ഒറ്റത്തവണ ഉപയോഗം, ലക്ഷ്യസ്ഥാനം ചാമ്പലാക്കും; 'കാമികേസ്' ഡ്രോണുകൾ -പുതിയ യുദ്ധമുഖം തുറന്ന് റഷ്യ
text_fieldsയുക്രെയ്നുമായുള്ള കരയുദ്ധത്തിൽ തുടക്കത്തിൽ മേധാവിത്വം നേടിയ റഷ്യക്ക് പിന്നീട് കാലിടറുന്ന കാഴ്ചയാണ് ലോകം കണ്ടത്. നേരത്തെ സൈന്യം നിലയുറപ്പിച്ച പല യുക്രെയ്ൻ മേഖലകളിൽ നിന്നും റഷ്യക്ക് പിൻവാങ്ങേണ്ടിവന്നു. തലസ്ഥാനമായ കിയവ് പിടിക്കാൻ മാസങ്ങൾക്ക് മുമ്പേ റഷ്യ ആക്രമണം തുടങ്ങിയെങ്കിലും യുക്രെയ്ൻ സൈന്യത്തിന്‍റെ കനത്ത ചെറുത്തുനിൽപ്പിനു മുന്നിൽ പതറി. യു.എസ് ഉൾപ്പെടെ കൂടുതൽ ലോകരാജ്യങ്ങൾ യുക്രെയ്ന് ആയുധവും സാമ്പത്തിക സഹായവും നൽകുമ്പോൾ പുതിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ് റഷ്യ.
സംഘർഷങ്ങൾ അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഒക്ടോബർ 10നാണ് റഷ്യ വ്യോമാക്രമണം ശക്തമാക്കിയത്. അതിന് ശേഷം 25 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായുമാണ് യുക്രെയ്ൻ വ്യക്തമാക്കുന്നത്. മിസൈലുകൾക്ക് പുറമേ ഇറാൻ നിർമിത കാമികേസ് ഡ്രോണുകളാണ് റഷ്യ ഉപയോഗിക്കുന്നതെന്ന് യുക്രെയ്ൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു.
(കിയവിൽ തിങ്കളാഴ്ച പതിച്ച ഡ്രോണുകളിലൊന്ന്)
കിയവിൽ ഇന്നലെ വൈദ്യുത കേന്ദ്രങ്ങളെയും അപ്പാർട്ടുമെന്‍റുകളെയും ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. വ്യാപക നാശനഷ്ടവുമുണ്ടായി. ചാവേർ ഡ്രോണുകൾ എന്നറിയപ്പെടുന്ന കാമികേസ് ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിക്കുന്നത്.
(ഡ്രോണുകളെ വെടിവെച്ച് വീഴ്ത്താനുള്ള യുക്രെയ്ൻ സൈനികരുടെ ശ്രം)
എന്താണ് 'കാമികേസ്'
രണ്ടാംലോക മഹായുദ്ധത്തിൽ കേട്ട വാക്കാണ് കാമികേസ്. സ്വയം കുരുതിനൽകുക എന്നാണ് ഇതിന്‍റെ അർഥം. രണ്ടാംലോക യുദ്ധത്തിൽ ജപ്പാന്‍റെ ഫൈറ്റർ വിമാനങ്ങൾ നിറയെ സ്ഫോടകവസ്തുക്കളുമായി ലക്ഷ്യത്തിൽ ഇടിച്ചിറക്കി സ്വയം പൊട്ടിത്തെറിക്കുന്ന മാർഗം അവലംബിച്ചിരുന്നു. പൈലറ്റുൾപ്പെടെ കൊല്ലപ്പെടുമെങ്കിലും വൻ സ്ഫോടനത്തിൽ ലക്ഷ്യസ്ഥാനം ചാമ്പലാകും. ഇതിന്‍റെ ഡ്രോൺ പതിപ്പാണ് കാമികേസ്.
സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് പതിപ്പിച്ച് സ്ഫോടനം നടത്തുകയെന്നതാണ് രീതി. മിസൈലുകളേക്കാൾ ചെലവ് കുറഞ്ഞതും കൃത്യത കൂടിയതുമാണ് ഈ മാർഗം. അതേസമയം തന്നെ ശത്രുക്കൾക്ക് ആക്രമിച്ച് തകർക്കാൻ കഴിയുമെന്ന മറ്റൊരു വശം കൂടിയുണ്ട്. തിങ്കളാഴ്ച മാത്രം 37 ഡ്രോണുകളെ ഇത്തരത്തിൽ തകർത്തെന്നാണ് യുക്രെയ്ൻ അവകാശപ്പെടുന്നത്.
(കിയവിൽ ഡ്രോൺ ആക്രമണത്തിൽ തകർന്ന കെട്ടിടം)
ഇറാൻ നിർമിത ഡ്രോണുകൾ?
ഇറാൻ നിർമിതമാണ് റഷ്യ ഉപയോഗിക്കുന്ന കാമികേസ് ഡ്രോണുകളെന്ന് യുക്രെയ്ൻ ആരോപിക്കുന്നു. 2400 കാമികേസ് ഡ്രോണുകളുടെ ഇടപാടാണ് റഷ്യ ഇറാനുമായി നടത്തിയതെന്നാണ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലെൻസ്കി പറഞ്ഞത്.
ഇറാനിൽ ഷഹീദ്-136 എന്നാണ് ഈ ഡ്രോണുകൾ അറിയപ്പെടുന്നത്. എന്നാൽ, തങ്ങൾ ആർക്കും ഡ്രോണുകൾ നൽകുന്നില്ലെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. റഷ്യയും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കിഴക്കൻ യൂറോപ്പിലെ നാറ്റോ സാന്നിധ്യമാണ് യുദ്ധത്തിന് കാരണമെന്ന നിലപാടാണ് ഇറാന്.
റഷ്യക്ക് ഇത്തരം ലോ-എൻഡ് ആയുധങ്ങൾ ഇത്രയും കൃത്യതയോടെ വികസിപ്പിക്കാനുള്ള ശേഷിയില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുക്രെയ്ന്‍റെ വ്യോമപ്രതിരോധത്തെ കബളിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗമായാണ് റഷ്യ ഡ്രോൺ ആക്രമണത്തെ കാണുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ചാവേർ ഡ്രോണുകളുടെ ഉപയോഗം യുക്രെയ്നിൽ പുതിയ യുദ്ധമുഖം തന്നെ തുറക്കുകയാണ്. 20,000 ഡോളറോളമാണ് ഡ്രോണിന്‍റെ ഏകദേശ വില. ഇത് മിസൈലുകളുടെ ചിലവിനേക്കാൾ കുറവാണ്. മനുഷ്യസാന്നിധ്യമോ ഫൈറ്റർ ജെറ്റുകളോ ആവശ്യമില്ലാതെ തന്നെ വ്യോമാക്രമണം നടത്തി നാശനഷ്ടമുണ്ടാക്കാൻ ഡ്രോണുകൾക്ക് സാധിക്കും. ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധത്തിന് തന്നെ വെല്ലുവിളിയാണെന്ന് യുക്രെയ്ൻ അധികൃതർ സമ്മതിക്കുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്ന് കൂടുതൽ ആയുധങ്ങളും ഡ്രോണുകളെ വെടിവെച്ചുവീഴ്ത്താവുന്ന സംവിധാനങ്ങളും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവ എത്താനുള്ള കാലതാമസം വെല്ലുവിളിയാണ്. മാസങ്ങളെടുത്തേക്കാമെന്നാണ് അനുമാനം.

