ഞങ്ങൾ ഭയക്കില്ല, തകരുകയുമില്ല
text_fieldsഇസ്രായേൽ ഭീകരാക്രമണം നടന്ന ഇറാനിലെ ദേശീയ ടെലിവിഷൻ ചാനലായ ഐ.ആർ.ഐ.ബിയിൽ മാധ്യമ പ്രവർത്തകനായ കശ്മീർ സ്വദേശി സഫർ മെഹ്ദി എഴുതുന്നു
എന്റെ അവസ്ഥയിൽ ആശങ്കപ്പെട്ട് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്ത എല്ലാവർക്കും ഹൃദയംഗമമായ നന്ദി. ആർക്കും ഇതുവരെ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല, തീർച്ചയായും ഞാനത് ചെയ്യും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്തിരുന്ന, തികച്ചും ഭയാനകമായ ഒരു രാത്രിയായിരുന്നു അത്.
നിങ്ങളിൽ പലരും അറിഞ്ഞതുപോലെ, തെഹ്റാനിലെ ഞങ്ങളുടെ IRIB ആസ്ഥാനത്ത് ഇന്നലെ സയണിസ്റ്റ് ഭരണകൂടം ബോംബാക്രമണം നടത്തി. അതൊരു ഭയാനകമായ യുദ്ധക്കുറ്റമായിരുന്നു-നമ്മുടെ ദൃഢനിശ്ചയത്തെയും ആത്മവീര്യത്തെയും തകർക്കാനും ഭയപ്പെടുത്താനും, നമ്മെ നിശബ്ദരാക്കാനും വേണ്ടി നടത്തിയ മനഃസാക്ഷിയില്ലാത്ത ഭീകരപ്രവർത്തനം. പക്ഷേ, ഗസ്സയിലും ബെയ്റൂത്തിലും തെഹ്റാനിലുമെല്ലാം മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതിലും കൊലപ്പെടുത്തുന്നതിലും അഭിമാനം കൊള്ളുന്ന ഒരു ഭരണകൂടത്തിന്റെ ക്രൂരത കൂടുതൽ തുറന്നുകാട്ടപ്പെടാൻ മാത്രമേ അതുപകരിച്ചിട്ടുള്ളൂ.
തിങ്കളാഴ്ച രാത്രി തുടരെത്തുടരെയുണ്ടായ സ്ഫോടനങ്ങളുടെ ആഘാതത്തിൽ ഐ.ആർ.ഐ.ബി ആസ്ഥാനം കുലുങ്ങിയപ്പോൾ, പുക നിറഞ്ഞ ഇടനാഴികളിലും വാർത്താ സ്റ്റുഡിയോകളിലും ‘അല്ലാഹു അക്ബർ’ വിളികൾ പ്രതിധ്വനിച്ചു. പ്രധാന പേർഷ്യൻ വാർത്താ സ്റ്റുഡിയോയിൽ ബോംബ് പൊട്ടിത്തെറിച്ചപ്പോഴും വാർത്താ അവതാരക സഹർ ഇമാമി പതറിയില്ല. അവരുടെ ഉറച്ച ശബ്ദം തുടർന്നു, ചരിത്രത്തിൽ രേഖപ്പെടുത്തി വെക്കപ്പെടേണ്ട ആ നിമിഷത്തിൽ ആ അക്രമി ഭരണകൂടത്തിനെതിരെ ഞാൻ കേട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ശക്തവും നിർഭയവുമായ കുറ്റപത്രം അവതരിപ്പിച്ചു.
ഭീരുക്കളായ സയണിസ്റ്റുകൾ നടത്തിയ ഭീകരാക്രമണത്തിൽ മിടുമിടുക്കരും ധീരരുമായ മൂന്ന് യുവ സഹപ്രവർത്തകരെയാണ് ഞങ്ങൾക്ക് നഷ്ടമായത്. ഭീരുക്കളുടെ ഭീകരാക്രമണത്തിന് ശേഷവും ഞങ്ങൾ പ്രക്ഷേപണം നിർത്തിയില്ല. സത്യം ആക്രമിക്കപ്പെടുമ്പോൾ, ഈ ചരിത്രപരമായ ചെറുത്തുനിൽപ് രേഖപ്പെടുത്തുന്നവരെ നിശബ്ദരാക്കാൻ ശത്രുക്കൾ എല്ലാം ചെയ്യുമ്പോൾ, പ്രക്ഷേപണം നിർത്താൻ കഴിയില്ല. ഈ കഥ പറയപ്പെടേണ്ടതുണ്ട് -നിന്ദ്യവും നിയമവിരുദ്ധവുമായ ഒരു ഭരണകൂടത്തെ ചെറുക്കുന്ന ഒരു ജനതയുടെ കഥ.
പരിക്കേറ്റ നിരവധി മാധ്യമപ്രവർത്തകർ ബാൻഡേജിട്ട കൈകളുമായി ജോലി തുടരുന്നു. ശത്രു എത്രതന്നെ ക്രൂരത കാണിച്ചാലും നാം നിശബ്ദരാകില്ല, തകർക്കാനും കഴിയില്ല. ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയതുപോലെ കുഞ്ഞുങ്ങളെ കൊല്ലുന്ന ആ ഭരണകൂടത്തിന്റെ നട്ടെല്ലാണ് തകർക്കപ്പെടുക. ഈ ഘട്ടത്തിലും ഗസ്സയിലെ ജനത അനുഭവിക്കുന്ന ഭയാനകതകൾ നാം മറക്കരുത്. അവരുടെ അവസ്ഥയുമായി തട്ടിച്ചുനോക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നത് ഒന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

