സമാധാന ചർച്ചയുടെ മറവിൽ അബ്രഹാം ഉടമ്പടിയിൽ സമ്മർദ്ദവുമായി ട്രംപ്; വിയോജിച്ച് പാക്കിസ്താൻ
text_fieldsഇസ്‌ലാമാബാദ്/ വാഷിങ്ടൺ: ഇറാൻ-യു.എസ് സമാധാന ചർച്ചകളുടെ പേരിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് അബ്രഹാം ഉടമ്പടിയിൽ ഒപ്പിടാൻ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾക്കു മേൽ സമ്മർദ്ദം ചെലുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ ആഹ്വാനത്തിന് പാക്കിസ്താൻ വഴങ്ങില്ലെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വ്യക്തമാക്കി. ട്രംപിന്റെ നിർദ്ദേശം പാക്കിസ്താന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾക്ക് വിരുദ്ധമാണെന്നും ആസിഫ് ചൂണ്ടിക്കാട്ടി. സമ ടിവിയോട് സംസാരിക്കുമ്പോഴായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ഉൾപ്പെട്ട എല്ലാ അറബ് രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ സ്ഥാപിക്കുന്നതിന് അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. "വ്യക്തിപരമായി, നമ്മുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി ഏറ്റുമുട്ടുന്ന അത്തരം ഒരു കരാറിലും നമ്മൾ ചേരണമെന്ന് ഞാൻ കരുതുന്നില്ല," എന്നായിരുന്നു ഇതിനോട് പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
1967-ന് മുമ്പുള്ള അതിർത്തികളിൽ പലസ്തീൻ രാഷ്ട്രം കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്ഥാപിക്കുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്നാണ് പാകിസ്താന്റെ ദീർഘകാല നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം പോലും വാക്ക് വിശ്വസിക്കാൻ കഴിയാത്ത ആളുകളോടൊപ്പം നിങ്ങൾ എങ്ങനെ ഇരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സൗദി അറേബ്യ, ഖത്തർ, പാക്കിസ്താൻ, തുർക്കി, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ തയ്യാറാകണമെന്നായിരുന്നു ട്രംപിന്റെ അഭ്യർഥന.അതേസമയം, പാക്കിസ്താൻ ഉടമ്പടിയുടെ ഭാഗമാകാൻ തീരുമാനിച്ചാൽ നയതന്ത്രപരമായ തീരുമാനങ്ങൾക്കപ്പുറം വലിയൊരു സാങ്കേതിക പ്രതിസന്ധി രാജ്യത്തിന്റെ പാസ്‌പോർട്ട് സംവിധാനത്തിൽ ഉണ്ടാകും. നിലവിൽ പാകിസ്താൻ പൗരന്മാരുടെ പാസ്‌പോർട്ടിൽ 'ഇസ്രായേൽ ഒഴികെ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും ഈ പാസ്‌പോർട്ടിന് സാധുതയുണ്ട്' എന്ന് പ്രത്യേകം അച്ചടിച്ചിട്ടുണ്ട്. ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്രബന്ധം സ്ഥാപിച്ചാൽ ഈ നിയമപരമായ വാചകം പാസ്‌പോർട്ടിൽ നിന്ന് മാറ്റേണ്ടി വരും.
അതേസമയം അബ്രഹാം ഉടമ്പടിയുമായി വിയോജിപ്പ് അറിയിച്ച പാകിസ്താൻ ഇറാൻ-യുഎസ് ചർച്ചയിൽ മധ്യസ്ഥത വഹിക്കുന്നതിനെ ചോദ്യം ചെയ്ത് യു.എസ് റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം വീണ്ടും രംഗത്തെത്തി. "ഒരു മധ്യസ്ഥൻ എന്ന നിലയിൽ പാകിസ്താൻ പ്രശ്‌നകരമല്ലെന്ന് എനിക്ക് വളരെക്കാലമായി തോന്നുന്നു. ഇസ്രായേലിനോടുള്ള അവരുടെ ശത്രുത വളരെക്കാലമായി നിലനിൽക്കുന്നതാണ്" ഗ്രഹാം കൂട്ടിച്ചേർത്തു.
എന്താണ് അബ്രഹാം ഉടമ്പടി?
ഇസ്രായേലും അറബ് രാജ്യങ്ങളുമായുള്ള നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധം സാധാരണ നിലയിലെത്തിക്കുന്നതിനായി 2020ൽ ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച കരാറാണ് അബ്രഹാം ഉടമ്പടി. യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ഉടമ്പടിയിൽ ആദ്യം ഒപ്പുവച്ചത്. തുടർന്ന് മൊറോക്കോയും സുഡാനും പങ്കാളികളായി. ഇവർക്കു പുറമെ സൗദി അറേബ്യ, ഖത്തർ, പാക്കിസ്താൻ, ഈജിപ്ത്, ജോർദാൻ, തുർക്കി തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ കൂടി ഉടമ്പടിയിൽ ഒപ്പുവയ്ക്കണമെന്നും ഇസ്രായേലിനെ അംഗീകരിക്കണമെന്നുമാണ് ട്രംപ് നിർബന്ധം പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

