പശ്ചിമേഷ്യയിൽ സമാധാന ചർച്ച വഴിമുട്ടി
text_fieldsഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ലബനാനിലെ സൗർ പട്ടണത്തിലെ ജബൽ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവ്. കഴിഞ്ഞ ദിവസം ഈ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു
ബൈറൂത്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടിട്ടും ലബനാനിൽ വെടിനിർത്താൻ കൂട്ടാക്കാതെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. വാഷിങ്ടണിൽ യു.എസ് മധ്യസ്ഥതയിൽ ലബനാൻ-ഇസ്രായേൽ നാലാം ഘട്ട വെടിനിർത്തൽ ചർച്ച തുടങ്ങിയ ചൊവ്വാഴ്ചയും ദക്ഷിണ ലബനാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ അതിരൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു. ലബനാനിലെ ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് ഇറാൻ യു.എസുമായുള്ള സമാധാന ചർച്ചയിൽനിന്ന് പിന്മാറിയിരിക്കുകയുമാണ്. ഇതോടെ, 96 ദിവസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനാവാതെ രാജ്യത്തിനകത്തും പുറത്തും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ട്രംപ്.
സമാധാന ചർച്ചകളിൽ നിന്ന് പിൻവാങ്ങുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം സംയമനം ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയിരുന്നു. വെടിനിർത്തൽ ഉടനുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും ഇസ്രായേൽ സൈന്യം കൂടുതൽ മേഖലകളിൽ ആക്രമണം നടത്തുകയായിരുന്നു. നെതന്യാഹുവുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ ട്രംപ് കുപിതനായതായി റിപ്പോർട്ടുകളുണ്ട്. സംസാരത്തിനിടെ നെതന്യാഹുവിനെ ട്രംപ് ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ചുവത്രെ. എന്നാൽ, ആക്രമണം അവസാനിപ്പിക്കുമെന്ന് നെതന്യാഹു തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹിസ്ബുല്ല വെടിനിർത്തലിന് തയാറായെന്നുമാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, യു.എസ് സർക്കാറിൽ നിന്ന് ആരാണ് ഹിസ്ബുല്ലയുമായി സംസാരിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ട്രംപുമായുള്ള ഫോണ്‍സംഭാഷണം സ്ഥിരീകരിച്ച നെതന്യാഹു പക്ഷേ ധാരണയെ കുറിച്ച് പ്രതികരിച്ചില്ല.
ദക്ഷിണ ലബനാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പേർ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ സൗറിലെ ജബൽ ആശുപത്രിക്കുനേരെ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ മരണസംഖ്യ നാലായി ഉയർന്നതായും 50 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ ബൈറൂത്തിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഇതോടെ പ്രദേശത്തുനിന്ന് കൂട്ടപ്പലായനം ആരംഭിച്ചു. കഴിഞ്ഞ ദിവസം ലബനാനിലെ തന്ത്രപ്രധാനമായ ബ്യൂഫർട്ട് കാസിൽ ഇസ്രായേൽ പിടിച്ചെടുത്തിരുന്നു. 25 വര്‍ഷത്തിനിടയിലെ ലബനാനിലെ ഏറ്റവും വലിയ സൈനിക അധിനിവേശമാണ് ഇപ്പോള്‍ ഇസ്രായേൽ സൈന്യം നടത്തുന്നത്. ഇസ്രായേൽ നടപടിക്കെതിരെ സ്പെയിൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ലബനാനിൽ വെടിനിർത്തുക എന്നതാണ് ഇറാന്റെ സമാധാന ചർച്ചക്കുള്ള ഉപാധികളിലൊന്ന്. നെതന്യാഹുവിന്റെ സൈനിക നീക്കം തുടരുന്ന സാഹചര്യത്തിൽ ചർച്ചക്ക് ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അത്രയും കാലം, ഹുർമുസ് കടലിടുക്കിലെ എണ്ണക്കപ്പൽ ഗതാഗതം സ്തംഭിക്കും. ഇത് ആഗോള വിപണിയെ കൂടുതൽ ദൂർബലമാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

