നിർണായക ധാതുക്കളുടെ ആയുധവത്കരണം പാടില്ലെന്ന് ബ്രിക്സ്
text_fieldsന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ രണ്ടാം ദിനത്തിൽ ഭാരത് മണ്ഡപത്തിൽ ഗ്രൂപ്
ഫോട്ടോക്കായി അണിനിരന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, ഇത്യോപ്യൻ പ്രധാനമന്ത്രി അബി അഹ്മദ് അലി തുടങ്ങിയവർ
ന്യൂഡൽഹി: സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെയുള്ളവക്ക് ഉപയോഗിക്കുന്ന നിർണായക ധാതുക്കളുടെയും ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെയും ആയുധവത്കരണത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പോടെ ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടി ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ സമാപിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ തുടങ്ങിയ രാഷ്ട്ര നേതാക്കളും സമാപന ചടങ്ങിൽ സംസാരിച്ചു. ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ ചർച്ചയിൽ ബ്രിക്സിലെ 11 അംഗരാജ്യങ്ങൾക്കു പുറമെ 10 പങ്കാളിത്ത രാജ്യങ്ങൾകൂടി പങ്കെടുത്തു. ഇന്ത്യയിൽനിന്ന് അധ്യക്ഷ പദം ഏറ്റെടുക്കുന്ന ചൈന അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും.
നിർണായക ധാതുക്കളുടെ ആഗോള വിതരണ ശൃംഖലയിൽ ആധിപത്യം പുലർത്തുന്ന ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ബ്രിക്സ് ഉച്ചകോടിയിലെ സമാപന പ്രസംഗത്തിൽ മോദിയുടെ മുന്നറിയിപ്പ്. നിർണായക ധാതുക്കളുടെയും സാങ്കേതികവിദ്യയുടെയും കുത്തകവത്കരണവും ആയുധവത്കരണവും ആഗോള വളർച്ചക്കും വികസ്വര രാജ്യങ്ങളുടെ പുരോഗതിക്കും തടസ്സമാകുമെന്ന് മോദി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയുടെയും നിർണായക ധാതുക്കളുടെയും ആയുധവത്കരണം നാം പങ്കുവെക്കേണ്ട പുരോഗതിയെ തടസ്സപ്പെടുത്തും. അതിനാൽ, സാങ്കേതികവിദ്യ സ്വീകരിക്കുമ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്നതിൽ ഊന്നൽനൽകണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
വിഷയം ബ്രിക്സ് അംഗരാജ്യങ്ങൾ ചർച്ച ചെയ്തുവെന്നും ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തിയതെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറിയും ബ്രിക്സ് സമ്മിറ്റ് ഷേർപയുമായ സുധാകർ ദലേല വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഭവസമ്പന്നമായ രാജ്യങ്ങളിലെ ഖനന വിഭവങ്ങളുടെ നേട്ടത്തിന്റെ വിഹിതം എല്ലാവർക്കും ഉറപ്പാക്കുന്ന തരത്തിൽ വിശ്വസനീയവും വൈവിധ്യമാർന്നതും സുസ്ഥിരവും നീതിയുക്തവുമായ നിർണായക ധാതുവിതരണ ശൃംഖലകൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ന്യൂഡൽഹി പ്രഖ്യാപനത്തിലുണ്ട്.
അതോടൊപ്പം, ഓരോ രാജ്യത്തിന്റെയും ധാതു വിഭവങ്ങളിലേക്കുള്ള പരമാധികാര അവകാശവും, പൊതുനയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാനും നടപ്പാക്കാനും ഉള്ള അവകാശവും സംരക്ഷിക്കപ്പെടണം. കാർബൺ പുറന്തള്ളൽ കുറക്കുന്ന ഊർജ സാങ്കേതികവിദ്യകളുടെ വികസനം, ഊർജസുരക്ഷ, ഊർജ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി എന്നിവയിൽ നിർണായക ധാതുക്കൾക്ക് പ്രധാന പങ്കുണ്ടെന്നും ഡൽഹി പ്രഖ്യാപനം വ്യക്തമാക്കി.
യു.എസുമായുള്ള വ്യാപാര യുദ്ധത്തിനിടയിൽ സെമികണ്ടക്റ്റർ നിർമാണത്തിനുപയോഗിക്കുന്ന അപൂർവ ധാതുക്കളുടെയും അനുബന്ധ വസ്തുക്കളുടെയും കയറ്റുമതി നിയന്ത്രണങ്ങൾ ചൈന കർശനമാക്കിയിരുന്നു.
സ്മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് കാറുകൾ വരെയുള്ളവക്ക് ഉപയോഗിക്കുന്ന അതിന്റെ 90 ശതമാനവും ചൈനയാണ് നിലവിൽ സംസ്കരിച്ചെടുക്കുന്നത്. ഈ മേഖല വികസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യക്ക് നിർണായക ധാതുക്കളുടെ വിതരണം നിർണായകമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയിൽ മോദി വിഷയമുന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

