Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഹോര്‍മുസ് കടലിടുക്ക്...

‘ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടാല്‍ എന്തു സംഭവിക്കും?’

text_fields
bookmark_border
‘ഹോര്‍മുസ് കടലിടുക്ക് ഇറാന്‍  അടച്ചിട്ടാല്‍ എന്തു സംഭവിക്കും?’
cancel

ഇസ്രായേൽ- യു.എസ് ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധമെന്ന നിലയിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സമുദ്ര വ്യാപാരത്തിലെ ഈ നിർണായക പാത അടച്ചു കഴിഞ്ഞാൻ ലോകത്തിന് എന്തൊക്കെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുകയാണ് പശ്ചിമേഷ്യൻ വിദഗ്ധനായ പി.കെ നിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം:

‘‘സകല ലോക നിയമങ്ങളെയും കാറ്റില്‍ പറത്തി ഇറാനു മേല്‍ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ ആഗോള തലത്തില്‍ രോഷമുയര്‍ന്നിരിക്കുകയാണ്. ആണവ കരാറില്‍നിന്ന് പിന്മാറുക, അമേരിക്കന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കുക, തങ്ങളുടെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് അടച്ചിടുക തുടങ്ങിയവ ഇറാന്റെ ആലോചനയിലുണ്ട്. തീര്‍ച്ചയായും തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും ഇറാനുണ്ട്. യു.എന്‍ ചാര്‍ട്ടറിന്റെ 51-ാം ഖണ്ഡിക രാജ്യങ്ങളുടെ സ്വയം പ്രതിരോധാവകാശത്തെ എടുത്തുപറയുന്നുണ്ട്.

പേര്‍ഷ്യന്‍ ഗള്‍ഫിനും ഗള്‍ഫ് ഓഫ് ഒമാനും ഇടയിലുള്ള കടലിടുക്കാണ് ഹോര്‍മുസ്. ഇറാന്റെയും ഒമാന്റെയും നിയന്ത്രണത്തിലുള്ള ഈ പാതയാണ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് തുറന്ന സമുദ്രത്തിലേക്കുള്ള ഏക കടല്‍ പാത. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നാണിത്. സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാഖ്, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള പ്രധാന പാതയായി ഈ കടലിടുക്ക് വര്‍ത്തിക്കുന്നു.

ഏറ്റവും കുറഞ്ഞ വീതി 33 കിലോ മീറ്ററാണ്. കപ്പല്‍ ഗതാഗത ചാല്‍ വെറും മൂന്നു കിലോമീറ്ററും. അതിനാല്‍ പാത അടച്ചിടല്‍ ഏറെ എളുപ്പമാണ്. ഇറാന്‍ നാവിക സേനയും റെവല്യൂഷന്‍ ഗാര്‍ഡിന്റെ നാവികപ്പടയും ഇവിടെ സജീവമാണ്.

ദശാബ്ദങ്ങളായി ഹോര്‍മുസ് കടലിടുക്ക് പ്രാദേശിക സംഘര്‍ഷങ്ങളുടെ കേന്ദ്രബിന്ദുവാണ്. യുഎസ് ആക്രമണത്തിന് ശേഷമുള്ള ഇറാന്റെ ഭീഷണി ആഗോള എണ്ണ വ്യാപാരത്തെ ബാധിക്കുമെന്ന ആശങ്കകളും ഉയര്‍ത്തിയിട്ടുണ്ട്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും?

പേര്‍ഷ്യന്‍ ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടലിടുക്ക്. ഏതൊരു ഉപരോധവും എണ്ണവില വര്‍ധിപ്പിക്കുകയും പണപ്പെരുപ്പം ഉണ്ടാക്കുകയും ചെയ്യും. ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടു ഭാഗവും, ദ്രവീകൃത പ്രകൃതിവാതക (LNG) ഇറക്കുമതിയുടെ പകുതിയോളവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് നടക്കുന്നത്. ഇന്ത്യ പ്രതിദിനം ഉപയോഗിക്കുന്ന 5.5 ദശലക്ഷം ബാരല്‍ എണ്ണയില്‍ 1.5 ദശലക്ഷം ബാരല്‍ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ലോകത്തിലെ ക്രൂഡ് ഓയിലിന്റെ ഏകദേശം 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 25 ശതമാനവും ഹോര്‍മുസ് വഴിയാണ് ഒഴുകുന്നത്.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാകും. എണ്ണവില ഉയരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നതിനാല്‍ ക്രൂഡ് ഓയില്‍ വിലയില്‍ ബാരലിന് പത്ത് ഡോളര്‍ വർധനവിനും ഇന്ത്യയുടെ ജി.ഡി.പിക്ക് 0.5 ശതമാനം നഷ്ടം സംഭവിക്കാനും അത് ഇടവരുത്തുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഹോര്‍മുസില്‍ പ്രശ്‌നമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി, പേര്‍ഷ്യന്‍ ഗള്‍ഫിന് പുറത്തുനിന്ന് ക്രൂഡ് ഓയില്‍ കണ്ടെത്താനും ശുദ്ധീകരിച്ച ഉല്‍പ്പന്ന കയറ്റുമതി വെട്ടിക്കുറയ്ക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞത്. ആഗോള വിപണിയില്‍ ആവശ്യത്തിന് ക്രൂഡ് ഓയില്‍ ലഭ്യമാണെന്നും അതിനാല്‍ ആശങ്ക വിതരണത്തിലല്ല, മറിച്ച് വിലയിലാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ സംഗതി ക്ലിയറായി. ഇപ്പോള്‍ തന്നെ എണ്ണയുടെ പേരില്‍ ജനത്തെ കൊള്ളയടിക്കുന്ന സര്‍ക്കാറിന് വീണ്ടും കൊള്ളയടിക്കാനുള്ള വകുപ്പായി! സുഹൃദ് രാജ്യമായ ഇറാനു നേരെ ഇസ്രായേലും അമേരിക്കയും നടത്തിയ കടന്നാക്രമണത്തെ വെള്ള പൂശുകയും അതില്‍ ആഹ്ലാദിക്കുകയും ചെയ്യുന്ന സംഘി, ക്രിസംഘികള്‍ ഇതിനെ എങ്ങനെ കാണുമെന്നാണ് അറിയേണ്ടത്.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന്‍ സൂചന നല്‍കുന്നുണ്ടെങ്കിലും അത് ചെയ്യാതിരിക്കാന്‍ മൂന്ന് പ്രധാന കാരണങ്ങളുണ്ടെന്ന് സൗത്ത് ഏഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ ശ്വേത സിങ് ചൂണ്ടിക്കാട്ടുന്നു.

ഒന്നാമതായി, ഇത് ഇറാന്റെ സുഹൃത്തും ഏറ്റവും വലിയ വ്യാപാര പങ്കാളിയും ലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയുമായ ചൈനയെ ദോഷകരമായി ബാധിക്കും. എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ചൈന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം മുക്കാല്‍ ഭാഗവും ചൈനയിലേക്കാണ്. അതിനാല്‍, തങ്ങളുടെ സമുദ്ര എണ്ണ കയറ്റുമതിയില്‍ യാതൊരു തടസ്സവും കാണാന്‍ ചൈന ആഗ്രഹിക്കില്ല. ഹോര്‍മുസ് അടക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ തങ്ങളുടെ സ്വാധീനം ചൈന ഉപയോഗിച്ചേക്കും.

രണ്ടാമതായി, ഹോര്‍മുസിന്റെ തെക്കന്‍ പകുതിയുടെ നിയന്ത്രണമുള്ള ഒമാനുമായും ജി.സി.സി രാജ്യങ്ങളുമായുമുള്ള ഇറാന്റെ ബന്ധത്തെ ഇത് ബാധിക്കും.

മൂന്നാമതായി, ഇറാന്റെ എണ്ണ കയറ്റുമതി ടെര്‍മിനലുകള്‍ അടക്കുകയോ സാമ്പത്തികമായി തിരിച്ചടി നേരിടുകയോ ചെയ്യുമ്പോള്‍ രൂക്ഷമായ വിലക്കയറ്റത്തിന് ഇടയാക്കും. ഇത് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി വര്‍ധിക്കാനും ഭരണകൂടത്തിന്റെ സ്ഥിരതയെയും പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെയും ബാധിക്കും.

ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടക്കുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് ഷോര്‍ക്ക് ഗ്രൂപ്പ് പ്രിന്‍സിപ്പലും എഡിറ്ററുമായ സ്റ്റീവന്‍ ഷോര്‍ക്ക് ബ്ലൂംബെര്‍ഗിനോട് പറഞ്ഞത്. കാരണം, ഇത് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ ഇന്ത്യയെയും ചൈനയെയും ദോഷകരമായി ബാധിച്ചേക്കും.’’




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shippingStrait of HormuzPersian GulfIsrael Iran War
News Summary - ‘What would happen if Iran closed the Strait of Hormuz?’
Next Story