ജലം ആയുധമാക്കുന്നു: ഇന്ത്യക്കെതിരെ ആരോപണവുമായി പാകിസ്താൻ
text_fieldsഇസ്ലാമബാദ്: സിന്ധു നദിജല കരാർ ഇന്ത്യ റദ്ദാക്കിയതിനെത്തുടർന്ന്, ഇന്ത്യ ജലത്തെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്ന് പാകിസ്താൻ ആരോപണം. ചെനാബ് നദിയിൽ രണ്ട് പുതിയ ജലവൈദ്യുത പദ്ധതികൾ നിർമ്മിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെയും പാകിസ്താൻ ശക്തമായി വിമർശിച്ചു. ചെനാബ് നദിയിൽ ഇന്ത്യ നിർമിക്കുന്ന രണ്ട് വൻകിട ജലവൈദ്യുത പദ്ധതികൾ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
ഇന്ത്യ നിർമിക്കുന്ന പുതിയ രണ്ട് പദ്ധതികൾ തങ്ങളുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണെന്ന് പാകിസ്താൻ വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി കുറ്റപ്പെടുത്തി. ഇത് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥക്ക് മാത്രമല്ല, പ്രാദേശിക സ്ഥിരതക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായും പാകിസ്താൻ ആരോപിച്ചു.
അതിർത്തി കടന്നുള്ള ജലപാതകളുടെ ഒഴുക്ക് മാറ്റാനുള്ള ഏതൊരു ശ്രമത്തെയും "യുദ്ധപ്രവൃത്തി"യായി കണക്കാക്കുമെന്നും,കൂടാതെ 1960 ലെ കരാറിൽ നിന്ന് ഇരു രാജ്യങ്ങൾക്കും ഏകപക്ഷീയമായി പിന്മാറാൻ ഒരു സംവിധാനവുമില്ലെന്നും പാകിസ്താൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇത് തങ്ങളുടെ 25 കോടിയോളം വരുന്ന ജനങ്ങളുടെ ഭക്ഷ്യ-സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണെന്നും പാകിസ്താൻ ആരോപിച്ചു.
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നാണ് ഇന്ത്യ സിന്ധു നദിജല കരാർ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്. അതിർത്തികടന്നുള്ള ഭീകരവാദം പാകിസ്താൻ പൂർണ്ണമായും അവസാനിപ്പിക്കാതെ കരാറുമായി മുന്നോട്ട് പോകില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. കരാർ നിർത്തിവെച്ചതോടെ നദികളിലെ ജലനിരപ്പ്, അണക്കെട്ടുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവെക്കുന്ന പതിവ് സംവിധാനം ഇല്ലാതായി.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നദികളിൽ വികസന പദ്ധതികൾ നടപ്പിലാക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ അണക്കെട്ടുകളിലെ ചെളി നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സുരക്ഷയ്ക്കും ഊർജ്ജ ആവശ്യങ്ങൾക്കും അത്യന്താപേക്ഷിതമാണ്. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ ജലത്തർക്ക സംബന്ധമായ ഇടപെടലുകളെ ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ഇത് നിയമവിരുദ്ധമായി രൂപീകരിച്ച ഒരു സമിതിയെന്ന നിലയിൽ അതിന്റെ ഒരു നിർദ്ദേശവും ഇന്ത്യ അംഗീകരിക്കില്ലെന്നാണ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

