Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഹുർമുസിൽ ഏഴ് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം

text_fields
bookmark_border
വീണ്ടും യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഹുർമുസിൽ ഏഴ് എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം
cancel

തെഹ്റാൻ: ഹുർമുസ് കടലിടുക്കിൽ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിലും കടൽമൈനുകളിൽ തട്ടിയും ഏഴ് എണ്ണക്കപ്പലുകൾക്ക് തീപിടിക്കുകയോ കേടുപാടുണ്ടാകുകയോ ചെയ്തതായി ഇറാൻ. മേഖല വീണ്ടും സമ്പൂർണ യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് വ്യാഴാഴ്ച ഇറാൻ ഇക്കാര്യം അറിയിച്ചത്. 21 ഇന്ത്യൻ ജീവനക്കാരുള്ള ഒരു കപ്പലും അപകടത്തിൽപെട്ടിട്ടുണ്ട്. കുവൈത്ത് പതാകയുളള ‘എം/ടി അൽ ദസ്മ’ എന്ന എണ്ണ ടാങ്കറിനുനേരെ അജ്ഞാത വസ്തു പതിച്ചുവെന്നും കപ്പലിലുണ്ടായിരുന്ന 21 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവൽ അറിയിച്ചു.

പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് അധികാരം നഷ്ടമായേക്കാവുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയും അമേരിക്കയിൽ അടുത്തമാസം ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുമാണ് സംഘർഷം രൂക്ഷമാകുന്നത്. യുദ്ധത്തെത്തുടർന്നുള്ള വിലക്കയറ്റം അമേരിക്കൻ വോട്ടർമാർക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ഇതിനിടെ, ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം പുനരാരംഭിച്ചേക്കുമെന്ന ആശങ്കയും ഉയരുകയാണ്.

ഇറാൻ വിപ്ലവ ഗാർഡിന്റെ നാവികവിഭാഗത്തെ ഉദ്ധരിച്ചാണ് കപ്പലുകൾക്കുനേരെയുണ്ടായ പുതിയ ആക്രമണങ്ങളെക്കുറിച്ച് ഇറാൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തത്. വാണിജ്യക്കപ്പലുകളെ ഹുർമുസ് കടലിടുക്കിലൂടെ കടത്തിവിടാൻ അമേരിക്ക സഹായം തുടർന്നാൽ മേഖലയിലെ യു.എസ് സൈനികത്താവളങ്ങൾ ആക്രമിക്കുമെന്നും വിപ്ലവ ഗാർഡ് വീണ്ടും മുന്നറിയിപ്പ് നൽകി. അതിനിടെ, മൂന്നാമതൊരു വിമാനവാഹിനിക്കപ്പലും ആയിരക്കണക്കിന് സൈനികരും ഉൾപ്പെടെ കൂടുതൽ സൈനിക സന്നാഹങ്ങൾ അമേരിക്ക മേഖലയിലേക്ക് അയക്കുകയാണ്.

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം

ദുബൈ: സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ ഇന്ത്യക്കാരനും സൗദി പൗരനും കൊല്ലപ്പെട്ടു. രണ്ട് ഇന്ത്യക്കാരടക്കം എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു ആക്രമണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.

സൗദി അധികൃതരാണ് ഇന്ത്യൻ പൗരന്മാർക്കുണ്ടായ ആളപായം എംബസിയെ അറിയിച്ചത്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണെന്നും ദുരിതബാധിതരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുകയാണെന്നും എംബസി സമൂഹമാധ്യമക്കുറിപ്പിൽ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും എംബസി വ്യക്തമാക്കി. ആക്രമണത്തിന് ഉപയോഗിച്ചത് ഡ്രോണാണോ മിസൈലാണോ എന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഉത്തരവാദികളെയും സൗദി അധികൃതർ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും, ഹൂതികളാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തിട്ടില്ല.

അതേസമയം, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ വ്യാഴാഴ്ചയോടെ പുനരാരംഭിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് തുടരുകയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുന്നതായും വ്യോമയാന അതോറിറ്റി വ്യക്തമാക്കി. ഒക്ടോബർ 10 മുതൽ തുടർച്ചയായ ദിവസങ്ങളിൽ ഹൂതികൾ സൗദി ലക്ഷ്യമാക്കി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയും ആക്രമണമുണ്ടായിരുന്നു.

തുടർന്ന് ഒരാഴ്ചയോളം വിമാനത്താവളം അടച്ചിട്ടു. സൗദിയിലെ ഊർജകേന്ദ്രങ്ങൾക്കും മറ്റു നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയും കഴിഞ്ഞദിവസങ്ങളിൽ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ബുധനാഴ്ച സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തെ ലക്ഷ്യമിട്ടുണ്ടായ മറ്റൊരു ഡ്രോൺ ആക്രമണത്തിലും ഒരു ഇന്ത്യക്കാരന് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ സൗദി അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്നും കൂടുതൽ വിവരങ്ങൾ കാത്തിരിക്കുകയാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - West Asia Faces War Fears Again; Seven Oil Tankers Attacked in the Strait of Hormuz
Next Story