ഗസ്സയിൽ 35 ദിവസം മാത്രം പ്രായമായ കുരുന്ന് പട്ടിണി കിടന്ന് മരിച്ചു; ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെ വീണ്ടും വെടിവെപ്പ്, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 116 പേർ
text_fieldsഗസ്സ: വെടിനിർത്തൽ കരാർ സംബന്ധിച്ച ചർച്ചകൾ നടക്കുമ്പോഴും ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. ഭക്ഷണംവാങ്ങാനെത്തുന്ന സാധാരണക്കാർക്ക് നേരെയുള്ള വെടിവെപ്പ് ഇസ്രായേൽ തുടരുകയാണ്. യു.എൻ ഭക്ഷണവിതരണകേന്ദ്രങ്ങൾ ഗസ്സ ജനതയെ കൊല്ലാനുള്ള മരണക്കെണിയാക്കിയാണ് ഇസ്രായേൽ മാറ്റുന്നത്.
ഗസ്സ നഗരത്തിലെ അൽ-ശിഫ ആശുപത്രിയിലാണ് 35 ദിവസം മാത്രമായ കുരുന്ന് പോഷകാഹാര കുറവ് മൂലം മരിച്ചത്. ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സലാമിയ തന്നെയാണ് മരണവിവരം അറിയിച്ചത്. ഇതോടെ ശനിയാഴ്ച പട്ടിണിമൂലം ഗസ്സയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
ഗസ്സയിൽ പോഷകാഹാര കുറവ് മൂലം 17,000 കുട്ടികൾ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ അറിയിച്ചു. പല ആശുപത്രികളുടേയും എമർജൻസി വാർഡുകൾ നിറഞ്ഞിരിക്കുകയാണ്. അതേസമയം, ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 116 പേർ മുനമ്പിൽ കൊല്ലപ്പെട്ടു. ഇതിൽ 38 പേർ ഭക്ഷണവിതരണ കേന്ദ്രങ്ങളിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.
ഖാൻ യൂനിസിന് വടക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഭക്ഷ്യവിതരണകേന്ദ്രത്തിലും റഫക്ക് സമീപമുള്ള കേന്ദ്രത്തിലുമാണ് ആളുകൾ കൊല്ലപ്പെട്ടത്. ഏകദേശം 900 പേരെങ്കിലും യു.എസ് പിന്തുണയുള്ള ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
ഇസ്രായേൽ ആക്രമണം അതിരൂക്ഷമായി തുടരുന്നതിനിടെ ഗസ്സയിലെ നൂറുകണക്കിന് വിദ്യാർഥികൾ കഴിഞ്ഞ ദിവസം സെക്കൻഡറി പരീക്ഷയെഴുതി. യുനിവേഴ്സിറ്റി പഠനമെന്ന സ്വപ്നത്തിലേക്കുള്ള അവരുടെ ആദ്യ ചുവടുവെപ്പാണ് പരീക്ഷ. ഈമാസം ആദ്യമാണ് ശനിയാഴ്ച പരീക്ഷ നടത്തുമെന്ന് ഗസ്സ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.
ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടങ്ങിയ ഒക്ടോബർ 2023ന് ശേഷം ഇതാദ്യമായാണ് ഗസ്സയിൽ ഒരു പരീക്ഷ നടക്കുന്നത്. 1500 വിദ്യാർഥികൾ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

