പശ്ചിമേഷ്യൻ യുദ്ധം; 40 രാജ്യങ്ങൾ ഒറ്റക്കെട്ടായി നിർണായക ചർച്ചക്ക്, ഫ്രാൻസും ബ്രിട്ടനും നേതൃത്വം വഹിക്കും
text_fieldsപാരീസ്: പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യ പശ്ചാത്തലത്തിൽ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നത് ലക്ഷ്യംവെച്ചുള്ള നിർണായക ചർച്ചകൾ ഇന്ന് നടക്കും. ഫ്രാൻസും ബ്രിട്ടനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ലോകത്തെ 40ലധികം രാജ്യങ്ങൾ പങ്കെടുക്കും. പാരീസിൽ വെച്ച് വിഡിയോ കോൺഫറൻസ് വഴി നടക്കുന്ന ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും നേതൃത്വം നൽകും.
ലോകത്തെ ഊർജ വിതരണത്തിന്റെ ജീവനാഡിയായ ഹുർമുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാൻ ബഹുരാഷ്ട്ര പ്രതിരോധ ദൗത്യം രൂപവത്കരിക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
ഫെബ്രുവരി 28 മുതൽ ഇറാനെതിരെ യു.എസ്-ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് മേഖലയിൽ കപ്പൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇത് ആഗോളതലത്തിൽ ഇന്ധനവില വർധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമാധാനപരമായ അന്തരീക്ഷം വീണ്ടെടുക്കാൻ സൈനികേതര രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി പുതിയ ദൗത്യത്തിന് ഫ്രാൻസും ബ്രിട്ടനും രൂപം നൽകുന്നത്.
ഹുർമുസ് ചർച്ചകൾക്ക് പുറമെ, മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ മറ്റ് പ്രധാന നയതന്ത്ര നീക്കങ്ങളും ഇന്ന് നടക്കുന്നുണ്ട്.
സൗദി അറേബ്യ, പാകിസ്താൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തുർക്കി വിദേശകാര്യ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇറാൻ-യു.എസ് സംഘർഷം ലഘൂകരിക്കുന്നതിനുള്ള വഴികളാണ് ഈ യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് തുർക്കിയിലെത്തും. മധ്യേഷ്യയിലെയും കരിങ്കടൽ മേഖലയിലെയും സുരക്ഷ സാഹചര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്യും.
ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ, യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി ഇമ്മാനുവൽ മാക്രോൺ സംസാരിച്ചു. ഹുർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നുനൽകണമെന്നും ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാഷിങ്ടണും തെഹ്‌റാനും തമ്മിൽ പാകിസ്താനിൽ വെച്ച് നടന്ന 21 മണിക്കൂർ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ ഈ ഇടപെടൽ. ഇസ്‌ലാമാബാദിലെ സ്തംഭനാവസ്ഥ മറികടക്കാൻ പാരീസ് ഉച്ചകോടിക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

