
വീട്ടിൽ സ്ഫോടനം നടത്തി ആത്മഹത്യ; അമേരിക്കൻ ‘ഗൂഡാലോചനാ സിദ്ധാന്തക്കാരൻ’ ജെയിംസ് യൂ മരിച്ച നിലയിൽ
text_fields‘ഗൂഡാലോചനാ സിദ്ധാന്തക്കാരൻ’ എന്നറിയപ്പെട്ടിരുന്ന ജെയിംസ് യൂ മരിച്ച നിലയിൽ. 56 വയസായിരുന്നു. അമേരിക്കയിലെ വിർജീനിയയിലുള്ള വീട്ടിൽ ഇദ്ദേഹം സ്വയം സ്ഫോടനം നടത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ജെയിംസ് യൂ നടത്തിയ സ്ഫോടനത്തെ തുടർന്ന് വീട് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
‘വീട്ടിൽ താമസിച്ചിരുന്ന ജെയിംസ് യൂ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ ഞങ്ങൾക്ക് മനസിലായത്. സ്‌ഫോടനം നടക്കുമ്പോൾ പ്രതി താമസസ്ഥലത്തുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അത് ഇയാളുടെ തന്നെയാണെന്ന് അനുമാനിക്കപ്പെടുന്നു’ -ആർലിംഗ്ടൺ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ അറിയിച്ചു.
അമേരിക്കൻ സർക്കാർ തന്നെ കൊല്ലാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് രംഗത്തുവന്നിട്ടുള്ളയാളാണ് ജയിംസ് വൂ. കോൺസ്പിറസി തിയറിസ്റ്റ് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. സ്വന്തം ലിങ്ക്ഡ്ഇൻ ഹാൻഡിലിൽ പറയുന്നതുപ്രകാരം ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെ മുൻ ഇൻഫർമേഷൻ ആൻഡ് ഫിസിക്കൽ സെക്യൂരിറ്റി മേധാവിയായിരുന്നു വൂ. തന്റെ അയൽക്കാർ തന്നെ വധിക്കാൻ എത്തിയ ചാരന്മാരാണ് എന്നാണ് യൂ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നത്. തന്റെ മുൻ ഭാര്യയെ ‘മന്ത്രവാദിനി’ എന്നും ജെയിംസ് യൂ വിളിച്ചിട്ടുണ്ട്.
അയൽവാസികൾ തന്നെ സദാ നിരീക്ഷിക്കുകയാണെന്നും അവർ യു.എസ് അധികൃതർക്ക് തന്നെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് യൂ വിശ്വസിച്ചിരുന്നു.അമേരിക്കൻ സ്റ്റേറ്റ്, ഫെഡറൽ അധികൃതർക്കെതിരെ ജെയിംസ് യൂ നിരവധി കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. 2018നും 2022നും ഇടയിലാണ് ഈ കേസുകൾ ഫയൽ ചെയ്തത്. മുൻ ഭാര്യ, ഇളയ സഹോദരി,ജോലി ചെയ്തിരുന്ന കമ്പനി, ന്യൂയോർക്ക് സുപ്രീം കോടതി എന്നിവയ്‌ക്കെതിരായ യൂവിന്റെ കേസുകൾ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്.
ജെയിംസ് യൂവിന്റെ മരണവും വീട്ടിൽ നടന്ന സ്ഫോടനവും സംബന്ധിച്ച വിവരങ്ങൾ യു.എസ് അധികൃതർ അന്വേഷിച്ചു വരികയാണ്. ഇദ്ദേഹത്തിന്റെ വീടിന്റെയോ സമീപപ്രദേശങ്ങളുടേയോ ചിത്രങ്ങളോ വിഡിയോകളോ കൈവശം ഉള്ളവർ അവ അന്വേഷണ സംഘവുമായി പങ്കുവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഈ വ്യക്തിയെയും മരണകാരണവും രീതിയും തിരിച്ചറിയാൻ ചീഫ് മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
