പശ്ചിമേഷ്യയിൽ താൽക്കാലിക ശാന്തത; രണ്ടുദിവസത്തെ ആക്രമണങ്ങൾക്കുശേഷം വീണ്ടും സമാധാനശ്രമം
text_fieldsഡോണൾഡ് ട്രംപ്
തെഹ്‌റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇറാനുമായി ചർച്ച തുടരാൻ അമേരിക്ക സമ്മതിച്ചതായി ഡോണൾഡ് ട്രംപ്. എന്നാൽ, ഇരു രാജ്യങ്ങളും തമ്മിലെ വെടിനിർത്തൽ അവസാനിച്ചുവെന്നും ട്രംപ്.
തെഹ്റാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും നടത്തിയ രണ്ടുദിവസത്തെ മാരക ആക്രമണങ്ങൾക്കുശേഷം മധ്യസ്ഥ രാജ്യങ്ങൾ നയതന്ത്രം പുനഃസ്ഥാപിക്കാൻ ശ്രമം ഊർജിതമാക്കിയതോടെ പശ്ചിമേഷ്യയിൽ താൽക്കാലിക ശാന്തത. തെഹ്‌റാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇറാനുമായി ചർച്ച തുടരാൻ അമേരിക്ക സമ്മതിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലെ വെടിനിർത്തൽ അവസാനിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സമാധാന ചർച്ചകൾക്കായി ഖത്തർ പ്രതിനിധികൾ തെഹ്‌റാനിലേക്ക് പോകുന്നതായി റിപ്പോർട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസവും ഇറാനെതിരെ അമേരിക്ക രൂക്ഷമായ വ്യോമാക്രമണം നടത്തി. തിരിച്ചടിച്ച ഇറാൻ കുവൈത്തിനെയും ഖത്തറിനെയും ബഹ്‌റൈനെയും ജോർഡനെയും ലക്ഷ്യമിട്ട് മിസൈലുകൾ പായിച്ചു. കുവൈത്തിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 10 ഡ്രോണുകളും വെടിവെച്ചിട്ടപ്പോൾ അവശിഷ്ടങ്ങൾ വീണ് ഒരാൾക്ക് പരിക്കേറ്റു. ജോർഡനിലെ യു.എസ് താവളത്തിലേക്ക് റെവല്യൂഷനറി ഗാർഡ് മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടി.വി റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ഏക ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശം ലക്ഷ്യമിട്ട് യു.എസ് വ്യോമാക്രമണം നടത്തിയതായി ഒരു ഇറാൻ ഉദ്യോഗസ്ഥൻ പറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിലും സ്ഫോടനം റിപ്പോർട്ട് ചെയ്തു. ഇറാനിലുടനീളം 90 കേന്ദ്രങ്ങൾ ആക്രമിച്ചതായി യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പറഞ്ഞു. വിമാനത്താവള റൺവേയിലും മിസൈൽ ലോഞ്ചറുകളിലും നടത്തിയ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അവർ പുറത്തുവിട്ടു.
ഇറാന്റെ ആണവ നിലയ സമുച്ചയത്തിന്റെ ആസ്ഥാനമായ ബുശഹർ, തെക്കൻ തുറമുഖ നഗരങ്ങൾ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടനമുണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഇറാന്റെ വടക്കുകിഴക്കൻ ഗോലെസ്ഥാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലത്തിലും ആക്രമണമുണ്ടായി. ഇറാനിൽ രണ്ട് ദിവസത്തെ അമേരിക്കൻ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഭൂരിഭാഗവും സായുധ സേനാംഗങ്ങളാണെന്നാണ് റിപ്പോർട്ട്. അതേസമയം, വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

