Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോസ് ആഞ്ജലസ് കുടിയേറ്റ...

ലോസ് ആഞ്ജലസ് കുടിയേറ്റ പ്രതിഷേധത്തിന്‍റെ കേന്ദ്രമാകുന്നതിന് പിന്നിലെ കാരണങ്ങൾ?

text_fields
bookmark_border
Immigrant Protests in Los Angeles
cancel

കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റെയ്ഡിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടക്കം കുറിച്ചിരിക്കുന്നത് അമേരിക്കയിലെ സമ്പന്നരും ശക്തരുമായ പ്രമുഖർ വസിക്കുന്ന ലോസ് ആഞ്ജലസിലാണ്. ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണത്തിന്‍റെ കേന്ദ്രമായി ലോസ് ആഞ്ജലസ് മാറിയതിന് പിന്നിൽ വംശീയവും വർഗപരവും ജനസംഖ്യപരവുമായ കാരണങ്ങളുണ്ട്.

ദക്ഷിണ കാലിഫോർണിയയുടെ 4,000 ചതുരശ്ര മൈലിലധികം വിസ്തൃതിയുള്ളതാണ് ലോസ് ആഞ്ജലസ് കൗണ്ടി. ലോസ് ആഞ്ജലസ് സിറ്റി, ബെവർലി ഹിൽസ്, ഹോളിവുഡ്, ലോങ് ബീച്ച്, മാലിബു, പസാഡെന, സാന്‍റാ മോണിക്ക എന്നിവ ഉൾപ്പെടുന്നതാണിത്. യു.എസ് സെൻസസ് പ്രകാരം ഏകദേശം 10 ദശലക്ഷം പേരാണ് ലോസ് ആഞ്ജലസിലുള്ളത്. ഇത് കാലിഫോർണിയ ജനസംഖ്യയുടെ 27 ശതമാനം വരും. താമസക്കാരിൽ മൂന്നിലൊന്ന് വിദേശികളാണ്.

കുടിയേറ്റ വിരുദ്ധ നയത്തിന്‍റെ കേന്ദ്രബിന്ദുവായി മാറിയ ലോസ് ആഞ്ജലസിലെ താമസക്കാരിൽ കുടിയേറ്റക്കാരുടെ എണ്ണം വളരെ കൂടുതലാണ്. ഏകദേശം 9 ലക്ഷം അനധികൃത കുടിയേറ്റക്കാർ ഉള്ളതായാണ് റിപ്പോർട്ട്. ഇവരിൽ ഭൂരിപക്ഷവും 10 വർഷമായി യു.എസിൽ താമസിക്കുന്നവരാണ്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ കേന്ദ്രമായ ലോസ് ആഞ്ജലസ് നഗരത്തിൽ മാത്രം ഏകദേശം 3.9 ദശലക്ഷം പേരാണ് വസിക്കുന്നത്. ഇവരിൽ 35 ശതമാനം പേർ അമേരിക്കക്ക് പുറത്ത് ജനിച്ചവരാണെന്ന് സെൻസസ് ഡേറ്റ പറയുന്നു.

ലോസ് ആഞ്ജലസിലെ അനധികൃത കുടിയേറ്റക്കാരിൽ ഭൂരിപക്ഷവും 10 വർഷമായി യു.എസിൽ താമസിക്കുന്നവരാണെന്ന് സതേൺ കാലിഫോർണിയ സർവകലാശാലയുടെ 2020ലെ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോസ് ആഞ്ജലസിലെ കുടുംബങ്ങളിലെ ഒരംഗം മതിയായ രേഖകൾ ഇല്ലാത്ത അനധികൃത താമസക്കാരനാണ്.

ലോസ് ആഞ്ജലസിലെ വിദേശികളിൽ പകുതിയിലധികവും സ്വാഭാവിക പൗരന്മാരാണ്. എന്നാൽ, 1.8 ദശലക്ഷത്തിലധികം വരുന്ന നിവാസികൾ ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനോ വംശജരാണ്. ഏകദേശം അര ദശലക്ഷത്തോളം പേർ ഏഷ്യൻ, തദ്ദേശീയ ഹവായിയൻ അല്ലെങ്കിൽ മറ്റ് പസഫിക് ദ്വീപുവാസികളും.

1.15 ദശലക്ഷത്തിലധികം വരുന്നവർ തങ്ങൾ മറ്റ് വംശജരാണെന്ന് അവകാശപ്പെടുന്നു. ഈ വിഭാഗത്തിലെ അര ദശലക്ഷത്തിലധികം പേർ രണ്ടോ അതിലധികമോ വംശങ്ങളുമായി ബന്ധമുള്ളവരാണ്. ലോസ് ആഞ്ജലസ് നഗരത്തിലെ 56 ശതമാനത്തിലധികം പേർ വീട്ടിൽ ഇംഗ്ലീഷ് ഒഴികെയുള്ള ഒരു ഭാഷ സംസാരിക്കുന്നു. ഇതിൽ സ്പാനിഷിനാണ് പ്രഥമ പരിഗണന. ജനങ്ങളിലെ ഈ വൈവിധ്യമാണ് ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ വിരുദ്ധ നീക്കത്തിന് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.

അതേസമയം, കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള റെയ്ഡിനെതിരായ ലോസ് ആഞ്ജലസിലെ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള നടപടിയാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. നഗരത്തിലെ കൂലിത്തൊഴിലാളികൾ, വസ്ത്രനിർമാണ തൊഴിലാളികൾ, റസ്റ്റാറന്റ് ജീവനക്കാർ, ഇവരുടെ ഏജന്റുമാർ എന്നിവരെയാണ് റെയ്ഡിൽ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത്. ഇതിനെതിരെയാണ് പരസ്യ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.

ഡെമോക്രാറ്റ് പാർട്ടി ഭരിക്കുന്ന കാലിഫോർണിയ സംസ്ഥാനവും ഫെഡറൽ ഭരണകൂടവും തമ്മി​ലെ അസ്വാരസ്യം ട്രംപിന്‍റെ നടപടിയോടെ കൂടുതൽ വഷളായിരിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താനായി 2,000 നാഷനൽ ഗാർഡുകളെയും നാവികസേനയുടെ ഭാഗമായ 700ഓളം മറൈനുകളെയുമാണ് പുതുതായി വിന്യസിച്ചിരിക്കുന്നത്. ഇതോടെ ലോസ് ആഞ്ജലസിൽ വിന്യസിക്കുന്ന നാഷനൽ ഗാർഡുമാരുടെ എണ്ണം 4,000 ആയി. ആറ് പതിറ്റാണ്ടിനിടെ ആദ്യമായാണ് സംസ്ഥാന ഗവർണറുടെ അനുമതിയില്ലാതെ നാഷനൽ ഗാർഡുകളെ വിന്യസിപ്പിക്കാൻ യു.എസ് പ്രസിഡന്‍റ് ഉത്തരവിടുന്നത്.

ട്രംപിന്‍റെ നടപടി തദ്ദേശീയ ജനതക്കെതിരായ നീക്കമാണെന്ന് കുറ്റപ്പെടുത്തി കാലിഫോർണിയ ഗവർണർ ന്യൂസം, കോടതിയിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ​സൈന്യത്തെ ഇറക്കേണ്ട കലാപ സാഹചര്യങ്ങളില്ലെന്നും സൈനിക ഇടപെടൽ പ്രശ്നം രൂക്ഷമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ലോസ് ആഞ്ജലസിൽ കർഫ്യൂ പ്രഖ്യാപിച്ചു. തീവെപ്പ്, കൊള്ള എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മേയർ കാരന്‍ ബാസ് ലോസ് ആഞ്ജലസിലെ വിവിധ സ്ഥലങ്ങളിൽ കർഫ്യൂ നടപ്പാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Immigrant protestLatest Newsillegal migrantsLos Angeles protests
News Summary - What Makes Los Angeles Hotbed For Immigrant Protests
Next Story