോ ചെയ്യുമ്പോൾ, കർദിനാളുമാർ വോട്ടെടുപ്പിലൂടെ പിൻഗാമിയെ കണ്ടെത്തുന്നു. പാപ്പൽ കോൺക്ലേവ് എന്നാണ് ഈ പ്രകൃയ അറിയപ്പെടുന്നത്. സാധാരണയായി പാപ്പൽ വോട്ടർമാരുടെ എണ്ണം 120 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും നിലവിൽ 138 വോട്ടർമാരാണുള്ളത്. ഈ 138 പേരും രഹസ്യ വോട്ടെടുപ്പിലൂടെയാണ് വോട്ട് രേഖപ്പെടുത്തുന്നത്.
പുതിയ പോപ്പിനെ തെരഞ്ഞെടുക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഈ പരിധി എത്തുന്നത് വരെ വോട്ടെടുപ്പ് തുടരും. ഓരോ റൗണ്ട് വോട്ടെടുപ്പ് കഴിയുംതോറും ബാലറ്റുകൾ രാസവസ്തുക്കൾ ഉപയോഗിച്ച് കത്തിച്ചുകളയും. ഇത് കത്തിക്കുമ്പോൾ കറുപ്പോ വെളുപ്പോ ആയ പുകയുയരുന്നു. കറുത്ത പുകയാണെങ്കിൽ തീരുമാനമായില്ല എന്നാണ് സൂചന. വെളുത്ത പുകയാണെങ്കിൽ പുതിയ പോപ്പിനെ തെരഞ്ഞെടുത്തു എന്ന് മനസിലാക്കാം. പോപ്പിനെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അനുവാദം വാങ്ങും. സമ്മതംമൂളിയാൽ അദ്ദേഹത്തെ അടുത്ത പോപ്പായി പ്രഖ്യാപിക്കും.
പാപ്പൽ കോൺക്ലേവ് എപ്പോൾ തുടങ്ങും?
സാധാരണഗതിയിൽ പോപ്പ് മരിച്ച് രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാണ് പാപ്പൽ കോൺക്ലേവ് നടക്കുക. 2013ൽ ബെനഡിക്ട് 16ാമൻ രാജിവെച്ച് 12 ദിവസങ്ങൾക്ക് ശേഷമാണ് േകാൺക്ലേവ് തുടങ്ങിയത്. കർദിനാളുകൾക്കിടയിൽ ഐക്യമുണ്ടെങ്കിൽ പുതിയ പോപ്പിനെ പെട്ടെന്ന് തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ആഴ്ചകളെടുത്തേക്കാം. അതുവരെ സിസ്റ്റൈൻ ചാപ്പലിലെ അടച്ചിട്ട മുറിയിലെ തീരുമാനത്തിന് ലോകം കാതോർക്കും. രഹസ്യം പരസ്യമാകാതിരിക്കാൻ ഇക്കാലയളവിൽ ഒരാളും മാധ്യമങ്ങളുമായി ബന്ധപ്പെടുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യില്ല.
മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിനായി കോൺക്ലേവിൽ ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടക്കും. 33 റൗണ്ടുകൾക്ക് ശേഷവും തീരുമാനമെടുത്തില്ലെങ്കിൽ അവസാന റൗണ്ടിലെത്തുന്ന രണ്ടുപേർ തമ്മിലാകും മത്സരം.
1271 ൽ ഗ്രിഗറി പത്താമൻ മാർപാപ്പയെ തിരഞ്ഞെടുക്കാൻ പാപ്പൽ കോൺക്ലേവ് കടുത്ത രാഷ്ട്രീയ തർക്കങ്ങൾ കാരണം ഏകദേശം മൂന്ന് വർഷമെടുത്തു. ആദ്യകാലത്ത് റോമിനടുത്തുള്ള മുതിര്‍ന്ന വൈദികര്‍ക്കായിരുന്നു മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള അധികാരം. 1059 ല്‍ സമ്മതിദാനാവകാശം റോമാസഭയിലെ കര്‍ദ്ദിനാളന്മാര്‍ക്കായി നിജപ്പെടുത്തി. 80 വയസിൽ താഴെയുളളവരാകണം വോട്ടെടുപ്പിൽ പങ്കെടുക്കുന്ന കർദിനാൾമാർ.
അടുത്ത പോപ്പ് ആകാൻ സാധ്യതയുള്ളവരിൽ ആരൊക്കെ?
കോൺക്ലേവിൽ വോട്ടുചെയ്യാൻ അർഹതയുള്ള 138 കർദിനാൾമാരിൽ 110 പേരെയും ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതാണ്. യുക്രെയ്നിൽ നിന്നുള്ള പുരോഹിതനാണ് അതിൽ ഏറ്റവും പ്രായംകുറഞ്ഞ കർദിനാൾ. അടുത്ത പോപ് ചിലപ്പോൾ ആഫ്രിക്കയിൽ നിന്നാകാം...അല്ലെങ്കിൽ ഏഷ്യക്കാരനാകാം.
കർദിനാൾ പീറ്റർ എർദോ, കർദിനാൾ പിയട്രോ പരോളിൻ, കർദിനാൾ പീറ്റർ തുർക്സൺ, കർദിനാൾ ലൂയിസ് താഗിൾ, കർദിനാൾ മരിയോ ഗ്രെഞ്ച്, കർദിനാൾ മാറ്റിയോ സുപ്പി എന്നിവരാണ് അടുത്ത പോപ്പ് ആകാൻ ഏറ്റവും സാധ്യതയുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

