ഫോർദോയിൽ യു.എസ് പ്രയോഗിച്ചത് ശക്തിയേറിയ ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബെന്ന് റിപ്പോർട്ട്
text_fieldsബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനം
ഫോർദോ ആണവനിലയത്തിൽ യു.എസ് സൈന്യം ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് വൻ നശീകരണ ശേഷിയുള്ള ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബെന്ന് റിപ്പോർട്ടുകൾ. ഭൂമിക്കടിയിലേക്ക് ആഴ്ന്നിറങ്ങി സ്ഫോടനം നടത്തി ഭൂഗർഭ അറകൾ വരെ തകർക്കാൻ ശേഷിയുള്ളതാണ് ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബ്. അതേസമയം, ഫോർദോയിലെ ആണവകേന്ദ്രത്തിന് കാര്യമായ തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഇറാൻ അധികൃതർ പറയുന്നത്. പരിഹരിക്കാൻ പറ്റുന്ന തകരാറുകൾ മാത്രമാണുണ്ടായതെന്ന് ഇറാനിയൻ എം.പി മനാൻ റെയ്സി പറഞ്ഞു.
തെഹ്റാന് തെക്കുഭാഗത്തായി മലനിരകൾക്കിടയിലാണ് ഫോർദോ ആണവനിലയത്തിന്‍റെ സ്ഥാനം. ഇവിടെ പുറത്ത് കാണുന്നതിനെക്കാൾ വലിയ അറകൾ ഭൂമിക്കടിയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഇറാന്‍റെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ഫോർദോ ആണെന്നാണ് ഇസ്രായേലും അമേരിക്കയും കണക്കാക്കുന്നത്.
ഭൂമിക്കടിയിലെ കേന്ദ്രം തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഇസ്രായേലിന്‍റെ പക്കലില്ല. ഇതിന് ശേഷിയുള്ളതാണ് യു.എസിന്‍റെ ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബുകൾ. 13,000 കിലോഗ്രാം ഭാരമുള്ളതാണ് ഈ ബോംബ്. ഭൂപ്രതലത്തിൽ വീണാൽ 18 മുതൽ 61 മീറ്റർ വരെ മണ്ണിനടിയിലേക്ക് ആഴ്ന്നിറങ്ങി സ്ഫോടനം നടത്താനുള്ള ശേഷിയുണ്ട് ഇതിന്.
ഫോർദോയിലെ ഭൂഗർഭ അറകൾ ഭൂനിരപ്പിൽ നിന്ന് 80 മുതൽ 90 മീറ്റർ വരെ ആഴത്തിലാണ് സ്ഥിതിചെയ്യുന്നതെന്ന് പറയപ്പെടുന്നു. പൂർണവിജയം അവകാശപ്പെടാനാവില്ലെങ്കിലും, ഫോർദോയെ തകർക്കാൻ ശേഷിയുള്ള ആയുധമുണ്ടെങ്കിൽ അത് യു.എസിന്‍റെ ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബുകൾ മാത്രമാണ്. ജി.ബി.യു-57 ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിനോട് ആവശ്യപ്പെട്ടിരുന്നു.
ഗുവാമിലെ യു.എസ് സൈനിക കേന്ദ്രത്തിൽ നിന്ന് പറന്നുയർന്ന ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. രണ്ട് ബങ്കർ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ളവയാണിവ. അമേരിക്കയുടെ കൈവശം മാത്രമുള്ളവയാണ് ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങൾ. ഒറ്റപ്പറക്കലില്‍ 18,500 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഇവയ്ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനും സാധിക്കും. അമേരിക്കക്ക് 19 ബി-2 സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങളാണുള്ളത്. അതിശക്തമായ റഡാർ സംവിധാനങ്ങൾക്ക് മാത്രമേ ഇവയെ തിരിച്ചറിയാനും കഴിയൂ.
നതാൻസ്, ഇസ്ഫഹാൻ നിലയങ്ങൾക്ക് നേരെ ബോംബുകൾക്ക് പുറമേ അന്തർവാഹിനികളിൽനിന്നുള്ള മിസൈലുകളും പ്രയോഗിച്ചെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഡാറുകളിൽ പെടാതെ താഴ്ന്നുപറക്കുന്ന ടൊമഹോക്ക് മിസൈലുകളാണുപയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

