കോവിഡ് സംബന്ധിച്ച തെളിവുകൾ ചൈന പുറത്തുവിടണം -ഡബ്ല്യു.എച്ച്.ഒ
text_fieldsയുനൈറ്റഡ് നാഷൻസ്: കോവിഡിന് ഉപോൽബലമായ തെളിവെന്നു കരുതുന്ന വൂഹാൻ മാർക്കറ്റിലെ സാംപിളുകൾ പിൻവലിച്ച നടപടിയിൽ ചൈനക്കെതിരെ ലോകാരോഗ്യ സംഘടന. കോവിഡ് ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ ചൈന സുതാര്യത കാണിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. വൂഹാനിലെ ഹൂനാൻ മാർക്കറ്റ് ആണ് കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്.
2019 നവംബറിലാണ് വൂഹാനിൽ നിന്ന് കോവിഡ് ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് പടർന്നു പിടിച്ചത്. കോവിഡ് പഠനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് എത്രയും പെട്ടെന്ന് കൈമാറാൻ ചൈന തയാറാകണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ ചൈനക്ക് മൂന്നുവർഷം മുമ്പുതന്നെ പങ്കുവെക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, കോവിഡിന്റെ ഉറവിടം വൂഹാൻ മാർക്കറ്റിൽ ഉണ്ടായിരുന്ന റാക്കൂണിൽ നിന്നാകാമെന്ന് പുതിയ പഠനം പുറത്തുവന്നിരുന്നു.