അമീറ ഉസ്മാന്‍ എവിടെ? നിരർത്ഥകമായ ജനാധിപത്യത്തിലേക്ക് മടങ്ങിപ്പോകുന്ന സുഡാൻ
text_fieldsഅമീറ ഉസ്മാൻ
ഖാർത്തും: സുഡാനിലെ പ്രമുഖ വനിതാ വിമോചകപ്രവർത്തകയായ അമീറ ഉസ്മാനെ കഴിഞ്ഞമാസമാണ് ഖാർത്തൂമിലെ വീട്ടിൽ വെച്ച് ആയുധധാരികളായ മുപ്പത് പേർ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. മുമ്പ് നാഷനൽ ഇന്‍റലിജൻസ് ആൻഡ് സെക്യൂരിറ്റി സർവിസസ് (എൻ.ഐ.എസ്.എസ്) എന്നറിയപ്പെട്ടിരുന്ന ജനറൽ ഇന്‍റലിജൻസ് സർവിസ് (ജി.ഐ.എസ്) ആണ് അമീറയെ അറസ്റ്റ് ചെയ്തതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ സംഭവത്തിൽ ജി.ഐ.എസ് അധികൃതർ പ്രതികരിച്ചിട്ടില്ല.
അമീറയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്നും അവളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കയുണ്ടെന്നും സഹോദരി അമാനി ഉസ്മാൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു അപകടത്തിൽ അമീറയുടെ ശരീരം ഭാഗികമായി തളർന്നിരുന്നു. എൻജിനീയറും സുഡാനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗവുമാണ് ഇവർ.
അമീറയുടെ അറസ്റ്റ് ഒരു തുടക്കം മാത്രമായിരുന്നു. അതിന് ശേഷം ഖാർത്തുമിലെ നിരവധി വനിതാവകാശ പ്രവർത്തകരും സുഡാനിലെ സേച്ഛാധിപത്യ സൈനിക ഭരണാധികാരികൾക്കെതിരെ ശബ്ദമുയർത്തിയവരും ഇതുപോലെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യപ്പെട്ട് കാണാതായിട്ടുണ്ട്. 2019ലെ ജനകീയ പ്രക്ഷോഭത്തിലൂടെ ഭരണത്തിൽനിന്ന് അട്ടിമറിക്കപ്പെട്ട ഒമർ അൽ ബഷീറിന് ശേഷം മറ്റൊരു ജനാധിപത്യ സുഡാൻ സാധ്യമാകുമെന്ന വിശ്വാസത്തെ തകർത്തുകളയുന്ന രീതിയിലുള്ള കാര്യങ്ങളാണ് പിന്നീട് നടന്നത്.
സമാനമായി വനിതാവകാശ പ്രവർത്തകയും പ്രതിരോധ സമിതി അംഗവുമായ ഇമാൻ മിർഗാനിയെയും അവരുടെ ജോലി സ്ഥലത്തുനിന്നാണ് ആയുധധാരികളായ ഒരുകൂട്ടം ജി.ഐ.എസ് പ്രവർത്തകർ തട്ടികൊണ്ടുപോയത്. മിർഗാനിയെ ഫോണിൽ വിളിച്ച് സഹപ്രവർത്തകനാണെന്ന് പറയുകയും പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഓഫിസിൽനിന്ന് ഇറങ്ങിയ മിർഗാനിയെ അവർ ബലമായി ഒരു വെള്ള പിക്കപ്പ് ട്രക്കിൽ കയറ്റി കൊണ്ടുപോയി എന്നാണ് ദൃക്സക്ഷികൾ പറയുന്നത്. സേച്ഛാധിപത്യ സൈനിക നീക്കങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനും പൗരാവകാശങ്ങൾക്ക് വേണ്ടി വാദിച്ചതിനുമാണ് തന്‍റെ അമ്മയെ അറസ്റ്റ് ചെയ്യതതെന്ന് ഇമാൻ മിർഗാനിയുടെ മകൻ കരീം അലി പറയുന്നു.
രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തം കുറയ്ക്കുക എന്ന് ലക്ഷ്യമിട്ടുള്ള സൈനിക തന്ത്രങ്ങളുടെ ഭാഗമായാണ് വനിതാ വിമോചകപ്രവർത്തകയായ അമീറയെയും ഇമാൻ മിർഗാനിയെയും അറസ്റ്റ് ചെയ്തതെന്ന് സുഡാനിലെ യു.എൻ മിഷൻ അഭിപ്രായപ്പെട്ടിരുന്നു. ഇവരെ മോചിപ്പിക്കാന്‍ യു.എൻ മിഷൻ ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടി ഒന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഒമർ അൽ ബഷീറിനെ ഭരണത്തിൽനിന്ന് താഴെയിറക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് സ്ത്രീകളായിരുന്നു. ബഷീറിനു ശേഷം അധികാരത്തിൽ വന്ന സൈന്യവും വനിതാ വിമോചക പ്രവർത്തകർക്കെതിരെ തിരിയാനാണ് ശ്രമിക്കുന്നത്.
സുരക്ഷാ നടപടികളുടെ പേരുപറഞ്ഞ് ഇതുവരെ ജി.ഐ.എസ് പ്രവർത്തകർ എഴുപതിലധികം മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം എവിടെയാണുള്ളതെന്ന് അവരുടെ കുടുംബാംഗങ്ങൾക്കോ അഭിഭാഷകർക്കോ പോലും അറിയില്ല. അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്‍റെ പേരിലാണ് അവർ മുഖ്യധാരയിൽനിന്ന് അപ്രത്യക്ഷരാക്കപ്പെട്ടത്. പക്ഷേ, അവർ ഉയർത്തിയ അവകാശ പോരാട്ടങ്ങൾ ഇപ്പോഴും പ്രസക്തമായി തന്നെ നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

