ഇലോൺ മസ്‌കിന്‍റെ ഡീലിലൂടെ കോടീശ്വരനായ ഇന്ത്യൻ വംശജൻ; ആരാണ് ലോകശ്രദ്ധ നേടിയ അമൻ സാംഗർ
text_fieldsന്യൂയോർക്ക്: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഡിങ് പ്ലാറ്റ്‌ഫോമായ കഴ്സർ സ്പേസ് എക്സ് സ്വന്തമാക്കുന്നു. 60 ബില്യൺ ഡോളറിന്റെ വമ്പൻ തുകക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. ഡീലിലൂടെ ആഗോള തലത്തിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കഴ്സറിന്റെ സ്ഥാപകരിൽ ഒരാളായ 25കാരൻ അമൻ സാംഗർ. ഇന്ത്യൻ വേരുകളുള്ള അമൻ മസ്കിന്‍റെ ഡീലിലൂടെ ബില്യണേയറായി മാറിയിരിക്കുകയാണ്.
ന്യൂയോർക്കിൽ വളർന്ന അമന്റെ കുടുംബത്തിന് ഇന്ത്യയുമായി ശക്തമായ ബന്ധമാണുള്ളത്. പിതാവ് അരവിന്ദ് സാംഗർ ഐ.ഐ.ടി ബോംബെയിലെ പൂർവ വിദ്യാർഥിയാണ്. അമ്മ ശിൽപ സാംഗറാവട്ടെ സംരംഭകയുമാണ്. പതിനാലാം വയസ്സിൽ കോഡിങ്ങിനോട് തോന്നിയ താല്പര്യമാണ് അമനെ ഈ വഴിയിലേക്ക് നയിച്ചത്. എം.ഐ.ടിയിലെ പഠനകാലത്താണ് അമൻ തന്റെ സഹസ്ഥാപകരായ മൈക്കൽ ട്രൂവൽ, സുലൈഹ് ആസിഫ്, അർവിഡ് ലുന്നെമാർക്ക് എന്നിവരെ കണ്ടുമുട്ടുന്നത്.
2022-ലാണ് ഈ നാല് സുഹൃത്തുക്കൾ ചേർന്ന് അനിസ്ഫിയർ എന്ന കമ്പനിക്ക് തുടക്കമിടുന്നത്. ആദ്യം മെക്കാനിക്കൽ എഞ്ചിനീയർമാർക്കായുള്ള എ.ഐ മോഡലുകളാണ് ഇവർ നിർമ്മിച്ചതെങ്കിലും ആ പ്രോജക്ട് പരാജയപ്പെട്ടു. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതിരുന്ന സംഘം തങ്ങൾക്ക് ഏറ്റവും നന്നായി അറിയാവുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് പ്രോഗ്രാമർമാർക്കായുള്ള ഗൂഗിൾ ഡോക്സ് എന്ന് വിശേഷിപ്പിക്കാവുന്ന കഴ്സർ ജനിക്കുന്നത്.
സാധാരണ എ.ഐ ടൂളുകൾ കോഡ് സ്വയം പൂരിപ്പിച്ചു നൽകുക മാത്രമാണ് ചെയ്യുന്നത് എങ്കിൽ, കഴ്സർ ഒരു ഇന്റലിജന്റ് അസിസ്റ്റന്റായി പ്രവർത്തിക്കുന്നു. മുഴുവൻ കോഡ്ബേസുകളെയും വിശകലനം ചെയ്യാനും, തെറ്റുകൾ തിരുത്താനും, സങ്കീർണ്ണമായ കോഡിങ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇതിന് സാധിക്കും. സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ലോകത്ത് ഇന്ത്യൻ പ്രതിഭകളുടെ ആധിപത്യം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് അമൻ സാംഗറുടെയും കഴ്സറിന്റെയും ഈ അഭൂതപൂർവ്വമായ നേട്ടം.
കഴിഞ്ഞ ദിവസം ഓഹരി വിപണിയിൽ വൻ മുന്നേറ്റം നടത്തിയ സ്പേസ് എക്സിന്റെ വിപണി മൂല്യം 2.5 ട്രില്യൺ ഡോളർ കടന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഐടി ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം പുറത്തുവരുന്നത്. യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയലിങ് പ്രകാരം, കഴ്സറിന്റെ മാതൃകമ്പനിയായ അനിസ്ഫിയർ ഇനി സ്പേസ് എക്സിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമായി മാറും. 2026-ന്റെ മൂന്നാം പാദത്തോടെ ലയന നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മസ്കിന്‍റെ ഈ ഡീലോടെ അമൻ സാംഗർ ഇപ്പോൾ ബില്യനേയറായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

