Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘വൈകിയെത്തുന്ന സഹായം ജീവൻ രക്ഷിക്കില്ല’; ഗസ്സയിലെ സഹായവിതരണത്തിൽ ഗുരുതര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

text_fields
bookmark_border
‘വൈകിയെത്തുന്ന സഹായം ജീവൻ രക്ഷിക്കില്ല’; ഗസ്സയിലെ സഹായവിതരണത്തിൽ ഗുരുതര മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
cancel
camera_alt

റഫ അതിർത്തിയിൽ കാത്തു കിടക്കുന്ന ട്രക്കുകൾ (ഫയൽ ചിത്രം) 

ഗസ്സ: ഗസ്സയിലേക്കുള്ള സഹായവിതരണം വൈകുന്നതിലൂടെ വലിയ ദുരന്തമാണ് ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പ്. ജീവൻ രക്ഷിക്കാൻ ആവശ്യമായ മരുന്നുകളും ആരോഗ്യസഹായ സാമഗ്രികളും ഗസ്സയിലെത്തിക്കുന്നതിൽ തുടർച്ചയായി ഉണ്ടാകുന്ന കാലതാമസം ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ നൽകുന്ന മുന്നറിയിപ്പ്. അടിയന്തര ചികിത്സക്ക് ആവശ്യമുള്ള സാമഗ്രികൾ സമയത്ത് ലഭിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും സംഘടന വ്യക്തമാക്കി.

ഗസ്സയിലേക്കുള്ള മാനവിക സഹായങ്ങൾ ഇസ്രായേൽ തടഞ്ഞും നിയന്ത്രിച്ചും കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മെഡിക്കൽ സാമഗ്രികളുടെ പ്രവേശനത്തിലെ കാലതാമസം തുടരുന്നത്. ജീവൻ രക്ഷിക്കാൻ ആവശ്യമായ മരുന്നുകളും കൃത്രിമ അവയവങ്ങളും ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിലെ ഈ നിയന്ത്രണങ്ങൾ ഗസ്സയിലെ ആരോഗ്യപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ ഫലസ്തീൻ പ്രതിനിധി റെയ്ൻഹിൽഡെ വാൻ ഡെ വെർഡ്റ്റ് വ്യക്തമാക്കി. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അനിവാര്യമായ മെഡിക്കൽ സാമഗ്രികളെ ‘ഡ്യുവൽ യൂസ്’ ( ഇരട്ട ഉപയോഗമുള്ളവ) വിഭാഗത്തിൽപ്പെടുത്തി തടസ്സപ്പെടുത്തരുതെന്നും അവർ പറഞ്ഞു.

നിലവിൽ അനുമതി ലഭിച്ച സഹായസാമഗ്രികൾ ഗസ്സയിലേക്ക് പ്രവേശിക്കുന്നത് പ്രധാനമായും തെക്കൻ അതിർത്തിയിലെ കറം ശാലോം വഴിയാണ്. തെക്കൻ ഗസ്സയിലെ റഫ അതിർത്തി രോഗികൾ ഉൾപ്പെടെയുള്ള പരിമിതമായ ആളുകളുടെ സഞ്ചാരത്തിന് വേണ്ടി മാത്രമാണ് തുറന്നിരിക്കുന്നത്.

“ആവശ്യമായ സാധനങ്ങൾ എത്തിയാലും വളരെ വൈകിയാണെങ്കിൽ അതുകൊണ്ട് ജീവൻ രക്ഷിക്കാനാകില്ല. അതാണ് യഥാർഥത്തിൽ പരിഗണിക്കേണ്ട ചോദ്യം,” വാൻ ഡെ വെർഡ്റ്റ് പറഞ്ഞു. മെഡിക്കൽ സാമഗ്രികൾക്ക് തടസ്സമില്ലാത്തതും മുൻകൂട്ടി പ്രവചിക്കാനാകുന്നതുമായ പ്രവേശനം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

കൃത്രിമ അവയവങ്ങളും മറ്റ് സഹായ ഉപകരണങ്ങളും ഉൾപ്പെട്ട ഒരു ചരക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് തവണ നിരസിക്കപ്പെട്ടതായും ഡബ്യൂ.എച്ച്.ഒ പ്രതിനിധി പറഞ്ഞു. ഒരു അവയവം നഷ്ടപ്പെട്ട് വീണ്ടും നടക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന ഒരാൾക്ക് ഓരോ നിരസിക്കലും കൂടുതൽ കാലതാമസമാണ് ഉണ്ടാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

മരുന്നുകളുടെ കാര്യത്തിൽ വലിയ തടസ്സമില്ലെങ്കിലും, ആവശ്യമായ അളവിൽ തടസ്സങ്ങളില്ലാതെ മാനുഷിക സഹായങ്ങൾ ഗസ്സയിലേക്ക് എത്തിക്കണമെന്നാണ് പ്രധാന ആവശ്യം. കിസ്സുഫിം, ഗേറ്റ് 96, എറെസ്, എറെസ് വെസ്റ്റ് തുടങ്ങിയ മറ്റ് പ്രധാന പ്രവേശന കവാടങ്ങളെല്ലാം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.

ഗസ്സയിൽ അതീവ ദുഷ്കരമായ സാഹചര്യങ്ങളിലും രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരെയും ഡബ്ല്യു.എച്ച്.ഒ പ്രതിനിധി പ്രത്യേകം പ്രശംസിച്ചു. എന്നാൽ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭിക്കാത്തതിനാൽ രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിൽ ആരോഗ്യപ്രവർത്തകർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും അവർ പറഞ്ഞു.

ശൈത്യകാലം ആരംഭിക്കുന്നതോടെ ഗസ്സയിലെ മാനവിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഏകദേശം 20 ലക്ഷം ആളുകൾക്ക് തണുപ്പിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷണം നൽകുന്ന സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ ആവശ്യമാണെന്ന് വാൻ ഡെ വെർഡ്റ്റ് പറഞ്ഞു.

ഗസ്സയിലെ ആരോഗ്യസംവിധാനം ഇപ്പോഴും അതീവ സമ്മർദത്തിലാണ്. ഡബ്ല്യു.എച്ച്.ഒയുടെ വിലയിരുത്തലിൽ ഗസ്സയിലെ 36 ആശുപത്രികളിൽ 19 എണ്ണം മാത്രമാണ് ഭാഗികമായി പ്രവർത്തിക്കുന്നതെന്നും അവയൊന്നും പൂർണമായി പ്രവർത്തിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. അവശ്യ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇന്ധനം എന്നിവയുടെ ക്ഷാമവും തുടരുകയാണ്.

ഇത്തരം സാഹചര്യത്തിൽ മാനവിക സഹായത്തിന്റെയും ആരോഗ്യസാമഗ്രികളുടെയും പ്രവേശനം വേഗത്തിലാക്കണമെന്നാണ് ഡബ്ല്യു.എച്ച്.ഒ ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഗസ്സയിലെ ആരോഗ്യസംവിധാനം നിലനിർത്തുന്നതിനും ചികിത്സ ആവശ്യമുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനും സഹായങ്ങളുടെ തടസ്സമില്ലാത്ത പ്രവേശനം നിർണായകമാണെന്നാണ് സംഘടനയുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - WHO warns of ‘devastating consequences’ due to delayed aid entry into Gaza
Next Story