ഈ ചിത്രം ഏത് അമ്മക്കാണ് സഹിക്കാനാവുക; ഇസ്രായേൽ ക്രൂരതയുടെ നേർചിത്രത്തിലെ ‘അജ്ഞാത’ തടവുകാരൻ ആര്?, മകനെ തിരഞ്ഞ് ഗസ്സയിലെ രണ്ട് അമ്മമാർ...
text_fieldsഗസ്സ സിറ്റി: ഒരു ചിത്രം, ഒരായിരം ചോദ്യങ്ങൾ, ഒടുങ്ങാത്ത വേദന... ഒപ്പം സ്വന്തം മകനെ തിരയുന്ന രണ്ട് അമ്മമാരുടെ നെഞ്ചുപൊള്ളുന്ന കാത്തിരിപ്പും. കണ്ണുകൾ കെട്ടിയ നിലയിൽ, അടിവസ്ത്രം മാത്രം ധരിച്ച്, ക്രൂരമായി ബന്ധിക്കപ്പെട്ട ഒരു ഫലസ്തീനിയൻ തടവുകാരന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഗസ്സയിലെ രണ്ട് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്.
ഇസ്രായേൽ സൈന്യം പുറത്തുവിട്ടതോ, അല്ലെങ്കിൽ ചോർന്നുകിട്ടിയതോ ആയ ആ ചിത്രത്തിലെ തടവുകാരൻ തങ്ങളുടെ പ്രിയപ്പെട്ട മകനാണെന്ന് ഉറപ്പിച്ചുപറയുകയാണ് ഗസ്സയിലെ രണ്ട് അമ്മമാർ - റാണ അബു നസ്സാറും ജൗദ അൽ-ഗൗളും. സൈന്യം ചിത്രം ആധികാരികമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും, ആ തടവുകാരൻ ആരാണെന്നോ എവിടെയാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നതെന്നോ വെളിപ്പെടുത്താൻ ഇനിയും തയ്യാറായിട്ടില്ല. ഈ നിശബ്ദതയാണ് ഈ അമ്മമാരുടെ വേദന ഇരട്ടിയാക്കുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെ പ്രചരിച്ച ചിത്രത്തിൽ, ഹീബ്രു ഭാഷയിൽ ‘ഗുഡ് മോണിങ്’ എന്ന് എഴുതിച്ചേർത്തിട്ടുണ്ട്. കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിലും, വലതുകാൽ കട്ടിലിന്റെ അടിവശത്ത് ബന്ധിച്ച നിലയിലുമാണ് തടവുകാരനുള്ളത്. വലതുകാലിൽ തുടങ്ങി കഴുത്തുവരെ നീളുന്ന ഒരു തടികഷ്ണം ശരീരത്തോട് ചേർത്ത് കെട്ടിവെച്ചിരിക്കുന്നു. മുഖം വ്യക്തമല്ലെങ്കിലും, ആ രൂപം തങ്ങളുടെ മകന്റേതാണെന്ന് ഈ അമ്മമാർ തിരിച്ചറിയുന്നു.
മകന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞ് റാണ
തന്റെ മകൻ ഉസാമയാണ് ചിത്രത്തിലുള്ളതെന്ന് റാണ അബു നസ്സാറിന് സംശയമില്ല. ‘അവന്റെ ശരീരത്തിലെ ഓരോ പാടും എനിക്കറിയാം. അവന്റെ കാലിലുണ്ടായിരുന്ന ആ വീക്കവും മുറിവുകളും ആ ചിത്രത്തിലെ തടവുകാരന്റെ കാലിലും ഞാൻ കാണുന്നുണ്ട്’- അവർ ‘റോയിട്ടേഴ്സി’നോട് പറഞ്ഞു.
മാർച്ച് 19നാണ് ഉസാമയെ ഇസ്രായേൽ സേന പിടികൂടുന്നത്. ഗസ്സയിലെ ഇസ്രായേൽ നിയന്ത്രണത്തിലുള്ള ‘യെല്ലോ ലൈൻ’ എന്നറിയപ്പെടുന്ന ഭാഗത്തിനടുത്ത് വെച്ചായിരുന്നു അറസ്റ്റ്. അന്ന് തന്റെ ഒരു വയസ്സുള്ള കുഞ്ഞിനെയും ഒപ്പം കരുതിയിരുന്ന ഉസാമയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അറസ്റ്റിലായ ദിവസം തന്നെ കുഞ്ഞിനെ വിട്ടയച്ചെങ്കിലും, കുഞ്ഞിന്റെ കാലിൽ സിഗരറ്റ് കൊണ്ട് പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, തങ്ങൾ വെടിവെച്ചപ്പോൾ തെറിച്ചുകിടന്ന വെടിയുണ്ടകളുടേതാണ് ആ പാടുകളെന്നും, സൈന്യം കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് ഇസ്രായേലിന്റെ വാദം. മാനസികാസ്വാസ്ഥ്യമുള്ള ഉസാമ, ഇസ്രായേൽ സൈന്യം എപ്പോഴും വെടിയുതിർക്കുന്ന ആ ഭാഗത്തേക്ക് കുഞ്ഞിനെ കൊണ്ടുപോകില്ലെന്ന് റാണ പറയുന്നു.
അവൻ എന്റെ ജീവൻ, തേങ്ങലോടെ ജൗദ
2023 നവംബറിൽ ഗസ്സസയുടെ തെക്ക് ഭാഗത്ത് നിന്ന് വടക്കോട്ട് യാത്ര ചെയ്യുന്നതിനിടെയാണ് ജൗദ അൽ-ഹൗളിന്റെ മകൻ അമീൻ അറസ്റ്റിലായത്. ചിത്രം കണ്ട നിമിഷം തന്നെ അത് തന്റെ മകനാണെന്ന് ജൗദ തിരിച്ചറിയുകയായിരുന്നു. ‘അവന്റെ മുടിയും താടിയും... അത് അവനാണ്. ഒരു അമ്മയുടെ ഹൃദയത്തിന് സ്വന്തം മകനെ തിരിച്ചറിയാതിരിക്കാനാവില്ല. ഞാൻ ആ മൊബൈൽ ഫോൺ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുപോയി’-ഗാസ സിറ്റിയിലെ അഭയാർഥി ക്യാമ്പിൽ നിന്ന് ജൗദ പറഞ്ഞു. അവൻ എന്റെ മകനാണ്, എന്റെ ആത്മാവാണ്, എന്റെ ജീവിതമാണ്
ഈ സംഭവത്തോടെ, ഇസ്രായേൽ തടവറകളിൽ കഴിയുന്ന ഫലസ്തീനികളുടെ ദയനീയാവസ്ഥ വീണ്ടും ചർച്ചയാകുന്നു. ഏകദേശം 1,200 ഓളം ഫലസ്തീനികളാണ് ഗസ്സയിൽനിന്ന് ഇസ്രായേലിന്റെ ‘ഇന്റേൺമെന്റ് ഓഫ് അൺലോഫുൾ കോംബാറ്റന്റ്‌സ് ലോ’ പ്രകാരം തടവിലാക്കപ്പെട്ടിരിക്കുന്നത്. ശത്രുതാപരമായ പ്രവർത്തനങ്ങളിൽ നേരിട്ടോ അല്ലാതെയോ പങ്കാളികളാണെന്ന് സംശയിക്കുന്നവരെ അനിശ്ചിതകാലത്തേക്ക് തടങ്കലിൽ വെക്കാൻ ഈ വിവാദ നിയമം ഇസ്രായേലിന് അധികാരം നൽകുന്നു.
ഈ ചിത്രത്തിന് പിന്നാലെ, തടവിലുള്ള രണ്ടുപേരെയും കാണാൻ നിയമസഹായം തേടി ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി സൈന്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ, അഭിഭാഷകർക്ക് തടവുകാരെ കാണാനുള്ള അനുമതി ലഭിക്കുക എന്നത് അതീവ ദുഷ്കരമായ ഒന്നാണെന്ന് സംഘടനയിലെ അമാനി സാറനെ പറയുന്നു.
സംഭവം വിവാദമായതോടെ, വിഷയം പരിശോധിക്കുമെന്നും ഇത്തരത്തിലുള്ള പെരുമാറ്റം സൈന്യത്തിന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നുമാണ് ഇസ്രായേൽ സൈനിക വക്താവിന്റെ പ്രതികരണം. എന്നാൽ, ഇസ്രായേലിന്റെ ഈ ഔദ്യോഗിക ഭാഷക്ക് അപ്പുറം, മകനെ കാത്തിരിക്കുന്ന രണ്ട് അമ്മമാരുടെ കണ്ണീരിന് ഉത്തരം നൽകാൻ ഇനിയും ആർക്കും സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

