പാപ്പരായ രാജ്യത്താണ് കഴിയുന്നതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
text_fieldsഇസ്‍ലാമാബാദ്: രാജ്യം പാപ്പരായിരിക്കുകയാണെന്നും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമുൾപ്പെടെ എല്ലാവരും അതിന് ഉത്തരവാദികളാണെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ദശകങ്ങളായുള്ള പണപ്പെരുപ്പം മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകർന്നു കൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം. ഒരു ലിറ്റർ പാലിന് 250 രൂപയും ചിക്കന് കിലോക്ക് 780 രൂപയുമാണ് വലിക്കയറ്റം മൂലം പാകിസ്താനിൽ ജനങ്ങൾ നൽകേണ്ടി വരുന്നത്. കൂടാതെ നിരന്തരമായ വായ്പാ തിരിച്ചടവുകൾ മൂലം വിദേശ നാണ്യ ശേഖരം കുത്തനെ കുറഞ്ഞു.
‘പാകിസ്താൻ പാപ്പരാകാൻ പോകുന്നുവെന്ന് നിങ്ങൾ തീർച്ചയായും കേട്ടിരിക്കും. അത് നടന്നു കഴിഞ്ഞിരിക്കുന്നു. ഞങ്ങൾ പാപ്പരായ രാജ്യത്താണ് ജീവിക്കുന്നത്.’ - സിയാൽ കോട്ടിലെ പരിപാടിയിൽ പങ്കെടുക്കവെ ഖ്വാജ ആസിഫ് പറഞ്ഞു.
സ്ഥിരതയുള്ള രാജ്യമാകാൻ സ്വന്തം കാലിൽ നിൽക്കുക എന്നത് അത്യാവശ്യമാണ്. ഞങ്ങളുടെ പ്രശ്നത്തിന് പരിഹാരം രാജ്യത്തിനുള്ളിൽ തന്നെയാണ്. പാകിസ്താന്റെ പ്രശ്നങ്ങൾക്ക് അന്താരാഷ്ട്ര നാണ്യ നിധിക്ക് ഒന്നും ചെയ്യാനാകില്ല. ആരും പാകിസ്താനിൽ നിയമവും ഭരണഘടനയും അനുസരിച്ചില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് വിഴിവെച്ചതെന്നും ഖ്വാജ കുറ്റപ്പെടുത്തി. പാകിസ്താന്റെ കടം ഒരു വർഷത്തിനുള്ളിൽ 23 ശതമാനം ഉയർന്നുവെന്നും 75 വർഷത്തിനിടെ രാജ്യം 23 ാം തവണയാണ് ഐ.എം.എഫിനോട് വായ്പക്കായി യാചിക്കുന്നതെന്നും ആസിഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

