പശ്ചിമേഷ്യൻ സംഘർഷം: ഇറാന് ആദ്യഘട്ട മെഡിക്കൽ സഹായം എത്തിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇറാനുമേലുള്ള ഇസ്രായേൽ-അമേരിക്കൻ യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ഇറാനിലേക്ക് ആദ്യഘട്ട മെഡിക്കൽ സഹായം എത്തിച്ച് ഇന്ത്യ. അത്യാവശ്യ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും അടങ്ങുന്ന ഇന്ത്യയുടെ ആദ്യ ചരക്ക് ബുധനാഴ്ച ഇറാനിലെത്തി. മേഖലയിൽ അസ്ഥിരത തുടരുന്ന അവസ്ഥയിൽ മാനുഷിക പരിഗണന മുൻനിർത്തിയാണ് ഇന്ത്യയുടെ ഈ സഹായ നടപടി.
ഇന്ത്യ അയച്ച മെഡിക്കൽ സാമഗ്രികൾ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അധികൃതർ ഏറ്റുവാങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം നൽകിയത്. സഹായം കൈമാറുന്നതിന്റെ ദൃശ്യങ്ങൾ ഇറാനിയൻ എംബസി പുറത്തുവിട്ടു. പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഇന്ത്യൻ ജനതയോടുള്ള നന്ദി ഒരിക്കലും പറഞ്ഞാൽ തീരാത്തതാണെന്ന് ഇന്ത്യയിലെ ഇറാൻ എംബസി അറിയിച്ചു.
“ബഹുമാന്യരായ ഇന്ത്യൻ ജനതയിൽനിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങളോട് ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു.” എംബസി ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ ഈ ഇടപെടൽ നിലവിലെ മാനുഷിക പ്രതിസന്ധി ലഘൂകരിക്കാൻ സഹായിക്കുമെന്നും എംബസി കൂട്ടിച്ചേർത്തു.
ഇറാനും ഇസ്രായേലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളും അമേരിക്കയുടെ ആക്രമണവും പശ്ചിമേഷ്യയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുദ്ധസമാനമായ സാഹചര്യത്തിൽ ഇറാനിലെ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ഇന്ത്യയുടെ അടിയന്തര സഹായം. അത്യാവശ്യ മരുന്നുകൾ, പ്രഥമശുശ്രൂഷ കിറ്റുകൾ, മറ്റ് ആരോഗ്യ സംരക്ഷണ സാമഗ്രികൾ എന്നിവയുൾപ്പെടെയുള്ള ആദ്യഘട്ട സഹായമാണ് ഇന്ത്യ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിക്ക് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

