പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റുകൾ! വെബ്സൈറ്റിലെ പിഴവ് ശ്രദ്ധയിൽപെട്ടതോടെ ഫിഫ ബുക്കിങ് റദ്ദാക്കി
text_fieldsന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പിനായി വെബ്സൈറ്റിലെ സാങ്കേതികപ്പിഴവ് മൂലം സൗജന്യമായി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകർക്ക് തിരിച്ചടി. സാങ്കേതിക തകരാർ കാരണം പൂജ്യം ഡോളർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കിയ ഏകദേശം 60 പേരുടെ ടിക്കറ്റുകൾ ഫിഫ റദ്ദാക്കി. ടിക്കറ്റുകൾ നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ തുക നൽകി വീണ്ടും ബുക്ക് ചെയ്യാൻ ഫിഫ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.
മെയ് 21-ന് നടന്ന ബുക്കിംഗിനിടെയാണ് വെബ്സൈറ്റിൽ പിഴവ് സംഭവിച്ചത്. ചെക്ക്ഔട്ട് പ്രക്രിയയിലെ സാങ്കേതിക തകരാർ മൂലം ടിക്കറ്റുകൾ സൗജന്യമായി ബുക്ക് ചെയ്യാൻ ചിലർക്ക് സാധിച്ചു. പിഴവ് തിരിച്ചറിഞ്ഞതിനെത്തുടർന്ന്, ടിക്കറ്റുകൾ ഫിഫ റദ്ദാക്കുകയായിരുന്നു.
ബാധിക്കപ്പെട്ട ആരാധകർക്ക് ഫിഫ അയച്ച ഇമെയിലിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ഇടപാടുകൾക്കായി ആരാധകർ തുക നൽകിയിട്ടുണ്ടെങ്കിൽ അത് തിരികെ നൽകുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ആരാധകർക്ക് ടിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ഒരു അവസരം കൂടി ഫിഫ നൽകുന്നുണ്ട്. റദ്ദാക്കിയ ടിക്കറ്റുകൾ നിലവിൽ ആ ആരാധകർക്കായി തന്നെ റിസർവ് ചെയ്തിട്ടുണ്ട്.
ഇമെയിൽ ലഭിച്ച തീയതി മുതൽ 7 ദിവസത്തിനുള്ളിൽ കൃത്യമായ തുക നൽകി ടിക്കറ്റുകൾ വീണ്ടും സ്വന്തമാക്കാം. ഈ സമയപരിധിക്കുള്ളിൽ പണമടച്ചില്ലെങ്കിൽ, ടിക്കറ്റുകൾ പൂർണ്ണമായും റദ്ദാക്കപ്പെടും. ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഫിഫ, ആരാധകർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
ലോകകപ്പ് ടിക്കറ്റ് നിരക്കുകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കിടെയാണ് ഈ സംഭവം നടക്കുന്നത്. നേരത്തെ, ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ ടിക്കറ്റുകൾ ഏകദേശം 2.3 ദശലക്ഷം ഡോളർ (ഏകദേശം 19 കോടി രൂപയിലേറെ) വിലക്ക് റീസെയിൽ സൈറ്റിൽ വന്നത് വലിയ വാർത്തയായിരുന്നു. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനായുള്ള ഈ ടിക്കറ്റ് നിരക്കുകൾ കടുത്ത വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

