ട്രംപ് പറഞ്ഞ 3,000 വർഷത്തെ ദുരന്തം എന്ത്?
text_fieldsതാൻ പരിഹരിക്കാൻ പോകുന്നുവെന്ന് ട്രംപ് അവകാശപ്പെടുന്ന ‘3,000 വർഷത്തെ മഹാദുരന്തം’ എന്താണെന്ന് തലപുകയ്ക്കുകയാണ് ലോകം. ട്രംപായതിനാൽ തന്നെ വലിയ ഗൗരവമൊന്നും പലരും നൽകുന്നില്ലെങ്കിലും പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്തുവന്ന ഈ പ്രസ്താവന പൊതുവേ കൗതുകമുണർത്തിയിട്ടുണ്ട്. ഇസ്രായേൽ-ഹമാസ് ചർച്ചകളുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാത്രിയോടെ ട്രംപ് പങ്കുവെച്ചതാണിത്: ‘‘ചർച്ചകൾക്ക് ശേഷം പ്രാഥമിക പിൻവാങ്ങൽ രേഖ (സൈന്യത്തിന്‍റെ) ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്. ഹമാസുമായി അത് പങ്കുവെച്ചു. അവർ ഉറപ്പുപറഞ്ഞാൽ വെടിനിർത്തൽ ഉടനടി നിലവിൽ വരും. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം തുടങ്ങും. പിൻവാങ്ങലിന്‍റെ അടുത്ത ഘട്ടത്തേക്കുള്ള ഒരുക്കങ്ങളാകും. 3,000 വർഷത്തെ ഈ മഹാദുരന്തത്തിന് അവസാനം കുറിക്കുന്നതിലേക്ക് നാം അടുക്കും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധക്ക് നന്ദി. ശ്രദ്ധിച്ചിരിക്കുക’’.
ഹമാസും ഇസ്രായേലും തമ്മിലുള്ള കരാറിനെ കുറിച്ച് പറയുമ്പോൾ 3,000 വർഷത്തിന് എന്താണ് പ്രസക്തിയെന്നാണ് ചോദ്യം. ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള പ്രശ്നത്തിന് ഒരു നൂറ്റാണ്ടിന്‍റെ പഴക്കമേയുള്ളു. ഇപ്പോൾ പരിഹരിക്കാൻ ശ്രമിക്കുന്ന ഒടുവിലെ സംഘർഷത്തിനാകട്ടെ, രണ്ടുവർഷമേ ആയിട്ടുള്ളു. ബിബ്ലിക്കൽ പരാമർശങ്ങളിലുള്ള ജൂത നാടുകടത്തലിന്‍റെയും മറ്റും പുരാണ കഥകളാണ് ട്രംപ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ ഹമാസോ അറബികളോ ഭാഗവുമല്ല. ഏതോ കാലത്തെ പുരാണ കഥകളെ വർത്തമാനത്തിലേക്ക് കൂട്ടിക്കെട്ടുന്ന തീവ്ര വലതുപക്ഷ യഹൂദ വാദങ്ങളെ വീണ്ടും ചർച്ചയിലെത്തിക്കാനുള്ള ശ്രമമാണിതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

