'ആർക്കുവേണ്ടി കരയുന്നുവെന്ന് നിങ്ങളറിയുന്നില്ല'; സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്
text_fieldsസെലീന ഗോമസ്
വാഷിങ്ടൺ ഡി.സി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തിൽ വൈകാരികമായി പ്രതികരിച്ച ഹോളിവുഡ് നടി സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ്. അനധികൃത കുടിയേറ്റക്കാരാൽ കൊല്ലപ്പെട്ടവരുടെ അമ്മമാരുടെ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് വൈറ്റ് ഹൗസിന്‍റെ പ്രതികരണം.
കുടിയേറ്റക്കാരാൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും 12കാരിയുടെയും അമ്മമാരുടെ പ്രതികരണമാണ് വൈറ്റ് ഹൗസ് പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. 'നിങ്ങൾ ആർക്കുവേണ്ടിയാണ് കരയുന്നത് എന്ന് നിങ്ങൾ അറിയുന്നില്ല' എന്നാണ് വിഡിയോയിലെ ഒരു സ്ത്രീ പറയുന്നത്. അനധികൃത കുടിയേറ്റക്കാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ഞങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളതെന്നും വിഡിയോയിലെ അമ്മമാർ ചോദിക്കുന്നു.
കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപിന്‍റ നിലപാടിനെതിരെ, പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വിഡിയോ പങ്കുവെച്ചായിരുന്നു സെലീന ഗോമസ് പ്രതിഷേധിച്ചത്. 'എന്‍റെ ആളുകളെല്ലാം ആക്രമിക്കപ്പെടുകയാണ്. കുട്ടികൾ പോലും. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്നോട് ക്ഷമിക്കണം. എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഒന്നും കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാൽ, സാധ്യമായതെല്ലാം ചെയ്യാൻ ശ്രമിക്കും, ഞാൻ ഉറപ്പുനൽകുന്നു' - 'ഐ ആം സോറി' എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയിൽ നടി കണ്ണീരോടെ പറയുന്നു. വിഡിയോ നടി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നത്. പ്രസിഡന്റായി അധികാരമേറ്റ് നാലുദിവസത്തിനകം ഈ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിവിധ രാജ്യക്കാരായ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി സൈനിക വിമാനങ്ങളിൽ നാടുകടത്തുന്നത് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

